നിങ്ങൾക്ക് എത്ര തരം പരിപ്പ് കറി ഉണ്ടാക്കാൻ അറിയാം? 
നാടൻ രീതി മുതൽ തുടങ്ങിയാൽ പല തരം പരിപ്പ് കറികൾ ഉണ്ട്.
By: Sherin Mathew

താഴെ നോക്കൂ

1. തേങ്ങയും വെളുത്തുള്ളിയും ജീരകവും മഞ്ഞളും പച്ചമുളകും കറിവേപ്പിലയും അരച്ച് കലക്കി ചേർത്ത് കടുക് താളിച്ചെടുക്കുന്ന കറി 

 ഈ കറി തുവര പരിപ്പ് കൊണ്ടും ചെറുപയർ പരിപ്പുകൊണ്ടും ചെയ്യാം.

ചെറുപയർ ചട്ടിയിൽ ഇട്ടു ചൂടാക്കി മൂപ്പിച്ചു അത് മുറത്തിൽ ഇട്ടു തിരുമ്മി തോല് കളഞ്ഞു കൈ കൊണ്ട് അമർത്തി തേച്ചു പരിപ്പ് പിളര്ന്നു വെക്കുന്ന പരിപ്പുകറിയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്.

2. പരിപ്പിന്റെ കൂടെ പടവലമോ ദൂധിയോ മുള്ളങ്കിയോ മുരിങ്ങക്കയോ, മുരിങ്ങയിലയോ,ചീരയോ, ഒക്കെ ചേർത്ത് ഈ കറി വെക്കാം. 

3. പരിപ്പ് പുളിങ്കറി വെക്കാം - പരിപ്പ് ഉപ്പും മഞ്ഞളും കൊച്ചുള്ളിയും തക്കാളിയും ചേർത്ത് വേവിച്ചു അതിലേക്കു പുളി പിഴിഞ്ഞ് ചേർത്ത് കടുകും കറിവേപ്പിലയും വറ്റൽമുളകും താളിച്ച്‌ ഒരു നുള്ള് മുളക് പൊടി കൂടി ഇട്ടു മൂപ്പിച്ചു എടുക്കുന്ന ഈ കറിയും ഒരു തുണ്ട് ഉണക്ക മീൻ വറുത്തതും കൂടി ഉണ്ടെങ്കിൽൽൽൽ - ലതു തന്നെ 

4. പരിപ്പ് വറുത്തരച്ചു കറി - തേങ്ങയും കൊച്ചുള്ളി വെളുത്തുള്ളി വറ്റൽ മുളക് മല്ലി എന്നിവ ചേർത്ത് മൂപ്പിച്ചു അത് അരച്ച് വേവിച്ച പരിപ്പിലേക്ക് ചേർത്ത് തിളച്ചു എണ്ണ തെളിഞ്ഞാൽ കടുക് വറത്ത് ഇടുക - ഉണക്ക മീൻ വറക്കാൻ മറക്കല്ലേ - നല്ല ചാക്കരി ചോറും 

5. ദാൽ ചാവലിന്റെ ദാൽ - മസൂർ ദാൽ ഉപ്പും മഞ്ഞളും ചേർത്ത് വെന്താൽ എണ്ണയിൽ ജീരകം കടുക് വെളുത്തുള്ളി വറ്റൽ മുളക് കറിവേപ്പില (മിക്കവാറും സുക്ക/ഉണക്ക കരിവേപ്പിലയാണ് ഉപയോഗിക്കാറ്) ചേർത്ത് കടുതാളിച്ച്‌ ചേർക്കുന്നു

6. ദാൽ പാലക് 
 ചെറുപയർ പരിപ്പ് ഉപ്പു ചേർത്ത് വേവിക്കുക.
എണ്ണയിൽ കടുക് ജീരകം എന്നിവ മൂപ്പിച്ചു അല്പം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മൂപ്പിക്കുക. പിറകെ സവാള അറിഞ്ഞത് ചേർത്ത് മൂപ്പിച്ചു ചുവന്നു വരുമ്പോൾ മഞ്ഞൾ അല്പം മുളക്പൊടി എന്നിവ ചേര്ക്കുക. ഇനി ഇതിലേക്ക് അരിഞ്ഞ പാലക് ചേർത്ത് വഴന്നാൽ വേവിച്ച ദാലും ആവശ്യത്തിനു അല്പം വെള്ളവും ചേർത്ത് തിളപ്പിച്ച്‌ എടുക്കാം

7. പിന്നെ പരിപ്പ് തോരൻ
8.പരിപ്പും പടവലവും തോരൻ
9. പരിപ്പും കുഞ്ഞുള്ളിയും തോരൻ
10. . പരിപ്പ് സാംബാർ, 
11. പരിപ്പ് കുളമ്പ്, 
12 പരിപ്പ് അരച്ചുവിട്ട കറി, 
13. പരിപ്പ് കാരകുളംബ്, 
14. ബാഗാർ കി ദാൽ, 
15. ദാൽ ഫ്രൈ എന്നിങ്ങനെ എത്ര തരം പരിപ്പ് കറികൾ

 ശരി എങ്കിൽ ഈ കറി ഒന്ന് നോക്കൂ - എൻറെ വളരെ അടുത്ത സുഹൃത്ത്‌ ഷൈനി കൊച്ചിന്റെ സ്പെഷ്യൽ ആണ് ഈ കറി - അവൾ വെക്കുന്ന ആ കറിയുടെ രുചി ഒന്ന് വേറെ തന്നെ ആണ് 

 ഒരുപാടു ആഡംബര കറികൾ ഒന്നും വെക്കില്ലെങ്കിലും അവൾടെ ബീന്സ് തോരനും മീങ്കറിയും പരിപ്പുകറിയും എനിക്ക് "ക്ഷ" പിടിക്കും.

ചെറുപയർ പരിപ്പ് - 1 ടി കപ്പ്‌ 
 അല്പം വെള്ളവും ഉപ്പും 1/4 ടി സ്പൂണ്‍ മഞ്ഞൾപൊടിയും,സവാള ചെറുതായി അരിഞ്ഞെടുത്തതും, 3 പച്ചമുളക് കീറിയതും ചേർത്ത് അടുപ്പത് വേവിക്കാൻ വെക്കുക 

 വെന്തു കഴിഞ്ഞാൽ ജീരകം, 6-8 വെളുത്തുള്ളി മുഴുവനെ (വലുതാണെങ്കിൽ 3 - 4എണ്ണം കീറി എടുക്കുക) കറിവേപ്പിലയും വറ്റൽമുളകും ചേർത്ത് കടുക് വറത്ത് ചേര്ക്കുക.

പിന്നാലെ 2 ടേബിൾ സ്പൂണ്‍ മല്ലിയില അരിഞ്ഞതും കൂടി ചേർത്ത് ഇളക്കി വാങ്ങുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post