ദു:ഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പുനീർ

ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകളിൽ സംബന്ധിയ്ക്കുന്നവർക്ക് അനിവാര്യമായ ഒരു പാനീയമാണല്ലോ ദു:ഖവെള്ളിയാഴ്ച ദേവാലയത്തിൽ ലഭിയ്ക്കുന്ന കൈപ്പുനീർ അഥവാ ചൊറുക്കാ .

ചൊറുക്കാ കലക്കി വയ്ക്കുന്നതിന് പ്രത്യേകം ഒരു മണ്‍കലം ഉണ്ടെങ്കിൽ ഏറ്റം നന്ന് . പുതിയ മണ്‍കലം വാങ്ങിയിട്ടുണ്ടെങ്കിൽ ഒരു ദിവസമെങ്കിലും അതിൽ വെള്ളം നിറച്ചു വച്ചതിനുശേഷം കമഴ്ത്തിക്കളഞ്ഞ് ആ കലം വെയിലത്ത് ഉണങ്ങിയതിനു ശേഷമേ ഉപയോഗിയ്ക്കാവൂ. ചൊറുക്കാ കലക്കുന്നതിനു ഹാശാആഴ്ചയിലെ തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ നാടൻപുഴുക്കലരി (കുത്തരി) കഴുകിയ ആദ്യത്തെ അരിക്കാടി പ്രത്യേകം എടുത്ത് പ്രാണികൾ ഒന്നും കയറാത്ത വിധത്തിൽ അടച്ച് സൂക്ഷിച്ചു വയ്ക്കണം. ഓരോ ദിവസവും എടുക്കുന്ന കാടിവെള്ളം ഇങ്ങിനെ പ്രത്യേകം സൂക്ഷിയ്ക്കണം. നല്ലതുപോലെ പുളിച്ച കാടിവെള്ളം മാത്രമേ ചൊറുക്കാ ഉണ്ടാക്കുന്നതിനു ഉപയോഗിയ്ക്കാവൂ. കാടിവെള്ളം വളിച്ചു പോയാൽ അത് ഉപയോഗിയ്ക്കരുത്. ഇത് നല്ലതുപോലെ പുളിയ്ക്കുന്നതിനു അനുയോജ്യമായ ഊഷ്മാവിൽ സൂക്ഷിയ്ക്കണം. തണുപ്പ് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ അതിനനുസരണമായ ചൂട് ലഭിയ്ക്കുന്ന സ്ഥലത്ത് സൂക്ഷിയ്ക്കണം .

മുപ്പതു മുതൽ അൻപതുപേർക്കു വരെ ഏകദേശം ഒരു ലിറ്റർ ചൊറുക്കാ മതിയാകും. മതിയായ വിധത്തിലുള്ള പുളിച്ച കാടി ലഭിയ്ക്കുന്നതിനാണു മൂന്നു ദിവസത്തെ കാടി പ്രത്യേകം എടുത്ത് സൂക്ഷിയ്ക്കുന്നത് .
ഏകദേശം മൂന്ന് ലിറ്റർ ചൊറുക്കായ്ക്കുള്ള അളവുകൂട്ടാണ് ഇതിൽ പറയുന്നത് . അതിനു വേണ്ടിവരുന്ന കാടിവെള്ളം കരുതിക്കൊള്ളണം .

പെസഹാവ്യാഴാഴ്ച്ച (3 p.m.) മൂന്നുമണിയ്ക്കുശേഷം കരുതിവച്ചിരിയ്ക്കുന്ന കാടിവെള്ളം അടിമട്ടുവരാതെ തെളിയൂറ്റിയെടുത്ത് പ്രത്യേകം കഴുകി സൂക്ഷിച്ച മണ്‍കലത്തിലൊഴിയ്ക്കുക . അതിനു ശേഷം കയ്പ്പിനു മതിയാകും വിധത്തിൽ നല്ല ചെന്നിനായകം (ഏകദേശം 50 gram) ഒരു ചെറിയ സ്റ്റീൽപാത്രത്തിലിട്ട് രണ്ടു ഗ്ലാസ്സ് ശുദ്ധജലമൊഴിച്ച് തിളപ്പിയ്ക്കുക. അപ്പോൾ ചെന്നിനായകം നല്ലതുപോലെ ഉരുകി പാനിയാകും. കൂടാതെ അതിലെന്തെങ്കിലും അഴുക്കുണ്ടെങ്കിൽ ആയത് അടിയിൽ അടിയുകയും ചെയ്യും. അതിനുശേഷം ചെന്നിനായകപാനി തെളിയൂറ്റിയെടുത്ത് കലത്തിലെ കാടിവെള്ളത്തിൽ ഒഴിയ്ക്കുക. അതിനുശേഷം നൂറു മില്ലി (100 ml ) ശുദ്ധമായ വിന്നാഗിരി ഈ മിശ്രിതത്തിൽ ചേർക്കുക . നല്ലതു പോലെ പഴുത്തു പാകമായ വലിയ അഞ്ചു ചെറുനാരങ്ങ മുറിച്ചു പിഴിഞ്ഞ നീരും നാരങ്ങായുടെ തൊണ്ടും ഈ മിശ്രിതത്തിൽ ചേർക്കണം. ഒരു തവി ഉപയോഗിച്ച് ഈ മിശ്രിതം നല്ലതുപോലെ ഇളക്കി കാറ്റു കയറാത്തവിധം അടപ്പുകൊണ്ടു മൂടി തുണി ഉപയോഗിച്ച് അടച്ചുകെട്ടി വയ്ക്കുക. ഇത് ശുദ്ധവൃത്തിയുള്ളിടത്ത് സൂക്ഷിയ്ക്കണം. പിറ്റേന്ന് ദുഃഖ വെള്ളിയാഴ്ച്ച ഒന്നാം പ്രദക്ഷിണം കഴിഞ്ഞ് വിശ്രമസമയം വരുമ്പോൾ ഈ കലം തുറന്നു നോക്കിയാൽ മിശ്രിതം നല്ല ചൊറുക്കായുടെ സുഗന്ധമുള്ളതായും മതിയായ കയ്പ്പും പുളിയും രുചിയും അനുഭവപ്പെടും. എന്നാൽ ഇതിലെന്തെങ്കിലും പോരായ്മ തോന്നിയാൽ പോരാതെ വരുന്നത് അപ്പോൾ തന്നെ ചേർത്ത് വീണ്ടും അടച്ചുകെട്ടി വയ്ക്കണം . എന്തെങ്കിലും അമിതമായിട്ടുണ്ടെങ്കിൽ ശുദ്ധജലം ചേർത്ത് പരിഹരിയ്ക്കുകയും ചെയ്യാം.

ദു:ഖവെള്ളിയാഴ്ച കബറടക്കത്തിനു മുമ്പായി ചൊറുക്കാ ഉപയോഗിച്ച് കുരിശ്ശു കഴുകേണ്ടതു കൊണ്ട്, അതിനുമുമ്പായി ഈ കലം തുറന്നു ഒരു ജഗ്ഗിൽ കുറച്ച് ചൊറുക്കാ എടുത്ത് വച്ചിരി യ്ക്കണം. കുരിശ്ശു കഴുകിയ ചൊറുക്കായും പനിനീരും ചേർന്ന മിശ്രിതം കലത്തിലൊഴിച്ച് കലക്കിയുണ്ടാക്കിയതാണു വിശ്വാസികൾ ഉപയോഗിയ്ക്കുന്നത് . ഇതിന്റെ കയ്പ്പ്, പുളി, അളവ്‌, ഗാഢത എന്നിവ രുചിഭേദമനുസരിച്ച് വ്യത്യാസം വരുത്താവുന്നതാണ് . മതിയായ അളവിൽ കാടി ലഭ്യമായില്ലെങ്കിൽ ശുദ്ധജലം ചേർത്തുകൊള്ളേണ്ടതാണു .

നല്ല ചെന്നിനായകം ഉറപ്പുള്ളതും, നല്ല കറുപ്പുനിറവും തിളക്കവുമുള്ളതായിരിയ്ക്കും. മൂന്നു ലിറ്റർ ചൊറുക്കായുണ്ടാക്കുന്ന തിന് അമ്പതു ഗ്രാം ചെന്നിനായകം മതിയാവും . ഇപ്പോൾ കടകളിൽ കിട്ടുന്ന ചെന്നിനായകത്തിനു കയ്പ്പു പോരാതെ വരുമെന്നുള്ളതുകൊണ്ട് കൂടുതൽ കരുതേണ്ടി വരും.

ഉപയോഗം കഴിഞ്ഞാൽ കലം വൃത്തിയായി കഴുകി ഉണക്കി അടച്ചു കമഴ്ത്തി വീണ്ടും ഉപയോ ഗിക്കുന്നതിനുവേണ്ടി സൂക്ഷിച്ചു വയ്ക്കണം. ഇത് മറ്റുപയോഗത്തിനു എടുക്കാതിരിയ്ക്കു ന്നതാവും നല്ലത് . അധികമുള്ള ചെന്നിനായകവും ഒരു പ്ലാസ്റ്റിക് ഭരണിയിലടച്ച് ബസ്ഗാസാ മുറിയിലെ അലമാരയിൽ സൂക്ഷിയ്ക്കാം, വീണ്ടും ഉപയോഗിയ്ക്കാം. എന്നാൽ പനിനീർ, വിന്നാഗിരി എന്നിവ സൂക്ഷിച്ചു വയ്ക്കരുത്; പുതിയവതന്നെ ഉപയോഗിക്കണം .

കടപ്പാട് : Rev.Fr.Jose Daniel Paitel

*********************************************************
മറ്റൊരു രീതി

ഏകദേശം 700 പേർക്കുള്ള ചൊറുക്ക തയ്യാറാക്കിയ വിധമാണ് ചുവടെ.

ചേരുവകൾ

ദു:ഖവെള്ളിയാഴ്ച കഞ്ഞിയുടെ അരിയിൽ നിന്നുള്ള കാടി : 1.5 ബക്കറ്റ് (8-9 ലിറ്റർ) (കുത്തരിയാണ് സാധാരണ ദു:ഖവെള്ളിയാഴ്ച)
ചെന്നിനായകം : 200 ഗ്രാം (അല്പം വെള്ളത്തിൽ ഉരുക്കി സൂക്ഷിക്കുക)
വിനാഗിരി : 1കുപ്പി
ചെറു നാരങ്ങ : 20 - 25 എണ്ണം
പാവക്കായ് : 10 എണ്ണം
പാണൽ ഇല : 20 പീസ്
പുളി : സാധാരണ ഉപയോഗിക്കാറില്ല, വേണമെങ്കിൽ 1-2 പീസ്‌ ഉപയോഗിക്കാം

തയ്യാറാക്കുന്ന വിധം

ദു:ഖവെള്ളിയാഴ്ച പ്രഭാത പ്രാർത്ഥന അവസാനിച്ച ശേഷം ആണ് ചൊറുക്ക നിർമ്മാണം ആരംഭിച്ചത്.
പാവയ്ക്കാ കഴുകി വൃത്തിയാക്കി, അരിഞ്ഞു മിക്സിയിൽ ഇട്ടു ചെറുതായി അരച്ചെടുക്കണം.
ഒരു നല്ല തോർത്തിൽ ഈ പാവക്ക ഇട്ടു ഒരു ബക്കറ്റിലേക്ക് പിഴിഞ്ഞ് എടുക്കുക.
രണ്ടാവർത്തി പിഴിഞ്ഞ ശേഷം അൽപം കാടി തെളിഞ്ഞ വെള്ളം ചേർത്ത് വീണ്ടും പിഴിഞ്ഞ് പരമാവധി കയ്പു ഇറക്കി പാവയ്ക്കാ തോടുകൾ മാറ്റി വക്കുക.
പാവയ്ക്കാ നീരിലേക്ക് നാരങ്ങ നന്നായി തോട് ചേർത്തു പിഴിഞ്ഞ് ഒഴിക്കുക .
ഒക്കുമെങ്കിൽ പാവയ്ക്കാ നീര് ഒരു തവണ കൂടി അരിച്ചു തരി ഇല്ല എന്ന് ഉറപ്പു വരുത്തണം (ചൊറുക്ക തരിയില്ലാതെ പാനിയായി ഇരിക്കാൻ ഇതു സഹായിക്കും)
ഒരു പാത്രത്തിൽ പാണൽ ഇല പിഴിഞ്ഞ് അരിച്ചെടുത്ത്‌ ഇതു തയ്യാറാക്കി വച്ചിരിക്കുന്ന പാവയ്ക്കാ നാരങ്ങ നീരിൽ ചേർക്കുക.
തെളിഞ്ഞ കാടിയിൽ ഈ നീര് ചേർത്തു ശുദ്ധ മാക്കി വച്ച ചെന്നി നായകവുമായി യോജിപ്പികുക്കുക(ഇടയ്ക്കു കയ്പ് നോക്കി ആവശ്യത്തിനു ചേർക്കുക).
തുടർന്ന് വിനാഗിരിയും (ആവശ്യത്തിന്)ചേർത്ത് ബക്കറ്റിൽ നന്നായി യോജിപ്പിച്ചാൽ ചൊറുക്ക തയ്യാർ!!

കടപ്പാട് : Kadammanittapally

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post