വ്യത്യസ്തമായ രുചിയില്‍ ഒരു ചിക്കന്‍ ഫ്രൈ
By: രാജേഷ്‌ എം.വി
വെള്ളിയാഴ്ച.... വാരാന്ത്യം...അവധി.... രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റു വന്നപ്പോഴേ സമയം 10 മണി.... പതിവ് പലഹാരമായ റവ ഉപ്പുമാവിനെ മനസ്സില്‍ പ്രാകി ഉപ്പുമാവ് ഉണ്ടാക്കി കഴിച്ചു... പ്രവാസ്സത്തിന്‍റെ പരാധീനതകളെ മനസ്സില്‍ കുഴിച്ചുമൂടി.... അപ്പോഴാണ്‌ ഫ്രിഡ്ജില്‍ ഒരു ചിക്കന്‍ ഇരിപ്പുണ്ടെന്ന് മനസ്സില്‍ ഓര്‍ത്തത്... നേരെ ചെന്ന് അതിനെ വെള്ളത്തില്‍ കുളിക്കാന്‍ ഇട്ടൂ... അമ്മച്ചിയുടെ അടുക്കളയില്‍ കേറി പല പല ചിക്കന്‍ വിഭവങ്ങളിലൂടെ...യും കണ്ണുപായിച്ചു.. ഒത്തിരി നല്ല വിഭവങ്ങള്‍...പലതും വായില്‍ വേലിയേറ്റം ഉണ്ടാക്കി... ചിലതൊക്കെ നമുക്ക് പിടിയെത്താത്തവ.... ഒടുവില്‍ സ്വന്തം ഒരു പരീക്ഷണത്തിനു മുതിര്‍ന്നു... അതിന്‍റെ സാധൂകരണം ആണ് ഇന്ന് ഞാന്‍ ഇവിടെ അവതരിപ്പിക്കുന്ന ഈ ചിക്കന്‍ സ്പെഷ്യല്‍ ഫ്രൈ.... ആര്‍ക്കും എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന സ്വാദൂറും വിഭവം...
.
ആവശ്യമായ സാധനങ്ങള്‍

1. ചിക്കന്‍ : ½ കിലോ
2. മുളകുപൊടി : 2 ടേബിള്‍ സ്പൂണ്‍
3. കാശ്മീരി മുളകുപൊടി : 1 ടേബിള്‍ സ്പൂണ്‍
4. മഞ്ഞള്‍ പൊടി : ½ ടേബിള്‍ സ്പൂണ്‍
5. കുരുമുളക് പൊടി : ½ ടേബിള്‍ സ്പൂണ്‍
6. ഇഞ്ചി അരച്ചത്‌ : ½ ടേബിള്‍ സ്പൂണ്‍
7. വെളുത്തുള്ളി അരച്ചത്‌ : ½ ടേബിള്‍ സ്പൂണ്‍
8. ഗരം മസാല : ½ ടേബിള്‍ സ്പൂണ്‍
9. ഇഞ്ചി ചതച്ചത് : ഒരു ചെറിയ കഷ്ണം
10. വെളുത്തുള്ളി ചതച്ചത് : രണ്ടു അല്ലി
11. പെരുംജീരകം : ½ ടേബിള്‍ സ്പൂണ്‍
12. ഉപ്പ് : പാകത്തിന്
13. കറി വേപ്പില : രണ്ടു കതിര്‍പ്പ്
14. സവാള അരിഞ്ഞത് : ഒരു വലിയ സവാളയുടെ
15. പച്ചമുളക് : 4 എണ്ണം
16. തക്കാളി : ഒന്ന്
17. വെളിച്ചെണ്ണ : വറുക്കാന്‍ ആവശ്യത്തിനു
18. ഉപ്പു : പാകത്തിന്
പാചകം ചെയ്യുന്ന വിധം
ചിക്കന്‍ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് അല്പം വിനാഗിരി, ഉപ്പു ഇവ ചേര്‍ത്ത് കഴുകി വെള്ളം പൂര്‍ണ്ണമായും വാര്‍ത്തു വെക്കുക. 2 മുതല്‍ 12 വരെ ചേരുവകള്‍ ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കന്‍ ചെറിയ തീയില്‍ വറുത്തെടുക്കുക. വറുത്തു പകുതി മൂപ്പാകുമ്പോള്‍ 13 മുതല്‍ 16 വരെ യുള്ള ചേരുവകള്‍ ചേര്‍ത്ത് പതിയെ ഇളക്കുക. ആദ്യം ചേര്‍ത്താല്‍ കരിഞ്ഞു പോകും എന്നതിനാല്‍ ആണ് പിന്നീട് ചേര്‍ക്കുന്നത്... നല്ല മൂത്ത കളര്‍ വരുമ്പോള്‍ കോരി ഒരു പാത്രത്തിലേക്ക് പകര്‍ന്നു വെക്കുക.
ചിക്കന്‍ ഫ്രൈ വൃത്തിയുള്ള പാത്രത്തില്‍ നിരത്തി രണ്ടു തണ്ട് കറിവേപ്പില എണ്ണയില്‍ പൊള്ളിച്ചു കൂടെ സവാള വട്ടത്തില്‍ അറിഞ്ഞതും തക്കാളിയും വെച്ച് അലങ്കരിച്ചു ചൂടോടെ വിളമ്പാം...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post