മഴക്കാലമെന്നത് ആയുര്‍വേദ പ്രകാരം ചികിത്സകളുടെ കാലമാണ്, ഉഴിച്ചിലും പിഴിച്ചിലും എന്നുവേണ്ട മഴക്കാലത്തെ ഭക്ഷണക്രമത്തിനും ആയുര്‍വേദം ഒട്ടേറെ രീതികള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മുമ്പൊക്കെയാണെങ്കില്‍ മഴക്കാലത്ത് പറമ്പില്‍ കിളിര്‍ക്കുന്ന തകരയില, നെയ്ച്ചീര, തഴുതാമയില തുടങ്ങിയ പല ഇലവര്‍ഗങ്ങളും കറിവച്ച് കഴിയ്ക്കുക ശരാശരി മലയാളിക്കുടുംബങ്ങളിലെ പതിവായിരുന്നു.
എന്നാല്‍ ഇന്ന് പറമ്പുകളില്ലാതാവുകളും സസ്യവര്‍ഗങ്ങള്‍ പലതും നശിയ്ക്കുകയും ചെയ്തതോടെ ഇക്കാര്യങ്ങളൊന്നും സാധിയ്ക്കാതെയായി.
പഞ്ഞ മാസമെന്ന് അറിയപ്പെടുന്ന കര്‍ക്കിടകത്തില്‍ ശരീരരക്ഷയ്ക്ക് വന്‍ പ്രാധാന്യമാണ് ആയുര്‍വേദം കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്.
കര്‍ക്കിടക മാസത്തില്‍ ദേഹരക്ഷയ്ക്കായി തയ്യാറാക്കി ഉപയോഗിക്കുന്ന ഔഷധ കഞ്ഞിയാണ് കര്‍ക്കിടകക്കഞ്ഞി. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം നിലനിര്‍ത്തുകയുമാണ് ഈ ഗൃഹ ഔഷധസേവയുടെ ഉദ്ദേശം. മുമ്പ്, തൊടിയില്‍ നിന്നും ഔഷധങ്ങള്‍ പറിച്ച് അവ ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കുകയായിരുന്നു പതിവ്

23 മുതല്‍ 30 വരെ ആയുര്‍ വേദ ഔഷധങ്ങളുടെ കൂട്ടാണ് ഈ ഔഷധ കഞ്ഞിക്കൂട്ടില്‍ ഉള്ളത്.
കുറുന്തോട്ടിവേര്,
കരിങ്കുറിഞ്ഞി,
അരിയാറ്,
ജീരകം,
ഉലുവ,
അയമോദകം,
ആശാളി,
പുത്തരിച്ചുണ്ട വേര്,
ചുക്ക് എന്നിവയാണ് ഇതിലെ പ്രധാന ഇനങ്ങള്‍.

തഴുതാമ,
കൈയ്യോന്നി,
മുയല്‍ച്ചെവിയന്‍,
മുക്കുറ്റി,
തിരുതാളി,
വിഷ്ണുകാന്തി
തുടങ്ങിയ ദശപുഷ്പങ്ങളും ഇതോടൊപ്പം ചേര്‍ക്കാറുണ്ട്.ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരില്‍ കഞ്ഞിവെച്ച് കുടിക്കുക.

ഞവരയരിയാണ് കഞ്ഞിക്കായി ഉപയോഗിക്കുക. പൊടിയരി, ഗോതമ്പ്, പച്ചരി, ചെറുപയറ് തുടങ്ങിയ ധാന്യങ്ങള്‍ ഒറ്റയ്‌ക്കോ കൂട്ടായോ കഞ്ഞിവച്ച് അതില്‍ ആവശ്യത്തിന് ഈ ഔഷധക്കൂട്ട് ചേര്‍ത്ത് ഉപയോഗിക്കാം.
ആവശ്യമെങ്കില്‍ പശുവിന്‍ പാലോ തേങ്ങാപ്പാലോ ചേര്‍ത്ത് ചുവന്നുള്ളി, ജീരകം എന്നിവയും കുറച്ച് നെയ്യും ചേര്‍ത്ത് മൂപ്പിച്ചെടുത്ത് കഞ്ഞിയില്‍ ചേര്‍ക്കാവുന്നതാണ്.
സ്വാദിനായി ശര്‍ക്കര, ഏലക്കാ, ഗ്രാമ്പൂ എന്നിവയും ചേര്‍ക്കാറുണ്ട്. ഈ കഞ്ഞി ചുരുങ്ങിയത് ഏഴ് ദിവസം കഴിക്കണം. കര്‍ക്കിടകം മുഴുവന്‍ കഴിക്കാനായാല്‍ അത്രയും നന്ന്.
ഇപ്പോള്‍, കര്‍ക്കിടക കഞ്ഞിക്കൂട്ട് എന്ന പേരില്‍ വിവിധ ആയുര്‍വേദ സ്ഥാപനങ്ങള്‍ കര്‍ക്കിടകക്കഞ്ഞിയുടെ കിറ്റുകള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്.
കര്‍ക്കിടകക്കഞ്ഞി കഴിക്കുമ്പോള്‍ മത്സ്യ മാംസങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. എരിവ്, ഉപ്പ്, പുളി ഇവ കുറയ്ക്കുക, കൊഴുപ്പും തണുപ്പുമുള്ള ആഹാരം ഒഴിവാക്കുക, ലഹരി പദാര്‍ത്ഥങ്ങള്‍ വര്‍ജ്ജിക്കുക, സസ്യാഹാരം ശീലിക്കുക, ഇലക്കറികള്‍ കൂടുതല്‍ ഉപയോഗിക്കുക.
കര്‍ക്കിടകത്തില്‍ എല്ലാ ദിവസവും ഔഷധ ഗുണമുള്ള കഞ്ഞി കുടിക്കുക. ചെയ്യുന്നത് ശരീരത്തിന് സ്വാഭാവികമായ ശക്തിയും രോഗപ്രതിരോധ ശേഷിയും കൈവരുത്തുന്നു. മരുന്നുകഞ്ഞി കുടിച്ചാല്‍ വാതം, പിത്തം, വായു, വിശപ്പില്ലായ്മ, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, മൂത്രത്തിലെ പഴുപ്പ്, അര്‍ശ്ശസ്സ് എന്നിവ ഇല്ലാതാകുമെന്ന് നാട്ടുവൈദ്യന്മാര്‍ പറയുന്നു. കരള്‍ വീക്കത്തിനും ഹൃദയത്തകരാറുകള്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ഇത് ശ്രേഷ്ഠമായ പ്രതിവിധിയാണ്.
ഈ ഔഷധക്കഞ്ഞി കഴിക്കുന്നതു മൂലം അഗ്‌നി ദീപ്തിയുണ്ടാവുന്നു. വാത സംബന്ധമായ അസുഖം, ധാതുക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവ ശമിക്കുന്നു. ദഹനപ്രക്രിയയെ സഹായിക്കുകയും സുഖവിരേചനം ഉണ്ടാക്കുകയും ചെയ്യുന്നു.
ആര്‍ത്തവ വിരാമം ഉണ്ടായ സ്ത്രീകള്‍ക്ക് കര്‍ക്കിടക കാലത്തുണ്ടാവുന്ന പുറം വേദന, വാത സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് പഥ്യത്തോടെ കര്‍ക്കിടക കഞ്ഞി സേവിക്കുന്നത് നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്. കര്‍ക്കിടക മാസത്തില്‍ കോശവിവേചനമാണ് ശരീരത്തില്‍ നടക്കുന്നത്. അതിനാല്‍ ഇത്തരം ഔഷധക്കഞ്ഞികള്‍ കഴിക്കുന്നത് നല്ലതാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post