കോഴി എരിക്കറി
By: Vinu Nair‎
*********************************
തെക്കൻ തിരുവിതാംകൂറിലെ ചില ഉൾനാടൻ പ്രദേശങ്ങളിൽ ക്രിസ്ത്യൻ വീടുകളിൽ വിശേഷ ദിവസമോ അതിഥി സൽക്കാരമോ ഉള്ള ദിവസങ്ങളിൽ തയ്യാറാക്കുന്നതാണ് ഈ "എരിക്കറി", തേങ്ങാപ്പാലും കശുവണ്ടി അരച്ചതും മറ്റും ചേർത്തുണ്ടാക്കുന്ന എരിവു തീരെയില്ലാത്ത ഇറച്ചിക്കറിയോ മീൻകറിയോ ഒക്കെ പ്രധാനമായും മെനുവിൽ ഉണ്ടാകും അതിനോടൊപ്പം എരിവിനു തൊട്ടു നക്കാൻ വേണ്ടിയാണ് ഈ കറി മിക്കപ്പോഴും ഉണ്ടാക്കാറ് , അതല്ലാതെ എരിവു മാത്രം ഇഷ്ടപ്പെടുന്നവർ മെയിൻ ഡിഷ്‌ ആയി ഉണ്ടാക്കാറുമുണ്ട് ,ഏകദേശം മീൻ മുളകിട്ട കറിയുടെ മാതൃകയിലാണ് ഇതും ഉണ്ടാക്കുക നല്ല ചൂട് ചോറാണ് ഇതിന്റെ കോമ്പിനേഷൻ, നെയ്ച്ചോർ ആയാലും തരക്കേടില്ല ., ചേരുവകൾ എല്ലാം സെയിം തന്നെ ,അത് ചേർക്കുന്ന വിധത്തിൽ ചെറിയ വ്യത്യാസം ,അത്ര തന്നെ ..

വേണ്ട സാധനങ്ങൾ -
*****************************

ചിക്കൻ 

 ചെറിയുള്ളി - ചതച്ചത് 

 വറ്റല് മുളക് - രണ്ടോ മൂന്നോ 

 സവാള - കുരുകുരാന്നരിഞത് 

 തക്കാളി - മിക്സിയിൽ അരച്ച് പേസ്റ്റ് ആക്കിയത് (ഒരു കിലോ ഇറച്ചിക്ക് മൂന്നു വലിയ പഴുത്ത തക്കാളി)

പച്ചമുളക് - പേസ്റ്റ് ആക്കിയത് 

 ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് 

 ഗരം മസാല പൊടി - മൂന്നു സ്പൂണ്‍ (പട്ട ഗ്രാമ്പൂ ഏലയ്ക്ക ജാതി തുടങ്ങിയവ ചീനചട്ടിയിൽ ഇട്ടു ചെറു തീയിൽ പത്തു സെക്കണ്ട് ചൂടാക്കി ,അടുപ്പിൽ നിന്നും മാറ്റി പത്തു മിനിട്ട് വച്ച് തണുത്തതിനു ശേഷം പോടിചെടുത്തു പാത്രത്തിലേക്ക് മാറ്റിയാൽ ഹോം മേഡ് ഗരം മസാല റെഡി )

പൊടിക്കൂട്ട് - മുളക് പൊടി ,മഞ്ഞൾ പൊടി,കുരുമുളക് പൊടി ,ഗരം മസാല പൊടി, മല്ലി പൊടി എന്നിവ ചീന ചട്ടിയിൽ ഇട്ടു ചെറുതീയിൽ ഇളക്കി പച്ചമണം മാറ്റി എടുക്കണം ,തീ കൂടിയാൽ പൊടി കറുക്കുകയും കയ്പ്പ് രുചിക്കുകയും ചെയ്യും ,അത് കൊണ്ട് ശ്രദ്ധിച്ചു ചെയ്യുക ,മുളക് പൊടിയുടെ അളവ് കൂടി നിൽക്കണം .

പെരും ജീരകം പൊടിച്ചത് - രണ്ടു ടീ സ്പൂണ്‍ 

 നാരങ്ങാ നീര്

 പുളി വെള്ളം - ഒരു സ്പൂണ്‍, വാളൻ പുളിയോ കുടമ്പുളിയോ 

 കടുക് 

 വെളിച്ചെണ്ണ 

 ഉപ്പ് 

 വിനാഗിരി - ഒരു സ്പൂണ്‍ 

 മല്ലിയില 

 തയ്യാറാക്കുന്ന വിധം - 

പച്ചമുളക് പേസ്റ്റ് ,കുരുമുളക് ,നാരങ്ങ നീര്, മഞ്ഞപ്പൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ തേച്ച് ഒരു മണിക്കൂർ കോഴി പീസുകൾ വയ്കുക.
ഒരു മണ്‍ചട്ടിയിൽ (മണ്‍ചട്ടി ഇല്ലെങ്കിൽ അടി ഭാഗം കട്ടിയുള്ള ഏതെങ്കിലും തവ ഉപയോഗിക്കാം) ഏകദേശം അര ഗ്ലാസ് എണ്ണ ഉഴിച്ചു ചൂടാക്കുക ,(പച്ചവെള്ളം ചേർക്കാത്തത് കൊണ്ട് എണ്ണയും ,തക്കാളി നീരും ,ഇറച്ചിയിലെ വെള്ളവും മാത്രമാണ് ഇതിലെ ഗ്രേവി),ചൂടായ എണ്ണയിൽ കടുക് പൊട്ടിച്ചു വറ്റല് മുളകിട്ട് ചെറിയുള്ളി ചതച്ചതും ഇട്ട് വഴറ്റുക ,ഒരു മിനിട്ട് ഇളക്കിയ ശേഷം സവാള ഇട്ട് വഴറ്റുക ,സവാള ബ്രൌണ്‍ ആയ ശേഷം രണ്ടു സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക ,അതിനു ശേഷം പൊടിക്കൂട്ട് ഇടുക,നന്നായി ഇളക്കിക്കുക ,അതിനു ശേഷം തക്കാളി പേസ്റ്റ് ചേർക്കുക ,ഗ്രേവി കൂടുതൽ വേണമെങ്കിൽ തക്കാളി പേസ്റ്റ്ന്റെ അളവ് കൂട്ടാം ,ഇവ നന്നായി ഇളക്കി യോജിപ്പിക്കണം, മീഡിയം തീയിൽ വേണം ഇളക്കാൻ ,അതിനു ശേഷം പുളി വെള്ളം ഉഴിച്ചു മൂടി വച്ച് തിളപ്പിക്കുക , നന്നായി തിളച്ച ശേഷം ആവിശ്യത്തിന് ഉപ്പ് ചേർക്കുക ,ഇറച്ചിക്കുള്ള ഉപ്പ് ആദ്യമേ ചേർത്തിട്ടുണ്ട് എന്നത് ഓർക്കുക , ഇനി തേച്ചു വച്ചിരിക്കുന്ന ചിക്കൻ ചേർക്കാം.. അഞ്ചു മിനിറ്റ് മൂടി വയ്ക്കുക ,അതിനു ശേഷം പെരും ജീരകം പൊടിച്ചത് ചേർത്തു ചിക്കാൻ വേവുന്നത് വരെ ചെരുതീയിലിട്ട് മൂടി വയ്ക്കാം ... തീരെ ഡ്രൈ ആയിപോയെങ്കിൽ മാത്രം അല്പ്പം തിളപ്പിച്ച വെള്ളം ചേർക്കാം, ചാറു കുറുകി ചിക്കൻ നന്നായി വെന്ത ശേഷം വിനാഗിരി ഉഴിച്ചു മല്ലിയില ചേർത്തു അടുപ്പിൽ നിന്നും വാങ്ങാം ... രണ്ടോ മൂന്നോ ദിവസം കേടു കൂടാതെ ഇത് ഉപയോഗിക്കാവുന്നതാണ്. 
 .
 .
ഒരു ഗ്ലാസ്സ് തണുത്ത വെള്ളം തൊട്ടടുത്ത് വച്ചതിനു ശേഷം കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post