ബാംഗളൂരിൽ എന്റെ വീടിനു അടുത്ത് പലക്കാടുകാരനായ ഒരു പിള്ളച്ചേട്ടനും അദ്ദേഹത്തിന്റെ സഹധർമ്മിണി പിള്ളചേച്ചിയും (പേര് ചോദിക്കരുത് - അറിയില്ല. എല്ലാവരും അവരെ ചേച്ചി എന്ന് വിളിക്കുന്നു, അവിടുത്തെ കന്നടക്കാർ പോലും - ഞാൻ എളുപ്പത്തിനു പിള്ളചേച്ചി എന്നും) ഒരു വലിയ ആൽമരത്തിനു കീഴിൽ ഒരു കൂരകെട്ടി ഉപജീവനത്തിന് ഇഡ്ഡലി സാംബാർ ചട്ണി ചായ എന്നിവ ഉണ്ടാക്കി വിറ്റു ജീവിച്ചു പോന്നിരുന്നു - രാവിലെ മാത്രമേ കച്ചവടം ഉള്ളൂ. ഒരിക്കൽ എവിടെയോ പോയിട്ട് വരുന്ന വഴി മമ്മി അവിടെ നിന്നും ഇലയിൽ ഇഡ്ഡലി പൊതിഞ്ഞു വാങ്ങി - അന്ന് മുതൽ പിള്ള ചേച്ചിയുടെ പുദിന ചട്നിക്ക് ഞങ്ങൾ അടിയറവു പറഞ്ഞു ആജീവനാന്തകാല അടിമകൾ ആയി.
രണ്ടു പിടി പൊട്ടുകടല കുതിർത്തത്, ഒരു പിടി പുദിനയില, അല്പം വാളൻ പുളി, അഞ്ചാറു കൊച്ചുള്ളി, രണ്ടുമൂന്നു പച്ചമുളക്, ഒരു വെളുത്തുള്ളി രണ്ടു ചിരവ തേങ്ങ (2 ടേബിൾ സ്പൂണ്‍) ആവശ്യത്തിനു ഉപ്പു അരക്കാൻ വെള്ളം.അത്ര തന്നെ
നമ്മളെ പോലെ ചമ്മന്തി അരച്ച് പ്രത്യേക ആകൃതിയിലുള്ള പാത്രത്തിൽ നിരത്തണം എന്നോ, അതിന്റെ മേലെ കടുകും കറിവേപ്പിലയും വറ്റൽ മുളകും ഒക്കെ വറുത്തു ഒഴിച്ച് നിർത്തണം എന്നോ അതിന്റെ ഒരു പടം ഫേസ് ബുക്കിലും വാട്സപ്പിലും മറ്റും ഇടണം എന്നോ മറ്റും ഒരു വ്യവസ്ഥയും നിയമവും ഇല്ലാതിരുന്ന കാലം - പിള്ളചേച്ചി വെറുതെ ചമ്മന്തി അരച്ച് ഒരു സ്റ്റീൽ പാത്രത്തിൽ വെച്ചേക്കും, നല്ല പൂ പോലത്തെ വെളുത്ത ഇഡ്ഡലി കുട്ടന്മാരെ ഒരു കുട്ടയിൽ ഇലയിട്ടു അതിനടുത് വച്ചിരിക്കും.
ഞാനും ഇടയ്ക്കു ഒക്കെ ഉണ്ടാക്കും - ഇങ്ങനെയൊക്കെ അല്ലെ നമ്മുക്ക് നമ്മുടെ വേരുകളും വന്നവഴികളും ഓർക്കാൻ കഴിയൂ??
By: Sherin mathew
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes