കൊത്തു കോഴി
By: Sherin Mathew
എന്നാ ഒരു പേരാ അല്ലെ?
മുറ്റത്ത് കൊത്തു കൂടിക്കൊണ്ടിരുന്ന രണ്ടു കോഴികളിൽ ഏറ്റോം കൂടുതൽ പൊക്കത്തിൽ ചാടി കൊത്തിയ ഒന്നിനെ പിടിച്ചു കണ്ടിച്ചു ചട്ടീലാക്കി - പേരും ഇട്ടു - കൊള്ളാമോ?
എന്നാൽ അല്ല
ഇത് നാഗർകോയിൽ സ്പെഷ്യൽ കൊത്തു കോഴി
ഇത് ആദ്യമായിട്ടാണ് ഞാൻ ഉണ്ടാക്കുന്നത് - പറഞ്ഞുതന്നത് എന്റെ ഒരു നല്ല സുഹൃത്ത് - മാർത്താണ്ടം സ്വദേശി
കോഴി വേവിച്ചു എല്ലിൽ നിന്നും അടർത്തി എടുത്തു അതിനെ ഉള്ളി മൂപ്പിച്ചു അതിലേക്കു ചേർത്ത് ഒരു കനമുള്ള ചട്ടുകം കൊണ്ട് കൊത്തി നുറുക്കി ചേർത്ത് ഉലർത്തി മൂപ്പിച്ചു എടുക്കുന്നതാണ് ഇതിന്റെ രീതി.
ബോണ്‍ലെസ്സ് മാംസം വില്ക്കുന്ന അത്യാധുനീക സൂപ്പർമാർക്കറ്റുകളും ബസാറുകളും മറ്റുമില്ലാത്തതിനാലാവാം നാഗർകോവിൽകാര് കോഴി വേവിച്ചു ഇറച്ചി എല്ലിൽ നിന്നും അടർത്തി എടുക്കുന്നത്. ഞാൻ ബോണ്‍ലെസ്സ് ചിക്കെൻ തൈസ് തിരഞ്ഞെടുത്തു.
രണ്ടു തരം എണ്ണകൾ ഉപയോഗിക്കുന്നു - കടല എണ്ണയും വെളിച്ചെണ്ണയും.
നിങ്ങളും അങ്ങിനെ ചെയ്തു നോക്കണം - അതാണ് അതിന്റെ രീതി.
ഹോട്ടൽ വിഭവം ആയതിനാൽ അല്പം എണ്ണ കൂടുതൽ ചേർക്കുന്നുണ്ട് - നിങ്ങൾക്ക് അല്പം കുറയ്ക്കാം.
വളരെ ലളിതമായ ഈ റെസിപി നിങ്ങളുടെ ചിക്കൻ റെസിപി കളക്ഷനിൽ ഒരു സ്ഥാനം പിടിക്കട്ടെ
ബോണ്‍ലെസ്സ് ചിക്കെൻ ബ്രെസ്റ്റ്/തൈ - 1 ട്രേ (450 ഗ്രാം - ഒരു പൌണ്ട് )
ഇത് അല്പം മഞ്ഞളും ഉപ്പും (ഞാൻ ഇത്തിരി പെരുംജീരകം കൂടി ചേർത്തു - ഒരു നല്ല മണത്തിനു) ചേർത്തു വേവിക്കുക. വെന്താൽ കോഴി ഇതിൽ നിന്നും എടുത്ത് മാറ്റുക.
ഇറച്ചി വെന്ത വെള്ളത്തിലേക്ക് താഴെ പറയുന്നവ ചേർക്കുക
കാശ്മീരി മുളക്പൊടി - 1.5 ടേബിൾ സ്പൂണ്‍
മല്ലിപൊടി -1.5 ടേബിൾ സ്പൂണ്‍
മഞ്ഞള്പൊടി - 1 ടി സ്പൂണ്‍
പെരുംജീരകം പൊടിച്ചത് - 1.5 ടേബിൾ സ്പൂണ്‍
കടല എണ്ണ - 1 ടേബിൾ സ്പൂണ്‍
ഉപ്പു ആവശ്യത്തിനു
ഇത് ഒന്ന് തിളക്കുമ്പോൾ കോഴി അതിലേക്കു ചേർത്തു തിളപ്പിക്കുക - അല്പം ചാറു ബാക്കി നിൽക്കേ തീ അണക്കാം.
ഇനി ഇറച്ചി അതിൽ നിന്നും എടുത്ത് ഒന്ന് നുള്ളികീറുക.
ഇനി താഴെ പറയുന്നവ തയ്യാറാക്കുക
സവാള - 4 വലുത് നുറുക്കി എടുക്കുക
തക്കാളി - 1 വലുത് വട്ടത്തിൽ മുറിച്ചെടുക്കുക
ഒരു പാനിൽ 2 ടേബിൾ സ്പൂണ്‍ കടല എണ്ണ ഒഴിച്ച് നുറുക്കിയ സവാളയും അല്പം ഉപ്പും ചേർത്തു ബ്രൌണ്‍ നിറത്തിൽ മൂപ്പിക്കുക.
ഇതിലേക്ക് പിഞ്ചിയ കോഴി ചേർത്തു ഇളക്കി മൂപ്പിക്കുക. ഇറച്ചിയുടെ ചാറു കൂടി ചേർത്തു നന്നായി വരട്ടുകയും നല്ല കനമുള്ള ഒരു ചട്ടുകം വെച്ച് കോഴി കൊത്തി നുറുക്കുക.
ഇനി വട്ടത്തിൽ മുറിച്ച തക്കാളി ചേർത്തു ഇളക്കി 2 ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേർത്തു നന്നായി ഉലർത്തുക. 1/2 ടി സ്പൂണ്‍ പെരുംജീരകം പൊടിച്ചത് കൂടി ചേർത്തു നന്നായി ഇളക്കി പാത്രത്തിലേക്ക് മാറ്റുക
എനിക്ക് വളരെയേറെ ഇഷ്ടമായി ഈ കൊത്തു കോഴി - ഇന്ന് മുഴുവൻ ഞങ്ങളടെ കുടുബത്തിന് കൊത്തു കൂടി കൊത്തി പെറുക്കാനുള്ളതായി.
രാത്രി കുറെ ചപ്പാത്തി കൂടി ഉണ്ടാക്കണം
ഒരു 12 പൊറോട്ടയും ഈ കൊത്തു കോഴിയും തരും - എന്നാ ഒരു കൈ നോക്കുന്നോ?
PS : ഈ കൊത്തു കോഴി ജൂബിലി ഹോട്ടൽ നാഗർകോവിൽ സ്പെഷ്യൽ ആണ്. പല റെസിപി ഞാൻ റെഫർ ചെയ്തു എങ്കിലും ഇതാണ് ശരിയായ രീതി എന്ന് ആണ് എന്റെ സുഹൃത്ത് ഉപദേശിച്ചത് - അപാര സ്വാദാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes