~~.കാണി കോഴിക്കറി.~~
Recipe By:   Vinu Nair
Prepared By: Najiya Ershad‎
**************************
സത്യത്തിൽ ഇതൊരു പൊളപ്പൻ ചിക്കൻ ഡിഷ്‌ ആണ് , കോട്ടൂര് വന മേഖലയിലെ "കാണിക്കാർ" എന്നറിയപ്പെടുന്ന ആദിവാസികളുടെ റെസിപ്പിയാണ് , അവര് നാടൻ കോഴിയാണ് ഉപയോഗിക്കാറ് , ബ്രോയിലർ കോഴിയും ഉപയോഗിക്കാം. വളരെ വ്യത്യസ്തമായ ഒരു രീതിയിലാണ് ഇത് തയ്യാറാക്കുന്നത് .


 വേണ്ട സാധനങ്ങൾ -- 

കോഴി- മീഡിയം വലുപ്പത്തിലുള്ള പീസുകൾ ആക്കിയത് 

സവാള - നീളത്തിൽ അരിഞ്ഞത് 

ചെറിയ ഉള്ളി - ചതചെടുത്തത് 

തക്കാളി - വലിയ പീസാക്കി മുറിച്ചത് 

പച്ച മുളക് - കീറിയെടുത്തത് 

വെളിച്ചെണ്ണ 

ഉപ്പ് 

മഞ്ഞൾ പൊടി 

ഇഞ്ചി -വെളുത്തുള്ളി അരച്ചെടുത്തത് 

കറിവേപ്പില 

മല്ലിപ്പൊടി 

ചെറുനാരങ്ങാ നീര് 

പാൽപ്പാട/തൈര് - മൂന്നു സ്പൂണ്‍ 

മുളക് പേസ്റ്റ് - വറ്റല് മുളക് അഞ്ച് മിനിട്ട് വെള്ളത്തിൽ കുതിർത്തു വച്ചതിനു ശേഷം വെള്ളം മാറ്റി അരച്ചെടുക്കുക 

കടുക് 

കൊപ്പ്ര മസാല കൂട്ട് - ഒരു ചീന ചട്ടിയിൽ അല്പ്പം എണ്ണ ഉഴിച്ചു ചൂടാക്കി അതിൽ ജീരകം ,കൊപ്ര ചെറിയ പീസുകൾ ആക്കിയത്, പട്ട ,ഗ്രാമ്പു ,ഏലയ്ക്ക ,ജാതി ,തക്കോലം, കുരുമുളക് എന്നിവ ചെറുതീയിൽ മൂപ്പിച്ചു ബ്രൌണ്‍ നിറമാകുമ്പോൾ അടുപ്പത്തു നിന്നും മാറ്റി ചൂട് മാറിയതിനു ശേഷം അരച്ചെടുക്കുക. ഇത് തയ്യാറാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക,തവി കൊണ്ട് നിർത്താതെ ഇളക്കി കൊടുത്തില്ലെങ്കിൽ അടിക്കു പിടിച്ചു കയ്പ്പ് അനുഭവപ്പെട്ടാൽ കറി കുളമാകും.
 ************************************************

ഇനി തയ്യാറാക്കുന്ന വിധം -- 

ഒരു വലിയ ചെരുവം എടുക്കുക ,കൊപ്പ്ര മസാല കൂട്ട്,കടുക് എന്നിവയൊഴികേയുള്ള സകലതും കൂടി ഇട്ടു നല്ല വണ്ണം മിക്സ്‌ ചെയ്യുക ,കൈ കൊണ്ട് ഉള്ളിയും തക്കാളിയുമൊക്കെ ഉടയുന്നത് വരെ കുഴയ്ക്കുക , ഇറച്ചിയിൽ നല്ലവണ്ണം പിടിപ്പിച്ചു കഴിഞ്ഞാൽ അര മണിക്കൂർ മൂടി മാറ്റി വയ്ക്കാം .

സാധാരണ വലിയ ചെരുവത്തിൽ ആണ് ഉണ്ടാക്കാറെങ്കിലും വീട്ടില് എളുപ്പം പ്രെഷർകുക്കറാണ്, അര മണിക്കൂർ മൂടി മാറ്റിയ ചേരുവകൾ എല്ലാം കൂടി കുക്കറിൽ ഇട്ട് ആവിശ്യത്തിന് വെള്ളം ചേർത്തു അടച്ചു വച്ച്, നാടൻ കോഴിയാണെങ്കിൽ 5-6 ,സാധാ കോഴിയാണെങ്കിൽ 2-3 വിസിൽ കേട്ടതിനു ശേഷം(അതായത് മുക്കാൽ ഭാഗം വെന്തതിനു ശേഷം) , തുറന്നു "കൊപ്പ്ര മസാലകൂട്ട്" ചേർത്തു ഒരു തിള കൂടി തിളപ്പിക്കുക വെള്ളം കൂടുതൽ ആണെങ്കിൽ കുറുക്കിയെടുക്കുക ,മസാലയുടെ പച്ച മണം മാറി ഇറച്ചി നന്നായി വെന്ത് ഉപ്പും പുളിയും എരിവും ഒക്കെ ടെസ്റ്റ്‌ ചെയ്തതിനു ശേഷം , മറ്റൊരു ചട്ടിയിൽ എണ്ണ ഉഴിച്ചു കടുക് പൊട്ടിച്ച് ,അത് കറിയിൽ ചേർത്ത് ഇളക്കി അടുപ്പത്തു നിന്നും വാങ്ങാം .

ഉള്ളിയും തക്കാളിയും ഇഞ്ചിയും മസാലയും ഇട്ടു വഴറ്റുക തുടങ്ങിയ പരിപാടികൾ ഒന്നും കൂടാതെ സിമ്പിളായി പെട്ടന്ന് ഉണ്ടാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത,ഇറച്ചിക്കൂട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ആവശ്യാനുസരണം എടുത്ത് ഫ്രഷ് ആയി കറി ഉണ്ടാക്കാവുന്നതും ആണ് ,പൊടികളുടെയും മസാലയുടെയും മറ്റും അളവുകൾ എല്ലാം ആവിശ്യാനുസരണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം ,എന്നാലും ഇതൊരു റെഡിഷ് എരിവു കറിയാണ് എന്നത് ഓർക്കുക .

ടിപ്പ് - ഇറച്ചി കറികൾ ഉണ്ടാക്കുന്ന സമയത്ത് വെള്ളം ചേർക്കേണ്ടി വന്നാൽ ഒരിക്കലും പച്ച വെള്ളം ചേർക്കരുത് ,ഇറച്ചിയുടെ വേവിനെയും മസാലക്കൂട്ടിന്റെ അനുപാതത്തെയും അത് ബാധിക്കും , തിളപ്പിച്ച വെള്ളം മാത്രം ചേർക്കാൻ ശ്രദ്ധിക്കുക. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post