വറുത്ത മീൻ കഴിക്കുന്നെങ്കിൽ അത് ആവോലി തന്നെ വറുത്തു കഴിക്കണമെന്ന് എന്റെ പപ്പാ എപ്പോഴും പറയും.. അതും കഷ്ണമാക്കാതെ അങ്ങനെ തന്നെ വറുക്കുകയും വേണം..
ആവോലി വെളുത്തതും കറുത്തതും ഉണ്ട്, കറുത്ത ആവോലിക്കാണ് നെയ്യും രുചിയും കൂടുതൽ എന്നാണു വെയ്പ്പ്. 

ഒരു വലിയ ആവോലി വറുക്കാൻ:~

1) മീൻ ആദ്യം തന്നെ വെട്ടി കഴുകി വൃത്തിയാക്കി വരഞ്ഞെടുക്കുക. കല്ലിൽ ഉരച്ചു കഴുകുന്നത് നല്ലതാണ്, ചെറിയ ചെതുമ്പലുകൾ പോയി തൊലിക്കു കുറച്ചു മാർദവം വരും, മസാല പെട്ടെന്ന് പിടിക്കുകയും ചെയ്യും. കുറച്ചു നാരങ്ങനീര് ചേർത്ത് കഴുകുക.

2) മീനിൽ തേയ്ക്കാനുള്ള മസാല:
കശ്മീരി മുളകുപൊടി (നല്ല ചുവന്ന നിറമുള്ള) - 1.5- 2 tsp, മഞ്ഞൾ പൊടി - 1/2 tsp, കുരുമുളകു പൊടി - 1/2 tsp
ഇഞ്ചി - 1" pc, വെളുത്തുള്ളി - 4-5 no.s, ഒരു ചെറിയ ഉള്ളി കുറച്ചു കറിവേപ്പില - ഇവ നല്ലതുപോലെ ചതച്ചു മുകളിൽ പറഞ്ഞ പൊടികളും ഉപ്പും ഒരു ചെറിയ സ്പൂണ്‍ നാരങ്ങാനീരും ചേർത്ത് കുഴയ്ക്കുക.

3) വറുക്കാൻ എണ്ണ, കുറച്ചു സൂചി റവ
[# വയറിന്റെ ഭാഗം പിളരാതെ ആവോലി വൃത്തിയാക്കാൻ പറ്റിയാൽ നല്ലതാണ്, അവിടെ മസാല നിറയ്ക്കണം, വറുക്കുമ്പോൾ ആ ഭാഗം എണ്ണയിൽ നല്ലത് പോലെ മൊരിഞ്ഞാൽ നല്ല രുചിയാണ് ]

വിധം:
=====
1) രണ്ടാമത് പറഞ്ഞിരിക്കുന്ന മസാല മീനിൽ പുരട്ടി ഒരു മണിക്കൂർ വരെ വെയ്ക്കുക. വരഞ്ഞ ഭാഗത്തും പണ്ടം കളഞ്ഞു വൃത്തിയാക്കിയ സ്ഥലത്തും നല്ലത് പോലെ മസാല തേയ്ക്കുക.

2) സൂചി റവ ഒരു പ്ലേറ്റിൽ ഇട്ടു , വറുക്കുന്നതിനു മുൻപ് മീനിന്റെ രണ്ടു വശവും ഈ റവയിലിടുക. നല്ലതുപോലെ റവ പറ്റിപ്പിടിച്ചതിന് ശേഷം ചൂട് എണ്ണയിൽ ഇട്ടു വറുത്തെടുക്കുക. അധികം വേവില്ലാത്ത മീൻ ആണ് ആവോലി.

നല്ല ഒരു പ്ലേറ്റിൽ ഇട്ടു നിങ്ങളുടെ മനോധർമം പോലെ അലങ്കരിച്ചു വിളമ്പുക.

* സവാള വട്ടത്തിൽ അരിഞ്ഞത്, മീൻ വറുത്ത എണ്ണയിൽ തന്നെ വറുത്തു കോരിയ കറിവേപ്പില, ചെറുനാരങ്ങാ കഷ്ണങ്ങൾ ഇവയൊക്കെ ഉണ്ടെങ്കിൽ ധൈര്യായിട്ട് എടുത്തു പ്രയോഗിച്ചോ
 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post