ശർക്കരയുപ്പേരി (ശർക്കരവരട്ടി)

ആവശ്യമുള്ള സാധനങ്ങൾ:

നേന്ത്രക്കായ - ഒരു കിലോ
ശര്‍ക്കര - 300 ഗ്രാം
ചുക്കുപൊടി - ഒന്നര ടീസ്പൂണ്‍
ജീരകപ്പൊടി - ഒന്നര ടീസ്പൂണ്‍
നെയ്യ് - രണ്ടു ടീസ്പൂണ്‍
പഞ്ചസാര - ഒരു ടേബിൾ സ്പൂണ്‍
സ്വല്പം മഞ്ഞൾപ്പൊടി
വെളിച്ചെണ്ണ - വറുക്കാനാവശ്യമായത്

ഉണ്ടാക്കുന്ന വിധം:

നേന്ത്രക്കായ തൊലികളഞ്ഞശേഷം മഞ്ഞൾപ്പൊടി ചേർത്ത വെള്ളത്തിൽ പതിനഞ്ചു മിനിട്ടോളം മുക്കിവയ്ക്കുക.

അതിനുശേഷം രണ്ടാക്കി വട്ടത്തില്‍ നുറുക്കിയെടുക്കുക. സാധാരണ കായവറുത്തതിന് നുറുക്കുന്നതിനേക്കാള്‍ കുറച്ചുകൂടി കനത്തിലായിരിയ്ക്കണം കഷ്ണങ്ങള്‍

ചൂടായ വെളിച്ചെണ്ണയിൽ കഷ്ണങ്ങളിട്ട് വറുക്കുക. ഇട്ട ഉടനെ നന്നായി ഇളക്കിക്കൊടുത്താൽ കഷ്ണങ്ങൾ ഒട്ടിപ്പിടിക്കാതിരിക്കും.

കനത്തിലുള്ള കഷ്ണങ്ങളായതിനാല്‍ നന്നായി മൂത്തുകിട്ടാന്‍ കുറച്ചു സമയമെടുക്കും. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. നല്ല പാകമായാല്‍ ഒരു ഇളം ബ്രൗണ്‍ നിറമായിരിയ്ക്കും; കണ്ണാപ്പയിൽ കോരിയെടുത്ത് കുലുക്കിനോക്കിയാൽ നല്ല കിലുകിലാ ശബ്ദം ഉണ്ടാവും.

വറുത്ത കഷ്ണങ്ങള്‍ ഒരു ന്യൂസ്പേപ്പറിലോ മറ്റോ പരത്തിയിട്ട് ചൂടാറാന്‍ വയ്ക്കുക

ഈ സമയംകൊണ്ട് ശർക്കരപ്പാവ് തയ്യാറാക്കാം. ശര്‍ക്കര കുറച്ചു വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുത്തശേഷം ചുവടു കട്ടിയുള്ള ഒരു പാത്രത്തിലാക്കി അടുപ്പത്തുവച്ച് തുടരെ ഇളക്കുക. കുറച്ചുകഴിയുമ്പോള്‍ വെള്ളം വറ്റി കുറുകാന്‍ തുടങ്ങും. അപ്പോള്‍ തീ കുറയ്ക്കണം. ഇളക്കുന്ന ചട്ടുകം ഇടയ്ക്കിടെ ഉയര്‍ത്തിപ്പിടിച്ച് അതില്‍ നിന്നു ഇറ്റുവീഴുന്ന തുള്ളികള്‍ നിരീക്ഷിയ്ക്കുക. ഇറ്റുവീഴല്‍ ക്രമേണ സാവധാനത്തിലായിവന്ന് അവസാനം ഒരു നൂല്‍പോലെ ആവുന്നതാണ് പാകം. ഈ പരുവത്തില്‍ വാങ്ങിവച്ച് ചുക്കുപൊടിയും ജീരകപ്പൊടിയും ചേര്‍ത്തിളക്കിയശേഷം കായവറുത്തതും നെയ്യും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശര്‍ക്കര എല്ലാ കഷ്ണങ്ങളിലും ഒരുപോലെ പിടിച്ചിരിയ്ക്കുന്ന വിധത്തില്‍ നന്നായി ഇളക്കണം.

ഇളക്കിയോജിപ്പിച്ച സമയത്ത് എല്ലാം കൂടി ഒരുമാതിരി കുഴഞ്ഞ പരുവത്തിലായിരിയ്ക്കുമെങ്കിലും ചൂടാറുന്തോറും കട്ടിയാവാന്‍ തുടങ്ങും. അപ്പോള്‍ ഒന്നുകൂടി നന്നായി ഇളക്കി, കട്ടപിടിച്ചിരിയ്ക്കുന്ന കഷ്ണങ്ങളുണ്ടെങ്കിൽ അവ ചൂടാറുന്നതിനുമുമ്പേതന്നെ വേര്‍പെടുത്തിവയ്ക്കണം. തണുത്തശേഷം വേർപെടുത്താൻ നോക്കിയാൽ പൊട്ടിപ്പോയെന്നുവരാം.

നന്നായി ചൂടാറിയാല്‍ ശര്‍ക്കര‌ഉപ്പേരി റെഡി!

കുറിപ്പ്:

വറുക്കാനുപയോഗിക്കുന്ന വെളിച്ചെണ്ണ പഴകിയതോ, മറ്റെന്തെങ്കിലും വറുക്കാനുപയോഗിച്ചതോ ആയിരിക്കരുത്
നേന്ത്രക്കായ നല്ലവണ്ണം മൂത്തതായിരിക്കണം; എന്നാൽ പഴുപ്പ് തട്ടിയതായിരിക്കരുത്.

വറുത്തുകോരിയ ഉപ്പേരിയുടെ ഏകദേശം പകുതി അളവാണ് ശർക്കര എടുക്കാറു. അതായത്, ഒരു കിലോ കായ വറുത്ത ഉപ്പേരി ഏകദേശം 600 ഗ്രാം ഉണ്ടായിരുന്നു. അങ്ങനെ ശർക്കര 300 ഗ്രാം . ഈ അളവിൽ എടുത്താൽ ശർക്കരപ്പാവ് ഏതാണ്ട് കൃത്യമായിരിക്കും. ശർക്കരയുടെ അളവ് കൂടിപ്പോയാൽ അവസാനം ശർക്കരപ്പൊടി ബാക്കിയാവും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post