By:Rajaji Rajagopal

അമ്മയുടെയും, അമ്മൂമ്മയുടെയും
കൈപ്പുണ്യത്തി ന്‍റെ ഓര്‍മ്മയില്‍ !
-------------------------------------------------------------------------------------
ചില രുചികള്‍ നമ്മെ മരണത്തോളം ഓര്‍മ്മകളിലൂടെ പിന്തുടരും.
ചില ആഹാരങ്ങളുടെ ഗന്ധം പോലും!
അവയില്‍ ചിലത് എങ്കിലും അമ്മയുടെ കൈകള്‍ തൊട്ടതായിരിക്കും എന്നതില്‍ സംശയമില്ല. അതുമല്ലെങ്കില്‍ അമ്മൂമ്മയുടെ.
കഴിഞ്ഞ ദിവസം ഓര്‍മ്മകളിലൂടെ മനസ്സ് പദയാത്ര നടത്തുമ്പോള്‍ ആണ് എന്‍റെ അമ്മയും അമ്മൂമ്മയും ഉണ്ടാക്കി തന്ന ഒരു കറി യുടെ ഗന്ധം മൂക്കിന്‍ തുമ്പിലേക്ക് ഒഴുകി വന്നത്.
അതിന്‍റെ അനുസാരികളെ പറ്റി കൃത്യമായ ഒരു ധാരണയും ഇല്ല.
രുചിയും ഗന്ധവും ഓര്‍മ്മയില്‍ നിന്ന്‍ എടുത്തു തന്ന
സംശയങ്ങള്‍ മാത്രം! എന്നിട്ടും അതൊന്ന് ഉണ്ടാക്കി നോക്കുവാനുള്ള അദമ്യമായ ആഗ്രഹത്തിന് മുന്നില്‍ മീനും, ചട്ടിയും ഒരുക്കി.
ഇത് ഒരു കൊച്ചി ഡിഷ്‌ ആണോ, ആലപ്പുഴ ഡിഷ്‌ ആണോ എന്നൊന്നും ഒരു അറിവും ഇല്ല.അറിവുള്ളവര്‍ പറഞ്ഞു കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ട്. എന്തായാലും, മറ്റൊരു വീട്ടില്‍ നിന്നും ഒരിക്കലും ഞാനിത് കഴിച്ചിട്ടില്ല. അത് കൊണ്ട് മറ്റാരും ഇത് ഉണ്ടാക്കാറില്ല എന്ന്‍ അര്‍ത്ഥമില്ല കേട്ടോ.
ഓര്‍മ്മയില്‍ നിന്ന്‍ കണ്ടെടുത്ത മീന്‍ തേങ്ങാപ്പാല്‍ക്കറി
==============================================
ഇടത്തരം വലുപ്പമുള്ള അയല കൊണ്ടാണ് ഈ കറി.
മുറിച്ച അയല അല്‍പ്പം മുളക് പൊടിയും മഞ്ഞളും ഉപ്പും തേച്ചു നന്നായി മൊരിക്കാതെ പൊരിച്ചു മാറ്റി വെക്കുക.
നീളത്തില്‍ അരിഞ്ഞ ചുവന്നുള്ളി ( കുഞ്ഞുള്ളി ) രണ്ടോ, മൂന്നോ അയലക്ക് -- കാല്‍ക്കിലോ ഉള്ളി എന്ന് ഒരു ഏകദേശ കണക്ക്.
ഏകദേശമേ പറയാന്‍ ആവൂ..മനക്കണക്കിലാണ് നമ്മുടെ പാചകം.
ഒരു ചെറിയ കഷണം ഇഞ്ചി കനംകുറച്ചു നീളത്തില്‍ അരിഞ്ഞത്, നാലഞ്ചു ചുള വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് എന്നിവ
യഥാക്രമം വഴറ്റുക,
ഉള്ളിയിടുമ്പോള്‍ അല്‍പ്പം ഉപ്പ് ചേര്‍ക്കണമെന്ന് പാചക ശാസ്ത്രം.
അഞ്ചു പച്ചമുളക് കൂടി വഴറ്റിയ ശേഷം, അതിലേക്ക് രണ്ടു സ്പൂണ്‍ മുളക് പൊടി,( എരിവ് അധികം ഇക്കറിക്ക് ആവശ്യമില്ല. അതിനനുസരിച്ച് മതി മുളക് പൊടി, കാശ്മീരി ആയാലും മതി )
അര സ്പൂണ്‍ മല്ലി പൊടി, കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി ( ഇത് ഏതാണ്ട് ഒരളവ് പിടി കിട്ടാന്‍ പറഞ്ഞതാണേ ) എന്നിവ ഇട്ടു പച്ച ചുവ മാറുവാന്‍ മാത്രം ( തീ വളരെ കുറച്ച്..മണ്‍ ചട്ടിയില്‍ ആണ് ഉണ്ടാക്കുന്നത് എങ്കില്‍ തീ അണച്ച ശേഷം പൊടികള്‍ ഇടുക ) വഴറ്റുക.
അതിലേക്ക് തേങ്ങയുടെ രണ്ടാം പാല്‍ ഒഴിക്കുക.(തീ അണച്ചെ ങ്കില്‍ കത്തിക്കാന്‍ മറക്കണ്ട!) തിള വരുമ്പോള്‍ അതിലേക്ക് പൊരിച്ച അയല ഇട്ടു കൊടുക്കുക. നന്നായി തിളക്കുമ്പോള്‍ ആവശ്യത്തിനു വിനാഗിരി, രണ്ടോ മൂന്നോ സ്പൂണ്‍, ഒഴിക്കുക ഉപ്പു നോക്കിയ ശേഷം (പൊരിക്കുമ്പോള്‍, ഉള്ളിയില്‍ ഒക്കെ നാം ഉപ്പ് ചേര്‍ത്തതാണല്ലോ ! ) ആവശ്യത്തിനു ഉപ്പും ചേര്‍ത്ത്, തീ കുറച്ചു അടച്ചു വെക്കുക.
അല്‍പ സമയ ശേഷം കുറുകി വരുമ്പോള്‍ രണ്ടു കതിര്‍പ്പ് കറിവേപ്പില ഇട്ട് ഒന്നാം പാല്‍ കൂടി ഒഴിക്കുക.തിള വരുന്ന പാകത്തില്‍ ഇറക്കുക.
അധികം ചാറ് ഇല്ലാതെ കുറുകിയ പരുവം ആണ് വേണ്ടത്!
അമ്മയും അമ്മൂമ്മയുമൊക്കെ ഉണ്ടാക്കിയപ്പോള്‍ ചാറ് ( ഗ്രേവി ) കൂടുതല്‍ ആയിരുന്നു, ചോറില്‍ ഒഴിച്ച് കൂട്ടാന്‍ പാകത്തില്‍, അന്നത്തെ കാലത്തിനു അനുസരിച്ച് ഒരുപാട് പേര്‍ക്ക് വിളമ്പുകയും വേണമല്ലോ!
ആരെങ്കിലും ഈ കറി മുന്‍പ് തയ്യാര്‍ ആക്കിയിട്ടുണ്ടെങ്കിലും, കഴിച്ചിട്ടുണ്ടെങ്കിലും
ഇനി ഉണ്ടാക്കുകയാണെങ്കിലും ഒന്ന്‍ പറയണേ !
ഈ കറിയും കൂട്ടി ചോറുണ്ടപ്പോള്‍ ഓര്‍മ്മകളില്‍ നിന്ന്‍ കണ്ടെടുത്ത രുചി നന്നായി ആസ്വദിച്ചു,
ഒപ്പം അമ്മയേം, അമ്മൂമ്മയേം ഓര്‍ക്കുകയും ...!
(ഇത് ആദ്യം പറയേണ്ടത്
അമ്മച്ചീടെ അടുക്കളയില്‍ തന്നെ അല്ലേ !! )


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post