മുളകിട്ട ഉണക്ക സ്രാവ് കറി ( പച്ചക്കായ ചേര്‍ത്തത് )
By: Indu Jaison

ആവശ്യമുള്ള സാധനങ്ങള്‍

ഉണക്ക സ്രാവ് - 150 ഗ്രാം 
പച്ച ഏത്തക്കായ – 4-5 എണ്ണം 
മുളക് പൊടി – 2 ടേബിള്‍ സ്പൂണ്‍ 
മല്ലിപ്പൊടി – ½ ടീ സ്പൂണ്‍ 
മഞ്ഞള്‍ പൊടി – ¼ ടീ സ്പൂണ്‍ 
ചുവന്നുള്ളി – 10-15 എണ്ണം 
വെളുത്തുള്ളി – 5-6 അല്ലി 
ഇഞ്ചി – ഒരു ചെറിയ കഷണം 
ഉലുവ – ¼ ടീസ്പൂണ്‍ 
കുടം പുളി – 4 – 5 എണ്ണം 
വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍ 
കടുക് , എണ്ണ, കറിവേപ്പില , വെള്ളം, വിനാഗിരി – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം

ഉണക്ക സ്രാവ് കുറച്ചു മഞ്ഞള്‍പ്പൊടിയും , വിനാഗിരിയും ചേര്‍ത്ത വെള്ളത്തില്‍ അരമണിക്കൂര്‍ വെച്ചതിനു ശേഷം കഴുകി വാരി എടുക്കുക. മീനില്‍ വല്ല കെമിക്കലുകളോ , അഴുക്കുകളോ ഉണ്ടെങ്കില്‍ പോകുവാന്‍ ആണ് ഇത്.

പച്ചക്കായ രണ്ടായി കീറി വെള്ളത്തില്‍ ഇട്ടു കറ കളഞ്ഞു എടുക്കുക. ചെറിയ കഷണങ്ങള്‍ ആയി നീളത്തില്‍ അരിഞ്ഞു വെക്കുക.

ഉണക്ക മീന്‍ ½ ടേബിള്‍ സ്പൂണ്‍ മുളകുപൊടിയും , ഒരു നുള്ള് മഞ്ഞള്‍ പൊടിയും ഇട്ടു കുറച്ചു സമയം വെച്ചതിനു ശേഷം , ആവശ്യത്തിനു വെള്ളം ഒഴിച്ച് തിളപ്പിച്ചെടുക്കുക
.
ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് , ചുവന്നുള്ളി , വെളുത്തുള്ളി , ഇഞ്ചി എന്നിവ വഴറ്റുക . അതിലേക്കു ബാക്കി ഇരിക്കുന്ന മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്തു നന്നായി മൂപ്പിച്ചു മീനിലേക്കു ചേര്‍ക്കുക .

അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കായും മീനില്‍ ചേര്‍ത്തു നന്നായി തിളപ്പിക്കുക. ആവശ്യത്തിനു ഉപ്പും കുടം പുളി കഷണങ്ങളും ഇടുക.
തിള വന്നതിനു ശേഷം ചെറു തീയില്‍ 10-15 മിനുറ്റ് മൂടി വെച്ച് വേവിക്കുക. തീ അണക്കുക.

ഒരു ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് കടുകു , ഉലുവ , കറിവേപ്പില എന്നിവ താളിച്ച്‌ കറിയിലേക്ക് ഒഴിക്കുക.

കുറച്ചു ചൂടാറിയതിനു ശേഷം വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് കലംചുറ്റിച്ചു എടുക്കാം .

ചോറിന്റെ കൂടെ ഒരു നാടന്‍ കറിയാണിത്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post