This is my Puttu & I am the Kadala :
By:Mabel Vivera

ഞാൻ പുട്ടുണ്ടാക്കിയ കഥ അല്ല, വളരെ രുചികരമായ ഒരു പുട്ട് കഴിച്ച കഥ പറഞ്ഞാലോ എന്ന് ആലോചിക്കുവാ.. ഇത് ലുലു മാള്ളിൽ ഇമ്മടെ ചങ്ങായി ദിലീപ് നടത്തണ പുട്ട് കട പോലെ സ്റ്റയിലൻ കടയിൽ നിന്നൊന്നും അല്ലാട്ടോ..
പണ്ട്, ഒരു പത്തു പന്ത്രണ്ടു കൊല്ലം മുൻപ് കൊച്ചിയിൽ നിന്നും കണ്ണമാലി -ചെല്ലാനം വഴി അർത്തുങ്കൽ പള്ളിയിൽ പോകാൻ ഇറങ്ങി തിരിച്ചു. പോകുന്ന വഴിക്കാണ് അന്ധകാരനഴി.... ഭൂമിയുടെ ഒരു കോണിൽ എത്തിപ്പെട്ടത് പോലെ തോന്നി അവിടെയെത്തിയപ്പോൾ, നട്ടുച്ചയ്ക്കും ഇരുട്ട് പോലെ.. ആകാശം തൊട്ടു തൊട്ടില്ലാ, ഭൂമിയും കടലും ആകാശവും ഒത്തു ചേർന്ന് ഒരു പ്രത്യേകത തോന്നുന്ന സ്ഥലം..
പുരോഗമാനത്തിന്റെതെന്നു നമ്മൾ കരുതുന്ന ചിഹ്നങ്ങൾ അന്ന് അങ്ങനെ അവിടെ ഇല്ല..
കുറച്ചു ഓലപ്പുരകളും, ഓടു മേഞ്ഞ വിരളം വീടുകളും ..കള്ളുഷാപ്പുകളും ഉണ്ട് കേട്ടോ ഇടയ്ക്കൊക്കെ
``അർത്തുങ്കലെ പള്ളിയിൽ ചെന്നിട്ടു ഇന്ന് ഈശോയെ കണ്ടിട്ട് ഒന്ന് ഓശാന പാടാം" .. എന്ന് പറഞ്ഞു ഇറങ്ങി തിരിച്ചതാണേ.. പോകുന്ന വഴിക്ക് നല്ല വിശപ്പിന്റെ വിളി .. വീട്ടിലെ അമ്മാമ്മയോടു പള്ളിയിൽ പോകുന്ന വഴിക്ക് വിശന്നു എന്നെങ്ങാനും പറഞ്ഞാൽ ചെവി ചുവന്നു നീളം വെയ്ക്കും, കൂടാതെ അതു ചെകുത്താന്റെ തട്ടിപ്പാണ് എന്ന് പറഞ്ഞു മുട്ടിൽ കിടന്നു ഉള്ള പ്രാർത്ഥന എല്ലാം ചൊല്ലിക്കും.. അമ്മാമ്മ കൂടെ ഇല്ലാഞ്ഞത് ഭാഗ്യം..
അന്ധകാരനഴി ഭാഗത്ത്‌ ഇരുന്നു ഭക്ഷണം കഴിക്കാൻ പറ്റിയ ഒരു ചായക്കട കാണുന്നില്ല,
അവസാനം കള്ള് ഷാപ്പും വീടും കൂടി ചേർന്നത്‌ പോലെ ഒരു സ്ഥലം കണ്ടു.. പേരും സ്ഥലവും ചോദിച്ചു പരിചയപ്പെട്ടപ്പോൾ കത്രീന ചേട്ടത്തിക്കു വലിയ സഹതാപോം സ്നേഹോം .. കൈക്കുഞ്ഞിനെ വെച്ച് പട്ടിണിക്കിരിക്കുന്നതു കുരുത്തക്കേടാണ് എന്നാണ് പുള്ളിക്കാരിയുടെ പക്ഷം.
ഹും.. കർത്താവ്‌ തമ്പുരാൻ ആയിട്ട് അയച്ചു തന്നതാ ഈ ചേട്ടത്തിയെ ..
പട്ടിണി കിടക്കുന്നവന്റെ കണ്ണീർ തുടയ്ക്കാൻ എന്റെ അടുത്തേയ്ക്ക് ദൈവം അയച്ച മാലാഖയാണല്ലോ ചുറ്റും ഒരു വെളിച്ചമുണ്ടല്ലോ എന്നൊക്കെ ഉള്ള ബഹുമാനത്തിൽ ഞാൻ ഇരുന്നു ഇരുന്നില്ലാ എന്ന മട്ടിൽ ആ വരാന്തയിൽ സ്ഥാനം ഉറപ്പിച്ചു..
അപ്പോളാണ് ഷാപ്പ്‌ സ്പെഷ്യൽ ഞണ്ട് കറിയും പുട്ടും തരാം എന്ന് പറഞ്ഞത്.. ചേട്ടായി കേട്ട പാതി കേൾക്കാത്ത പാതി ചാടി വീണു. ചേട്ടായിയുടെ മനസ്സിൽ മാത്രമല്ല തല നിറച്ചും ലഡ്ഡു പൊട്ടിയ പോലെ ആയി.
ചുമന്ന എരിവുള്ള കറി കണ്ടു വിജ്രംബിച്ചു നിന്ന എന്നോട് ചേട്ടത്തീടെ ശോദ്യം - ''കടല മതിയാ?'' .. ഉവ്വേ ധാരാളം മതിയേ എന്ന് ഞാനും.
ചിരട്ടയിൽ ഉണ്ടാക്കിയ നല്ല ഒന്നാന്തരം അരിപ്പുട്ടും വറുത്തരച്ച കടലകറിയും വാഴയിലയിൽ വിളമ്പി തന്നു, ഞാൻ നല്ല വെടുപ്പായി കഴിച്ചു.. (അത് പിന്നെ എടുത്തു പറയേണ്ടല്ലോ അല്ലേ..)
അങ്ങനെ വല്ലാതെ വിശന്നിരുന്നു കഴിച്ചിട്ടാണോ, വെള്ള ചട്ടയും മുണ്ടും ഉടുത്തു നല്ല സ്നേഹത്തോടെ കത്രീന ചേടത്തി വിളമ്പി തന്നിട്ടാണോ എന്നറിയില്ല ആ ചിരട്ട പുട്ടും കടലക്കറിയും ഓർമകളിൽ ഇന്നും മങ്ങൽ ഏൽക്കാതെ നിൽക്കുന്നു.

ചിരട്ടപുട്ട് വെയ്ക്കാൻ നിങ്ങള്ക്ക് ഞാൻ പറഞ്ഞു തരേണ്ടല്ലോ അല്ലേ:
ഇടത്തരം ചിരട്ടയുടെ കണ്ണുള്ള മുറി എടുക്കുക. ചിരട്ട ആകെ ചുരണ്ടി നാരു കളഞ്ഞെടുത്തു, നടുക്കുള്ള കണ്ണ് നീക്കം ചെയ്യുക - ഈ തുളയിലൂടെ ആണ് പുട്ടിലേക്ക് ആവി കയറേണ്ടത്. കഴുകി വൃത്തിയാക്കിയ ചിരട്ട കുറച്ചു സമയം വെള്ളത്തിൽ മുക്കി വെച്ചിട്ട് ഉപയോഗിക്കുക. ചിരട്ടയിൽ ആദ്യമൊക്കെ പുട്ടു വെയ്ക്കുമ്പോൾ ചിരട്ടയുടെ ബ്രൌണ്‍ നിറം പുട്ടിൻറെ പുറം ഭാഗത്ത്‌ വന്നേക്കും
ചിരട്ടയിൽ ആദ്യം കുറച്ചു പീരയും പിന്നെ കുഴച്ചു വെച്ച അരിപ്പൊടിയും ഇടുക.. മുകളിൽ കുറച്ചു കൂടി പീര ചേർക്കാം ..പ്രഷർ കൂക്കറിൽ വെള്ളം തിളച്ചു ആവി വരുമ്പോൾ, വെയിറ്റ് ഇടുന്നതിനു പകരം ചിരട്ട എടുത്തു വെയ്ക്കുക.. ചിരട്ടയിൽ തുളച്ച കണ്ണിന്റെ ഭാഗം കുക്കറിൽ ആവി വരുന്ന ഇടത്ത് നല്ലത് പോലെ ഉറപ്പിച്ചു വെയ്ക്കുക, ചിരട്ടയിൽ വെച്ച മാവിന്റെ മുകളിൽ ആവി വന്നു തുടങ്ങി രണ്ടു മൂന്ന് മിനിറ്റാകുമ്പോൾ പുട്ട് തയ്യാർ..

വറുത്തരച്ച കടലക്കറി:
~~~~~~~~~~~~~~
1. വെള്ളത്തിൽ കുതിർത്തു വെച്ച കടല (കറുത്ത കടല ഒരു കപ്പു) ഉപ്പു ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക.
2. ചട്ടിയിൽ എണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി തക്കാളി പച്ചമുളക് ഇവ അരിഞ്ഞത് വഴറ്റി എടുക്കുക.
3. ഇതിലേക്ക് മസാല കൂട്ട് കുറച്ചു വെള്ളത്തിൽ കുഴമ്പ് രൂപത്തിൽ കലക്കിയത് ചേർക്കുക. [മസാല കൂട്ട് - മല്ലിപ്പൊടി 2 tsp, മുളക്പൊടി 1 tsp, ഗരം മസാല - 12/ tsp, കുരുമുളക് പൊടി, മഞ്ഞൾ പൊടി ഓരോ നുള്ള് വീതം ].
4. ഈ കൂട്ട് വഴന്നു പാകമാകുമ്പോൾ, ഇതിലേക്കു വേവിച്ചു വെച്ച കടല വെള്ളത്തോട് കൂടി തന്നെ ചേർക്കുക
5. വേറൊരു ചട്ടിയിൽ വറുത്തു അരയ്ക്കുന്നതിനു വേണ്ട ചേരുവകൾ എണ്ണയിൽ മൂപ്പിച്ചെടുക്കുക. അര കപ്പു തേങ്ങാപ്പീര, ഉണക്ക മുളക് - 3/4 എണ്ണം, മല്ലി - 1 tbs, ഒരു നുള്ള് ജീരകം (cumin). ഇവ നല്ല ബ്രൌണ്‍ നിറം ആകുന്നതു വരെ വറുക്കുക ഇത് വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുക്കുക - ഈ അരപ്പിലേക്ക് 1 tbsp പുഴുങ്ങിയ കടല കൂടി ചേർത്താൽ നല്ല രുചി ആയിരിക്കും, കറി നല്ലത് പോലെ കുറുകിയും ഇരിക്കും.
6. ഈ അരപ്പ് തിളയ്ക്കുന്ന കടലക്കറിയിലേക്ക് ചേർക്കുക. കറി പാകമായി കുറുകി വരുമ്പോൾ കടുക് താളിച്ച്‌ ചേർക്കുക [കടുക് താളിക്കാൻ - എണ്ണ, കടുക്, ചുവന്നുള്ളി അരിഞ്ഞത്, വറ്റൽ മുളക്, കറിവേപ്പില, തേങ്ങാക്കൊത്ത്]
_____________________
നമ്മുടെ അമ്മച്ചിമാര് വെച്ച് തരുന്ന രുചി വരില്ലാ എങ്കിലും നമ്മൾക്കും ശ്രമിക്കുന്നതിൽ തെറ്റില്ല്യാലോ..
ഉരലിൽ ഇടിച്ചു അരി പൊടിച്ചു തീ കത്തിച്ചു അടുപ്പിൽ ചെമ്പ് ഉരുളി വെച്ച് വറുത്തെടുത്ത അരിപ്പൊടി പോലെ ആകുമോ പാക്കറ്റിൽ കിട്ടുന്ന പൊടി..
ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌ ?!

1 Comments

Our Website is One of the Largest Site Dedicated for Cooking Recipes

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post