മത്തി വറുക്കാനോ???
അയ്യോ അടുത്ത ഫ്ലാറ്റിലെ താമസക്കാർ തീ ഇടും - വെറുതേ എന്തിനാ
അങ്ങിനെയാണോ?
എന്നാൽ ഇങ്ങനെ ഒന്ന് വറുത്ത് നോക്കിക്കേ - ഞാൻ മീൻ വറുത്തിട്ട് ഞങ്ങടെ വീട്ടിലെ പൂച്ച പോലും അറിഞ്ഞില്ല (വീട്ടില് പൂച്ച ഇല്ല - ചുമ്മാ ഒരു ചമൽക്കാരതിനു പറഞ്ഞതാ tongue emoticon )
മത്തി വറുപ്പിന്റെ തയ്യാറെടുപ്പുകൾ അത് വെട്ടിക്കഴുകുന്നത് മുതൽ തുടങ്ങുന്നു
കൈപത്തിയിൽ മീനിന്റെ തല നമ്മുക്ക് നേരെ വെച്ച് തള്ളവിരൽ കൊണ്ട് അമര്ത്തി പിടിച്ചു മീനിന്റെ വാലറ്റം മറ്റു വിരലുകളിലേക്കു നീട്ടി വച്ച് കറികത്തിയുടെ കീഴറ്റം (ചുണ്ടല്ല) വെച്ച് കത്തി ചെരിച്ചു പിടിചു ആണ് ചെതുമ്പൽ ഇളക്കുന്നത് -ഇങ്ങനെ ചെയ്യുമ്പോൾ ചുറ്റും ചെതുമ്പൽ ചിതറി വീഴാതെയും കിച്ചണ്‍ പാനൽ ദുർഗന്ധപൂരിതമാവതെയും ഇരിക്കും
വെട്ടിയ മീൻ നന്നായി ഉലച്ചു കഴുകി വാരി ഒരു ചട്ടിയിൽ വെക്കുക
മറ്റെന്തും ചെയ്യുന്നതിന് മുന്നേ മീനിന്റെ വേസ്റ്റ്, ചെതുമ്പൽ ഇവ ആദ്യമേ ഒരു കവറിൽ കെട്ടി അടുക്കളയുടെ പുറത്തേക്കു മാറ്റുക.
ഇനി ചട്ടിയിലെ വെള്ളം ഊറ്റി കളഞ്ഞു ഉപ്പു പരൽ അല്ലെങ്കിൽ പൊടിയുപ്പ് അല്പം നാരങ്ങ നീര് ഇത്രയും ഇട്ടു മീൻ നന്നായി 3 മുതൽ 4 തവണ തേച്ചു കഴുകി വൃത്തിയാക്കുക - മീനിന്റെ നിറം ഇപ്പോൾ നല്ല വെള്ളി നിറം ആയി കാണും.
മീൻ നന്നായി വരയുക - മുള്ളിൽ തട്ടി വേണം മീൻ വരയാൻ.
ഒന്ന് കൂടി ഉലച്ചു കഴുകി നന്നായി കൈപത്തിയിൽ വെച്ച് അമര്ത്തി വെള്ളം കളഞ്ഞു ചട്ടിയിൽ ഇത് മാറ്റി വെക്കുക. ബാക്കി വെള്ളം കൂടി ഇറങ്ങട്ടെ.
6 മീനാണ് ഞാൻ വറുത്ത്
ഇഞ്ചി - തള്ളവിരലിന്റെ കനത്തിൽ 1 ഇഞ്ച് കഷണം
വെളുത്തുള്ളി - 6 എണ്ണം (ചുരുക്കം പറഞ്ഞാൽ ഓരോ ടീസ്പൂണ്‍ വീതം വേണം എന്ന് സാരം)
മഞ്ഞള്പൊടി - 1/4 ടി സ്പൂണ്‍
ഇത്രയും ചട്ണി ജാറിൽ ആദ്യം അരക്കുക - നന്നായി അരഞ്ഞാൽ 5 അല്ലെങ്കിൽ 6 ഇതൾ കറിവേപ്പില കൂടി ഇട്ടു അരച്ചെടുക്കുക.
ഇനി മീൻ വെള്ളം ഒന്ന് കൂടി ഊറ്റി കളഞ്ഞു അതിലേക്കു ഈ അരപ്പ് ചേര്ക്കുക. 2 ടി സ്പൂണ്‍ കാശ്മീരി മുളക്പൊടി + ആവശ്യത്തിനു ഉപ്പു - ഇവ കൂടി ചേർത്ത് നന്നായി പുരട്ടി 30 മിനിറ്റ് ഇത് ഫ്രിഡ്ജിൽ വെക്കുക.
പിന്നീട് പുറത്തെടുത് 2 ടി സ്പൂണ്‍ കുരുമുളക് (തരുതരുപ്പായി പൊടിച്ചത്) 1/4 ടി സ്പൂണ്‍ ഉലുവ മൂപ്പിച്ചു പൊടിച്ചത് ഇവ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 10 മിനിറ്റ് ഇരിക്കട്ടെ
ഇനി ആണ് പ്രധാന ഭാഗം
പാൻ അടുപ്പത് വെച്ച് ഒരു ടി സ്പൂണ്‍ എണ്ണ ഒഴിച്ച് ചുറ്റിച്ചു പാൻ ഗ്രീസ് ചെയ്യുക
മീനുകൾ ഓരോന്നായി ഇതിലേക്ക് അടുക്കി നിരത്തുക - പ്രത്യേകം ശ്രദ്ധിക്കുക തീ വളരെ കുറവ് മതി - ചെറു തീ. മത്തിക്ക് ധാരാളം നെയ്യ് ഉണ്ട് - തീ ആളിച്ചു നെയ്യ് ഇറങ്ങി അത് എണ്ണയുമായി മൂക്കുമ്പോൾ ആണ് അന്തരീക്ഷത്തിൽ മത്തിയുടെ നെയ്യ് മണം പരക്കുന്നത്. പണ്ട് കാലത്തുള്ളവർ മീൻ വറുക്കുന്നതിനു കനലിന്റെ ചൂട് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.
മീൻ മൂക്കുന്നത് അനുസരിച്ച് വെളിച്ചെണ്ണ ചുറ്റിച്ചു ഒഴിച്ച് കൊടുക്കുക - ഇപ്പോൾ ഉള്ള മണം വെളിച്ചെണ്ണയിൽ നല്ല കുരുമുലകിട്ട മീൻ മൊരിയുന്നതിന്റെ മാത്രം. മീൻ ഒരു വശം മൊരിഞ്ഞാൽ മറുവശം തിരിച്ചിട്ടു വെളിച്ചെണ്ണ ഇറ്റിച്ചു ഒഴിച്ച് മൂപ്പിക്കുക
രണ്ടു വശവും മൊരിഞ്ഞു കഴിഞ്ഞാൽ മീൻ കോരുക.
മീൻ വറുത്ത പാനിൽ ഉടൻ തന്നെ വെള്ളം ഒഴിച്ച് കഴുകാൻ മിനക്കെടരുത് - എണ്ണ പാനിൽ നിന്നും ഊറ്റി കളഞ്ഞ ശേഷം ടാപ്പ് തുറന്നു സിങ്കിൽ നിന്നും എണ്ണ പൂര്ണമായും പോകാൻ വെള്ളം ഒഴുക്കുക.
പാൻ തണുത്ത ഉടൻ തന്നെ നന്നായി മീൻ മണമില്ലാതെ കഴുകി മാറ്റുക.
ഒരു മെഴുകുതിരി കത്തിച്ചു വെക്കുക - അല്പമെങ്കിലും മണം തങ്ങി നിൽപ്പുണ്ടെങ്കിൽ അതും പോകും.
ഞങ്ങളടെ ലഞ്ച് കൂടി ഷെയർ ചെയ്യുന്നു.
അപ്പോൾ ഇനി നിങ്ങളുടെ അടുക്കളയിലേക്കു!!!
By: Sherin Mathew
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes