ചെമ്മീൻ തേങ്ങാ മസാല (Prawn coconut masala):~
By: Mabel Vivera

ചെമ്മീൻ പല തരത്തിലും വെയ്ക്കാം എന്ന് നമുക്കൊക്കെ അറിയാം. എങ്ങനെ വെച്ചാലും നല്ല രുചിയാണ് താനും.
അധികം മസാലയിടാതെ തേങ്ങാപ്പാലിൽ വെയ്ക്കുന്ന ഒരു രീതിയാണ് ഇവിടെ കുറിക്കുന്നത്. നെറ്റിൽ നിന്നും കിട്ടിയ ഒരു റെസിപ്പി ആണിത്, വെച്ചപ്പോൾ നല്ല രുചിയാണെന്നു വീട്ടിലുള്ളവർ പറഞ്ഞപ്പോൾ നിങ്ങളുമായി പങ്കിടുന്നു.

ആവശ്യം വേണ്ടത്: (കാൽ കിലോ ചെമ്മീൻ ഉണ്ടാക്കാൻ ഉപയോഗിച്ച അളവാണ് ഇവിടെ കൊടുക്കുന്നത്)
ചെമ്മീൻ - തോട് കളഞ്ഞു വൃത്തിയാക്കിയത് - 250 gm
തേങ്ങാപ്പാൽ - കട്ടിയുള്ളതു - 1/2 കപ്പു
നാരങ്ങാനീര് - 1.5 tsp
തേങ്ങാക്കൊത്ത് - പാകത്തിന്
ഉള്ളി 1, ഇഞ്ചി 1" pc, വെളുത്തുള്ളി 5-6, തക്കാളി 1-2 ചെറുത്‌: ഇവ അരിഞ്ഞത്
കടുക്, വറ്റൽ മുളക്, ഉലുവ, എണ്ണ, കറിവേപ്പില, പച്ചമുളക്
മുളക് പൊടി (കശ്മീരി) - 1 tsp, മഞ്ഞൾ പൊടി 1 pinch, കുരുമുളകു പൊടി - 1/4 tsp, ഉപ്പു

പാചകരീതി:~
---------------
ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു വറ്റൽ മുളകു കഷ്ണങ്ങളും ഉലുവയും ചേര്ക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ഇവ ചേർത്തു നല്ലത് പോലെ വഴറ്റുക. വഴന്നുവരുമ്പോൾ തക്കാളി കഷ്ണങ്ങൾ, കറിവേപ്പില ചേർക്കുക. ഇത് നന്നായി മൂക്കുമ്പോൾ മുളക് മഞ്ഞൾ കുരുമുളക് പൊടികൾ ചേർക്കുക. ഈ മസാല വഴന്നു വരുന്നതിലേക്ക് ചെമ്മീനും ഉപ്പും ചേർത്തു ഇളക്കുക.
എന്നിട്ട് തേങ്ങാപ്പാലും നാരങ്ങാനീരും ചേർത്ത് മൂടി വെച്ചു വേവിക്കുക. വെന്തു കുറുകി വരുമ്പോൾ നല്ല മണമാണ്.
ചാറു വറ്റി മസാല ചെമ്മീനിലും തേങ്ങാ കഷ്നങ്ങളിലും പെരണ്ടിരിക്കുന്നതാണ് പാകം.
അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുൻപ് കുറച്ചു എണ്ണ ചേർത്ത് ചട്ടി ചുറ്റിച്ചു പച്ചമുളക് കീറിയിടുക.
കറിച്ചട്ടിയിൽ ആണ് വെയ്ക്കുന്നതെങ്കിൽ ചാറു അധികം കുറുകുന്നതിനു മുൻപ് അടുപ്പിൽ നിന്നും വാങ്ങുക, മണ്‍ചട്ടിയിൽ ഇരുന്നു ചാറ് വറ്റും. വെച്ച് കുറച്ചു നേരം കഴിഞ്ഞു കഴിക്കുന്നതാണ് സ്വാദ്‌, പുളിയും എരിവും ഒക്കെ പിടിക്കും.

ഇത് വെച്ച ചട്ടിയിൽ ചോറിട്ടു തിന്നു നോക്കിയിട്ട് പറയൂ ഇതിന്റെ സ്വാദ്

[* ചെമ്മീന്റെ വലിപ്പം അനുസ്സരിച്ച് വേവിന്റെ സമയം ക്രമീകരിക്കുക, 10-12 മിനിട്ടോളം മതി. **എണ്ണ കുറച്ചു ഉപയോഗിക്കുക, തേങ്ങാപ്പാലും തേങ്ങാക്കൊത്തും ഒക്കെ ഉള്ളത് കൊണ്ടാണ്].

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post