By:സജിന പടിഞ്ഞാറ്റയിൽ

നിങ്ങളൊക്കെ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ലാ.... അതായത്, നമ്മളിപ്പോ ഒന്നും ഉണ്ടാക്കീലേൽ വീട്ടില് ഉള്ളവര്ക്ക് ഒടുക്കത്തെ വിശപ്പാ... എന്നാ എല്ലാം നേരത്തെ കാലത്തെ ഉണ്ടാക്കി വെച്ചാൽ, പൂച്ചക്കുട്ടിക്ക് പോലും ഒടുക്കത്തെ പുഞ്ഞം ആയിരിക്കും
"അമ്മച്ചിയുടെ അടുക്കള" ഗ്രൂപ്പിൽ കുട്ടികൾക്കുള്ള ഐറ്റംസ് എന്ന പോസ്റ്റ്‌ കണ്ടപ്പോ തൊട്ടു, കുറച്ചു കാലമായി മടിപിടിച്ചിരുന്ന കുക്കിംഗ്‌ ആർട്ട്‌ (പാചക കല...അതാണ്‌ ) പതിയെ ഒരു സർപ്പക്കുഞ്ഞിനെ പോലെ തലപൊക്കി. അതിൽ എളുപ്പം ഉള്ള ഒരെണ്ണം, sandwich ഉണ്ടാക്കി വിജയിച്ചപ്പോ വീണ്ടും ഒരെണ്ണം കൂടെ ചെയ്തു നോക്കണം എന്നുണ്ടായിരുന്നു. സണ്‍‌ഡേ രാവിലെ മൃഷ്ടാന്നം ദോശ അടിച്ചു മത്തു പിടിച്ചതോണ്ട് കുട്ടികളുടെ കൂടെ കുറച്ചു കളിച്ചു പിന്നെ അവരുടെ കൂടെ അങ്ങ് ചാച്ചി. എഴുന്നേറ്റപ്പോ 12:30 അതോണ്ട് പുലാവ് ട്രൈ ചെയ്യാം എന്ന് തീരുമാനം ആയി. പുലാവ് ആക്കുമ്പോ വേറെ കറി വേണം, പനീർ കിടപ്പുണ്ട്. അവിടെ ഞാൻ ട്വിസ്ടി. പനീറും കൂടെ ഈ പുലാവിനകത്തു ചേർത്ത് ഒരു സെമി ബിരിയാണി ആകിയാലോ എന്ന് ആലോയിച്ചു. അപ്പൊ പിന്നെ വേറെ കറി ഉണ്ടാക്കണ്ടല്ലോ. എങ്ങനീണ്ട്? എങ്ങനീണ്ട്?
പിന്നെ നല്ല ടെൻഷൻ ഉണ്ടാർന്നു... കാരണം ആദ്യായിട്ടാണ്‌ കുക്കെറിൽ ഫിരിയാണി ഉണ്ടാക്കുന്നത്‌, ഒടുക്കം മൂടി തുറക്കുമ്പോ സൂപ്പ് ആയിട്ട് കഴിക്കേണ്ടി വരോ എന്നൊരു പേടി .. എന്ന് പറഞ്ഞൂടാ, ചെറിയൊരു ഭയം ഉണ്ടാർന്നൂ. പക്ഷെ ആ കുക്കെറിന്റെ മൂടി അങ്ങ് തുറന്നപ്പോ....എന്റെ സാറേ.... കുറച്ചു നേരത്തേക്ക്...എനിക്കൊന്നും മനസ്സിലായില്ല. അച്ഛനും മക്കളും എവിടുന്നൊക്കെ ഓടി വന്നു, പ്ലേറ്റും എടുത്തോണ്ട്. Thanks to അമ്മച്ചിയുടെ അടുക്കള.
ക്വിക്ക്‌ വെജിറ്റബിള്‍ ബിരിയാണി
==============================
താരങ്ങൾ:
1. ബസ്‌മതി അരി - 2 കപ്പ്‌
2. കാരറ്റ്‌ (തൊലികളഞ്ഞ്‌ നീളത്തില്‍ അരിഞ്ഞത്‌)- ഒരു കപ്പ്‌
3. ഉരുളക്കിഴങ്ങ്‌ (തൊലികളഞ്ഞ്‌ നീളത്തില്‍ അരിഞ്ഞത്‌) - ഒരു കപ്പ്‌
4. ഗ്രീന്‍പീസ്‌ - ഒരു കപ്പ്‌
5. പനീർ (മസാല പുരട്ടി shallow fry ചെയ്തത്) - 1 കപ്പ്‌
6. പച്ചമുളക്‌ (പിളര്‍ന്നത്‌) - മൂന്നെണ്ണം
7. ഇഞ്ചി-വെളുത്തുള്ളി (അരച്ചത്‌)- ഒരു ടേബിള്‍സ്‌പൂണ്‍
8. തക്കാളി (അരിഞ്ഞത്‌) - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
9. പുതിനയില (അരിഞ്ഞത്‌)- രണ്ട്‌ ടേബിള്‍സ്‌പൂണ്‍
10. ഉപ്പ്‌ - ഒന്നര ടീസ്‌പൂണ്‍
11. ചൂടുവെള്ളം - 4 കപ്പ്‌
സഹ താരങ്ങൾ :
1. ഗ്രാമ്പു - നാല്‌
2. ഏലയ്‌ക്ക - മൂന്ന്‌
3. കറുവാപ്പട്ട - ഒരു ഇഞ്ച്‌ കഷണം
4. വഴനയില - ഒന്ന്‌
5. നെയ്യ്‌ - ഒരു ടേബിള്‍സ്‌പൂണ്‍
6. വെജിറ്റബിള്‍ ഓയില്‍ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
7. മല്ലിപ്പൊടി - 1/2 സ്പൂണ്‍
8. കുരുമുളക് പൊടി - 1 സ്പൂണ്‍
9. ബിരിയാണി മസാല - 2 സ്പൂണ്‍ (ഷാൻ "സിന്ധി വെജിറ്റബിൾ ബിരിയാണി" മസാല ആണ് ഞാൻ എടുത്തത്.)
സംവിധാനം:
1. പ്രഷര്‍കുക്കറില്‍ നെയ്യും എണ്ണയും ചൂടാക്കുക.
2. ഗ്രാമ്പൂ, ഏലയ്‌ക്ക, കറുവാപ്പട്ട, വഴനയില ചേര്‍ക്കുക.
3. മൂത്തശേഷം സവാള ചേര്‍ക്കുക.
4. വഴന്ന്‌ കഴിയുമ്പോള്‍ മുളക്‌, ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് ചേര്‍ക്കുക.
5. പച്ചക്കറികള്‍ ചേര്‍ത്ത്‌ വഴറ്റുക.
6. അരി ചേര്‍ത്ത്‌ അരമിനിറ്റ്‌ വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, കുരുമുളകുപൊടി, ബിരിയാണി മസാല ചേർത്തു ഒന്നുടെ മിക്സ്‌ ചെയ്യുക.
7. ചൂടുവെള്ളം, ഉപ്പ്‌, തക്കാളി, പുതിനയില എന്നിവ ചേര്‍ക്കുക.
8. അവസാനമായി ആ പൊരിച്ചു വച്ച പനീർ കഷ്ണങ്ങൾ ചേര്ക്കുക.
9. പ്രഷര്‍കുക്കര്‍ അടച്ച്‌ നല്ല തീയില്‍ ഒരു വിസില്‍ അടിപ്പിക്കുക. തീ കുറച്ച്‌ മൂന്ന്‌ മിനിറ്റ്‌ വച്ചശേഷം നിര്‍ത്തുക.
ഇതാണ്....ഇത്രേ ഉള്ളു. എല്ലാരും ഇന്ന് തന്നെ ഉണ്ടാക്കി നോക്കി അഭിപ്രായം പറയൂ. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post