എന്റെ വല്യമ്മച്ചി പറയും 2 വറ്റല് മുളകും, ഒരു കഷണം ഉണക്ക മഞ്ഞളിന്റെ തരിയും 4 വെളുത്തുള്ളീം 10 കുരുമുളക് മണിയും തേങ്ങ ചിരണ്ടിയതും കല്ലിൽ വെച്ച് ഒതുക്കി വേണം ഉണക്കുകപ്പ കുഴക്കാൻ എന്ന്. കറിവേപ്പില പോലും അമ്മച്ചിക്ക് നിര്ബന്ധമല്ല. എന്നാലും തീയേന്നു ഇറക്കുന്നതിനു മുന്നേ ഒരിത്തിരി പച്ചവെളിച്ചെണ്ണ ചുറ്റിച്ചു ഒഴിച്ച് നന്നായിഇളക്കണം - അന്നേരം രണ്ടു കരിയപ്പില അങ്ങ് ഞെരടി ചേർത്തേരെ എന്ന്. എന്നാ രുചിയാന്നോ
അങ്ങിനെ കുഴ്ച്ചതാണ് ഈ കപ്പയും. ഉണക്ക മഞ്ഞളിന് പകരം മഞ്ഞൾ പൊടി 1/4 സ്പൂണ്‍ ഇട്ടു.
ഉണക്ക മീൻ കറി
തുണ്ടൻ മീൻ (ഏതെങ്കിലും - ഇത് ശ്രാവ്) - 10-15 തുണ്ട്
ഏത്തക്ക - 1 (മീഡിയം) ചെണ്ട മുറിച്ചു നാലായി കീറിയത്
പച്ച മുളക് - 6 (എരിവു വേണ്ടതനുസരിച്ചു)
സവാള - 1 ചെറിയതിന്റെ പകുതി അരിഞ്ഞെടുത്ത്
കറി വേപ്പില - പകുതി തണ്ട് (4-5 ഇല)
കുടം പുളി - രണ്ടു ചുള
ഇത്രയും സാധനങ്ങൾ ഒരു കറി ചട്ടിയിൽ അല്പം വെള്ളവുമായി അടുപ്പത് വെക്കുക (മീൻ 4 മണിക്കൂർ എങ്കിലും വെള്ളത്തിൽ ഇട്ടു വെച്ചിരുന്നു ഉപ്പു കളഞ്ഞു എടുക്കണം- അരി കഴുകിയ കാടിയിൽ ഒരു തുണ്ട് ന്യൂസ്‌ പേപ്പർ ഇട്ടു അതിൽ മീൻ ഇട്ടു വെച്ച് നോക്കൂ )
ഇത് വെകുംബോഴേക്കും നമ്മുക്ക് അരപ്പ് അരച്ചെടുക്കാം
കൊച്ചുള്ളി - 4
മല്ലിപൊടി - 1 ടേബിൾ സ്പൂണ്‍
മുളക് പൊടി - 1 ടി സ്പൂണ്‍
മഞ്ഞൾ പൊടി - 1/4 ടി സ്പൂണ്‍
തേങ്ങ തിരുമ്മിയത്‌ - 1/2 മുറി
ഇത് നന്നായി അരച്ചെടുക്കുക.
ഇപ്പോൾ മീനും കായും വെന്തു പാകമായി കാണും. ഇതിലേക്ക് അരപ്പ് ചേര്ക്കുക. പുളിയും ഉപ്പുമൊക്കെ പാകമാണോ എന്ന് നോക്കി അരപ്പ് തിള വന്നാൽ (വെട്ടി തിളച്ചു തേങ്ങ പിരിഞ്ഞു പോകരുത്) കടുക് താളിക്കം.
താളിക്കാൻ
വെളിച്ചെണ്ണ - 2 സ്പൂണ്‍
ഉലുവ - 1/2 ടി സ്പൂണ്‍
കടുക് - 1/2 ടി സ്പൂണ്‍
കൊച്ചുള്ളി - 2 അരിഞ്ഞത്
വറ്റൽ മുളക് - 2 ഓരോന്നും രണ്ടായി മുറിക്കുക
കറിവേപ്പില - 1 തണ്ട്.
എണ്ണ ചൂടായാൽ യഥാക്രമം ഓരോന്നും ഇട്ടു മൂപ്പിച്ചു കറി താളിചെടുക്കുക.
Enjoy!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post