മുട്ട തീയൽ
എന്ത് കറി വെക്കണം എന്നാ ആശയ കുഴപ്പവും ആശയ ദാരിദ്ര്യവും സാമാന്യം മടിയും ഒക്കെ ഉള്ള അവസരങ്ങളിൽ നമ്മൾ ആശ്രയിക്കുന്ന ഒരു സവിശേഷ സാധനമാണല്ലോ മുട്ട.
എന്റെ അമ്മച്ചിയും (മമ്മിടെ അമ്മ) എന്റെ ഇച്ചിയും (മമ്മിടെ ചേച്ചി) മുട്ട തീയൽ specialists ആണ്. ഇവരിൽ ആരാണ് ഏറ്റവും നന്നായി ഇത് ഉണ്ടാക്കുന്നത് എന്ന് എനിക്ക് പറയാൻ കഴിയില്ല....
ഇന്ന് അതാകട്ടെ നിങ്ങള്ക്ക് വേണ്ടി ഇവിടെ
By: Sherin Mathew
മുട്ട - 3 എണ്ണം പുഴുങ്ങി തോട് കളഞ്ഞു ഓരോ മുട്ടയും 8 ആയി ചെറുതായി മുറിക്കുക.
1. തേങ്ങ തിരുമ്മിയത് - 1/2 മുറി തിരുമ്മിയത്
കൊച്ചുള്ളി - 3 എണ്ണം
വെളുത്തുള്ളി - 4 ചെറിയ അല്ലി (വലിയ ഉള്ളി എങ്കിൽ ഒന്നിന്റെ പകുതി എടുത്തു നാലായി മുറിച്ചെടുക്കുക)
പെരും ജീരകം - 1 ടി സ്പൂണ്‍
കുരുമുളക് - 10 മണികൾ
കറിവേപ്പില - 5 - 6 ഇതൾ (കതിര്പ്പല്ല)
മേൽ പറഞ്ഞവ ഒരു ചീനച്ചട്ടിയിൽ കരിയാതെ ഗോള്ടെൻ ബ്രൌണ്‍ നിറത്തിൽ മൂപ്പിക്കുക. ശേഷം താഴെ പറഞ്ഞവ ചേർത്ത് പൊടികളുടെ പച്ച മണം മാറുന്ന വരെ ചെറു തീയിൽ മൂപ്പിച്ചു അടുപ്പിൽ നിന്ന് ഇറക്കി ഒരു പരന്ന പാത്രത്തിൽ നിരത്തി ചൂടാറിയ ശേഷം മയമായി വെള്ളം തൊടാതെ അരച്ച് ഉരുട്ടി എടുക്കുക (ചട്ണി ജാറിൽ ഇട്ടു അരക്കുക, വെള്ളം ചെര്കാതെ പൊടിച്ചെടുക്കുക)
മല്ലി പൊടി - 1 ടി സ്പൂണ്‍
മുളക് പൊടി - 1 ടി സ്പൂണ്‍
മഞ്ഞൾ പൊടി - 1 / 4 ടി സ്പൂണ്‍
2. കൊച്ചുള്ളി - 15 എണ്ണം (അല്ലെങ്കിൽ ഒരു ചെറിയ സവാള കൊച്ചുല്ലിയെ മനസ്സില് ധ്യാനിച്ച് ചെറുതായി മുറിച്ചെടുക്കുക)
പച്ചമുളക് - 3 എണ്ണം അറ്റം പിളർന്നത്
ഇഞ്ചി - 1/2 ടി സ്പൂണ്‍ (കൊത്തിയരിഞ്ഞത്)
വെളുത്തുള്ളി - 1/2 ടി സ്പൂണ്‍ (കൊത്തിയരിഞ്ഞത്)
ഉപ്പു - ആവശ്യത്തിനു
കറിവേപ്പില - 2 കതിർ
3. തക്കാളി - 1 ചെറിയത്
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂണ്‍
കടുക് - 1/ 2 ടി സ്പൂണ്‍
ഗരം മസാല - 1/ 2 ടി സ്പൂണ്‍.
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ (അല്ലെങ്കിൽ കറി വെക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ) എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം 2)മത് പറഞ്ഞവയും ആവശ്യത്തിനു ഉപ്പും ചേർത്ത് വഴറ്റുക
.
ഇവ വഴന്നു കഴിഞ്ഞാൽ അരപ്പ് ചേർത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക.
ഇനി ഇതിലേക്ക് തക്കാളി ചേര്ക്കാം.
ചട്ണി ജാര് കഴുകിയ വെള്ളത്തിന് പുറമേ ആവശ്യത്തിനു ചാറിനുള്ള വെള്ളം മാത്രം ചേർത്ത് കറി തിളച്ചു എണ്ണ തെളിയുമ്പോൾ 1/2 ടി സ്പൂണ്‍ ഗരം മസാല ചേർത്ത് ഇളക്കി മുറിച്ചു വെച്ച മുട്ട കഷണങ്ങൾ ചേർത്ത് അടുപ്പിൽ നിന്നും ഇറക്കാം.
Points to Ponder
1. തേങ്ങ നല്ല വിളഞ്ഞതവണം എങ്കിലെ മൂപിക്കുംബൊ എണ്ണ കിനിഞ്ഞു സ്വാദുണ്ടാവൂ.ഒരേ രീതിയിൽ തിരുംമിയാതവണം പീര. ഇല്ലെങ്കിൽ വറുക്കുമ്പോൾ ചെറിയ പീര വേഗം മൂത്ത് കരിയുകയും കറിയുടെ സ്വാദ് പാടെ നഷ്ടമാവുകേം ചെയ്യും.
2. മുട്ട ഇറച്ചിയുടെ വര്ഗം ആയതിനാൽ സാധാരണയിൽ നിന്നും അല്പം കൂടുതൽ പെരും ജീരകം ചേർക്കുന്നു.
3. ചെറിയ അളവിൽ പുളി ചേര്ക്കണം എന്നൊരു കീഴ്വഴക്കo തീയലിലുണ്ട്. മുട്ട ആയതിനാൽ ഇതിലേക്ക് ഞാൻ തക്കാളി ഉപയോഗിക്കുന്നു. സാധാരണ നല്ല നാടൻ പാചകവിധികളിൽ തക്കാളി നമ്മുടെ മുന് തലമുറക്കാർ ഉപയോഗിക്കാറില്ല.
4. തീയൽ കുറുകി ഇരിക്കണം എന്നതാണ് ഒരു പഴക്കം. അതിനാൽ ഒരു പാട് വെള്ളം ഒഴിക്കാതെ ശ്രെദ്ധിക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes