വിപണിയിൽ കിട്ടുന്ന റെഡി മെയിഡ് സാമ്പാർ പൊടി ഉപയോഗിക്കാതെ ഒരു നല്ല സാമ്പാറ് ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് ഒരുപാട് പേര് ചോദിച്ചു കണ്ടിട്ടുണ്ട്.

ഇതൊന്നു പരീക്ഷിച്ചു നോക്കുന്നോ? 
By: Sherin Mathew

ആദ്യം 1 ടി കപ്പ്‌ തുവരപരിപ്പ്‌ കുക്കെറിൽ ഒരു നാല് വിസിൽ കേക്കുന്ന വരെ വേവിക്കുക

തീ ഓഫാക്കി കുക്കെർ തണുക്കുന്ന സമയം കൊണ്ട് 3 ടി കപ്പ്‌ നിറയെ പച്ചകറികൾ ഒരുക്കി എടുക്കുക

സാമ്പാറിൽ ഒരുപാട് തരം സാധനങ്ങൾ ഇടാതെ ഇരിക്കുന്നതാണ് നല്ലത്

ഒരു ചെറിയ ഉരുള കിഴങ്ങ്
ഒരു എത്തക്കയുടെ പകുതി
ഒരു കാരറ്റിന്റെ പകുതി
പടവലം രണ്ടു വളയം കട്ട് ചെയ്തു നുറുക്കി എടുത്ത്
ചേന ഒരു ചെറിയ തുണ്ട്
ഒരു ചെറിയ വളയം ഇളവൻ നുറുക്കിയത്
ഒരു പിടി കൊച്ചുള്ളി
അമരപയർ - 3 എണ്ണം നുറുക്കിയത്
4 പച്ചമുളക്

ഇത്രയും സാധനങ്ങൾ വെന്ത പരിപ്പിലേക്ക് ചേർത്ത് വേവിക്കാൻ വെക്കുക.

കഷണങ്ങൾ ഏകദേശം വെന്താൽ അതിലേക്കു ഒരു ചെറിയ ഉരുള പുളി കുതിർത്തു പിഴിഞ്ഞ ചാറും ആവശ്യത്തിനു ഉപ്പും ചേർക്കുക.

കറിവേപ്പില എന്നൊരു സാധനം ഞാൻ ചേർത്തിട്ടില്ല എന്ന് നിങ്ങൾ ശ്രദ്ധിച്ചോ? എന്നാൽ ഇപ്പഴൊന്നും അത് ചേർക്കാൻ എനിക്ക് ഉദ്ദേശമില്ല.
അത് ചേർക്കാൻ ഒരു പ്രത്യേക മുഹൂർത്തമുണ്ട്.

സാമ്പാറ് തയ്യാറാക്കുമ്പോൾ പല മുഖങ്ങൾ എൻറെ കണ്മുന്നിൽ തെളിയും

പുളി ചേർക്കുമ്പോൾ എൻറെ അമ്മായിയമ്മയെയും, പൊടികളും കായവും ചേർക്കുമ്പോൾ സിന്ധു എന്ന തിരുവനന്തപുരംകാരി വീട്ടമ്മയെയും കറിവേപ്പില ചേർക്കുമ്പോൾ ദേവകി അന്തർജ്ജനം എന്നൊരു പരിചയക്കാരി ചേച്ചിയെയും, കടുക് പൊട്ടിക്കുമ്പോൾ എൻറെ മമ്മിയെയും ഞാൻ നന്ദിയോടെ ഓർക്കാറുണ്ട്. പലതരം സാമ്പാറിന്റെ വിധികൾ ഇവരൊക്കെ പഠിപ്പിച്ചിട്ടുണ്ട്

പുളിയും ഉപ്പും കഷണങ്ങൾ ഒരുവിധം വെന്താലാണ് ചേർക്കാര്. നേരത്തെ ചേർത്താൽ കഷണങ്ങൾ വേവാൻ താമസിക്കും - മിക്കവാറും വലിയ പാടായിരിക്കും വേവാൻ.

ഉപ്പും പുളിയും ചേർന്ന് കഴിഞ്ഞാൽ ഇതിലേക്ക് താഴെ കൊടുത്തിരിക്കുന്നവ ചേർക്കുക

2.5 ടേബിൾ സ്പൂണ്‍ മല്ലിപൊടി
1 ടേബിൾ സ്പൂണ്‍ മുളക് പൊടി
1/2 ടി സ്പൂണ്‍ മഞ്ഞള്പൊടി
1/2 ടീസ്പൂണ്‍ കുരുമുളക് പൊടി
1/2 ടി സ്പൂണ്‍ ജീരകം പൊടിച്ചത്

ഇനി ഇതിലേക്ക് 1 മീഡിയം തക്കാളി അരിഞ്ഞത്, 1/2 കോല് മുരിങ്ങക്ക നുറുക്കിയത്, 1 ഉണ്ടകത്തിരിക്ക നുറുക്കിയത് എന്നിവ ചേർക്കുക

ഇവ ഒന്ന് വെന്തു നയന്നാൽ, വെണ്ടയ്ക്ക നുറുക്കിയത് ചേര്ക്കാം.

ഇനി കായം (കട്ടകായം എന്നാൽ ഒരു ചെറിയ കഷണം - പൊടി എങ്കിൽ 1 ടി സ്പൂണ്‍ - ചിലര്ക്ക് കായത്തിന്റെ രുചി മുന്നില് നില്ക്കണം, അപ്പോൾ അതനുസരിച്ച് ചേർക്കുക)

കായം ചേർന്ന് കഴിഞ്ഞാൽ സാമ്പാർ അധികം ഇട്ടു തിളപ്പിക്കാൻ പാടില്ല - കായം വെന്തു രുചി മാറും

കായത്തിന് പിറകെ നല്ലപോലെ 3 തണ്ട് കറിവേപ്പില ഊരി സാമ്പാറിലേക്ക് ഇട്ടു മൂടി കൊണ്ട് അടച്ചു തീ അണക്കുക. തണ്ടും ഇടാം

താളിക്കാൻ
കൊച്ചുള്ളി - 3 എണ്ണം അരിഞ്ഞത്
വെളുത്തുള്ളി - 6 എണ്ണം നുറുക്കിയത് / പിളര്ന്നത്
ഉലുവ - 1/2 ടി സ്പൂണ്‍
കടുക് - 1/2 ടി സ്പൂണ്‍
ജീരകം - 1/2 ടി സ്പൂണ്‍
കുരുമുളക് - 10 എണ്ണം
എണ്ണ - ആവശ്യത്തിനു (ഞാൻ നല്ലെണ്ണ ആണ് ഉപയോഗിക്കാറു - 3 ടേബിൾ സ്പൂണ്‍ വരെ ഉപയോഗിക്കും)
മല്ലിയില - 2 ടേബിൾ സ്പൂണ്‍ (വേണ്ടാത്തവർ ചേർക്കേണ്ട)

ആദ്യം ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ഉലുവ മൂപ്പിച്ചു കടുക് പൊട്ടിച്ചു അതിലേക്കു ജീരകം ചേർത്ത് മൂപ്പിക്കും, പിറകെ കുരുമുളക് ചേർക്കും. ഇതിലേക്ക് വെളുത്തുള്ളി, കൊച്ചുള്ളി ഇവ ചേർത്ത് മൂപ്പിച്ചു (ഒരു നുള്ള് കായം + 1/4 ടി സ്പൂണ്‍ ഉലുവപൊടി കൂടി ചേർത്താൽ ബഹു വിശേഷം) വെന്ത സാമ്പാറിലേക്ക് ചേർത്ത് ഇളക്കുക

അവസാനം മല്ലിയില കൂടി ചേർത്ത് ഇളക്കി അടച്ചു വെക്കുക 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post