കറുത്ത ഹല്‍വ

ചേരുവകള്‍:
1. ഗോതമ്പ് – 1 കിലോ
2. തേങ്ങ തിരുമിയത് -1 കിലോ
3. ശര്‍ക്കറ -3 കിലോ
4. നെയ്യ് കട്ടിയായിട്ടുള്ളത് -ഒരു കപ്പ്
5. വനസ്പതി – ഒരു കപ്പ്
6. കശുവണ്ടി ചെറുതായി അരിഞ്ഞത് – കാല്‍കിലോ
7. ഏലയ്ക്ക തരിയില്ലാതെ പൊടിച്ചത് – 2 വലിയ സ്പൂണ്‍.


പാകം ചെയ്യുന്ന വിധം:-

ഗോതമ്പ് രണ്ടു ദിവസം കുതിര്‍ത്തു വെയ്ക്കണം. പുളിച്ചു പോകാതിരിക്കാന്‍ രാവിലെയും രാത്രിയിലും വെള്ളം മാറ്റി കുതിര്‍ത്തു വെയ്ക്കണം. മൂന്നാം ദിവസം ഈ ഗോതമ്പ് നന്നായി ആട്ടിയെടുക്കണം. ഈ ഗോതമ്പുമാവ് ഒരു തോര്‍ത്തില്‍ കെട്ടി അരിച്ചെടുക്കണം. അരിച്ചെടുക്കുന്ന മാവിന്റെ കട്ടി ഉപേക്ഷിക്കണം. ബാക്കിവരുന്ന മാവ് ഒരു പാത്രത്തില്‍ അനക്കാതെ വയ്ക്കണം. രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ മാവ് തെളിഞ്ഞ് വെള്ളം മുകളില്‍ വരും. വെള്ളം ഊറ്റിക്കളഞ്ഞശേഷം വീണ്ടും വെള്ളമൊഴിക്കുക.
ശര്‍ക്കര പത്തു കപ്പ് വെള്ളത്തില്‍ കലക്കി അരിച്ചെടുക്കുക. തേങ്ങാപ്പാലും പത്തു കപ്പ് വെള്ളതില്‍ പിഴിഞ്ഞെടുക്കണം.
വലിയ ഉരുളിയില്‍ ആദ്യം കലക്കി വെച്ച ഗോതമ്പുമാവും പിന്നീട് ശര്‍ക്കരയും അതിനുശേഷം തേങ്ങാപ്പാലും കുറച്ചു വീതം ചേര്‍ക്കുക. നന്നായി ഇളക്കിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏകദേശം രണ്ടരമണിക്കൂര്‍ നല്ല ചൂടില്‍ ഇളക്കി കഴിയുമ്പോള്‍ ഇതു കുഴമ്പു രൂപത്തിലാവും. ഇതിലേക്ക് നെയ്യ് കുറച്ചുവീതം ചേര്‍ക്കുക. വീണ്ടും ഇളക്കി കുഴമ്പുരൂപം കട്ടിപിടിക്കാന്‍ തുടങ്ങുമ്പോള്‍ വനസ്പതി ചേര്‍ക്കാം. നല്ല കട്ടി രൂപത്തില്‍ ആവുമ്പോള്‍ തീ പിരിച്ച് കനലില്‍ ഇടുക. ഈ സമയത്തു കശുവണ്ടിയും ഏലയ്ക്കാപൊടിയും ചേര്‍ത്തു വീണ്ടും ഇളക്കുക.
കുഴമ്പു രൂപത്തിലായ മിശ്രിതം അച്ചു പാത്രങ്ങളില്‍ ഒഴിച്ചുവെയ്ക്കുക. അച്ചുപാത്രങ്ങളില്‍ മിശ്രിതം ഒഴിക്കുമ്പോള്‍ നന്നായി അമര്‍ത്തി വയ്ക്കണം. 12 മണിക്കൂര്‍ കഴിഞ്ഞ് ഉപയോഗിക്കാം. മൂന്നുകിലോ ശര്‍ക്കരയ്ക്കു പകരം രണ്ടരകിലോ ശര്‍ക്കരയും അരക്കിലോ പഞ്ചസാരയും ഉപയോഗിച്ചും ഈ കൂട്ട് ശരിയാക്കാം. രുചി കൂട്ടാന്‍ കശുവണ്ടിയുടെ അളവു കൂട്ടാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post