ഒരു സാദാ നാടൻ ബിരിയാണി 

ഇന്നലെ രാത്രി ഞങ്ങൾ ഡിന്നർ പുറത്തു പോയി 
കഴിക്കാൻ തീരുമാനിച്ചു 

എവിടെ ചെന്നാലും അമ്മൂന് ഒരൊറ്റ സാധനമേ വേണ്ടൂ - മട്ടൻ ബിരിയാണി

പക്ഷെ ഒരിടത്തെയും ബിരിയാണി കുറ്റം തീർന്നു ഒട്ടു കഴിക്കുകേം ഇല്ല

പതിവ് പോലെ ഇന്നലയും ഒരു വാ കഴിച്ചിട്ട് കാറ്റ് പോയ ബലൂണ്‍ പോലെ എല്ലാ ആവേശവും പോയി ചുണ്ട് കോട്ടി

ഇതൊക്കെ അറിയുന്ന ഞാൻ അവളോട്‌ ചോദിച്ചു "അമ്മൂന് എവിടുത്തെ ബിരിയാണി ആണ് ഏറ്റോം ഇഷ്ടം ?"

സ്ട്യുടെന്റസ് ബിരിയാണി (പാക്കിസ്ഥാനി ജോയിന്റ് ആണ് - ഞാൻ പ്രതീക്ഷിച്ച ഉത്തരം)

വേറെ? ഞാൻ കിള്ളി ചോദിച്ചു

മമ്മേടെ ബിരിയാണി സൂപ്പെറാ - ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു

അതെന്താ? വീണ്ടും ഞാൻ (അവള്ടെ വായീന്ന് കേക്കാനുള്ള കൊതി കൊണ്ടാണേ - പെണ്ണ് മാർക്കിട്ടാൽ ഇട്ടതാ)

മമ്മ പാകിസ്താനി മസാലയ എപ്പഴും ഇടുന്നെ - ഇവള് കൊള്ളാല്ലോ!!!

ഇത്രയും എന്നെ പുകഴ്ത്തിയ സ്ഥിതിക്ക് ഒരു ബിരിയാണി വെച്ച് കൊടുത്തില്ലേൽ മോശമല്ലേ

അത് കൊണ്ട് ഞാൻ തീരുമാനിച്ചു അവിട്ടം പ്രമാണിച്ച് ഒരു സാദാ നോണ്‍ വെജ് ബിരിയാണി തന്നെ

തൈരും പനിനീരും സാജീരകവും മറ്റു ആഡംബരങ്ങൾ ഒന്നുമില്ലാതെ ബസ്മതി ലോങ്ങ്‌ ഗ്രെയിൻ അരി കൊണ്ടല്ലാതെ ഒരു ബിരിയാണി

ഇറച്ചി ഇല്ലായിരുന്നതിനാൽ മുട്ടയിൽ ഒതുക്കി

ആദ്യം 2 കപ്പ്‌ ജീര അരി (ജീരകശാല അരി) കഴുകി വാരി വെള്ളം വാലാൻ വച്ചു

പിന്നെ ഒരു കട്ടിയുള്ള പാത്രത്തിൽ കുറച്ചു നെയ്‌ ഒഴിച്ച് 3 കഷണം പട്ട 5 ഏലക്ക 5 ഗ്രാമ്പൂ 1 പുത്തിൽ 8-10 കുരുമുളക് മണി രണ്ടു മൂന്ന് വയണയില 2 ജാതി പത്രി എന്നിവ മൂപ്പിച്ചു അതിലേക്കു 3.5 ഗ്ലാസ്‌ വെള്ളം ചേർത്ത് (ദം ചെയ്യുന്ന കൊണ്ട് അരിക്ക് ഇരട്ടി വെള്ളം എന്ന കണക്കു അല്പം വെട്ടി കുറച്ചു) കുങ്കുമ പൂവും ചേർത്ത് തിളച്ചപ്പോൾ അരി ചേർത്ത് വറ്റിച്ചു മാറ്റി വെച്ചു

നെയ്യ്ടെ മണമടിച്ചപ്പോൾ ലവൾ പതുക്കെ അടുക്കളയിൽ എത്തി

ചോറിലേക്ക്‌ നോക്കി ചോദിച്ചു - ഘീ റൈസാ??
"അല്ല" എന്ന് ഞാൻ
ഇനി ഈ പുതിയ പരീക്ഷണം ഇന്ന് തിന്നണമല്ലോ എന്ന വ്യാകുലതയോടെ അവൾ എന്നെ ഒന്ന് നോക്കി, പിന്നെ അടുത്ത ചോദ്യം

"മാമ്മായ്ക്ക് ലെമണേഡ് ഒണ്ടാക്കാനറിയാമോ?"
ങ്ങേ! ഇവക്കെന്നാ പറ്റി ഇത്!!!

"ഈ ലെ--മ--ണേ--ഡ് എന്ന് പറഞ്ഞാൽ നാരങ്ങാ വെള്ളം തന്നെ അല്ലെ അതോ ഇനി വേറെ വല്ല കണ്ടുപിടുത്തോം ഉണ്ടായോ പുതിയതായിട്ട്?"

"അല്ല നാരങ്ങ വെള്ളം തന്നെയാ, ഇത്തിരി സ്റ്റൈൽ ഇട്ടതാ" എന്നിട്ട് കണ്ണാടീടെ മുകളിലൂടെ എന്നെ ഒന്ന് ചുഴിഞ്ഞു നോക്കി

"അമ്മു മമ്മായ്ക്ക് 4 മുട്ട എടുത്തു കൊണ്ട് തന്നേ" എന്ന് ഞാൻ

"ഓ എഗ്ഗ് ബിരിയാണി!!" എല്ലാം മനസ്സിലായി എന്ന മട്ടിൽ അവൾ എന്നെ ഒരു കള്ള നോട്ടം നോക്കി

മുട്ട വേകാൻ അടുപ്പത്തു വെച്ച നേരം കൊണ്ട് 2 സവാള അരിഞ്ഞെടുത്തു
2 ഇഞ്ച്‌ ഇഞ്ചിയും 1 വെളുത്തുള്ളിയും ചതച്ച്‌ എടുത്തു ( ടേബിൾ സ്പൂണ്‍ വീതം)

4 പച്ചമുളകും ചതച്ച്‌ വച്ചു

2 തണ്ട് കറിവേപ്പില ഊരി വച്ചു
ഓരോ പിടി പുതിനയിലയും മല്ലിയിലയും അരിഞ്ഞു വെച്ചു
1 വലിയ തക്കാളിയും അരിഞ്ഞു വച്ചു - ഏകദേശം എല്ലാമായി

ഒരു ചെറ്യേ (സ്പാന്നർ അല്ല) സവാള നേർമയായി അരിഞ്ഞു
അണ്ടിപരിപ്പും കിസ്മിസും എടുത്തു വച്ചു

എന്നിട്ട് ഒരു കട്ടിയുള്ള ചീനച്ചട്ടി അടുപ്പത്ത് വെച്ചു അതിലേക്കു 1/2 കപ്പ്‌ (ടി കപ്പ്‌ കേട്ടോ - 4-6 ടേബിൾ സ്പൂണ്‍ ) സണ്‍ഫ്ലവർ ഓയിൽ ഒഴിച്ചു. എന്നിട്ട് അണ്ടിപരിപ്പും കിസ്മിസും മൂപ്പിചെടുത്തു.

പിന്നീട് അവസാനം അരിഞ്ഞ സവാള ഗോള്ടെൻ നിറത്തിൽ വറുത്തു കോരി

ആ എണ്ണയിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചവ ഇട്ടു ഒന്ന് വഴറ്റി
പിന്നീട് ആദ്യം അരിഞ്ഞ സവാള അല്പം ഉപ്പും കറിവേപ്പിലയും ചേർത്ത് വഴറ്റി ചെറിയ തീയില അടച്ചു വച്ചു വേവിച്ചു

പിന്നെ മൂടി തുറന്നു 2 ടേബിൾ സ്പൂണ്‍ മല്ലിപൊടി, 1 ടി സ്പൂണ്‍ മുളക്പൊടി, 1/2 ടി സ്പൂണ്‍ മഞ്ഞൾപൊടി എന്നിവ ചേർത്ത് വഴറ്റി അതിലേക്കു മല്ലിയില പുതിനയില എന്നിവ ചേർത്ത് നന്നായി എണ്ണ തെളിയുവോളം പൊടികൾ കരിയാതെ വഴറ്റി

പിന്നീട് തക്കാളി കൂടി ചേർത്ത് വഴറ്റി മൂടി വേകാൻ വച്ചു

ഈ നേരം മുട്ടകുട്ടന്മാരെ പൊളിച്ചെടുത്ത് റെഡി ആക്കി വച്ചു

മൂടി തുറന്നു 1 ടി സ്പൂണ്‍ ഗരം മസാല കൂടി ചേർത്ത് വഴറ്റി 1 നാരങ്ങയുടെ നീരും ചേർത്ത് ഇളക്കി തീ ഓഫാക്കി

ഒരു നല്ല കട്ടിയുള്ള പാത്രത്തിൽ ആദ്യം 4 ടേബിൾ സ്പൂണ്‍ എണ്ണയും 1/2 കപ്പ്‌ തിളച്ചവെള്ളവും ഒഴിച്ചിട്ടു അതിനു മേലെ ചോറിന്റെ പകുതി നിരത്തി

പിന്നെ അതിനു മുകളിൽ വറുത്ത സവാളയുടെയും അണ്ടിപരിപ്പ് കിസ്സ്മിസ് എന്നിവയുടെയും മുക്കാൽ ഭാഗവും കുറച്ചു മല്ലിയിലയും പുതിനയിലയും വിതറി

എന്നിട്ട് മുട്ട മസാല മുഴുവനും അതിന്റെ പുറത്തേക്കു നിരത്തി മുട്ടയും വരഞ്ഞു അതിനു മേലെ നിരത്തി
ബാക്കി ചോറ് ഇതിനു മേലെ ഇട്ടു മീതിയുള്ള സവാള വറുത്തതും അണ്ടിപരിപ്പ് കിസ്സ്മിസ്സും മല്ലിയില പുതിനയിലയും അതിനു മേലെ വിതറി.

എന്നിട്ട് വളരെ നേരിയ തീയില 20 മിനിറ്റ് അടച്ചു വച്ചു ആവി കയറ്റി ദം ഇട്ടു

പിന്നെ മൂടി തുറന്നത് മാത്രമേ ഒരു ഒര്മയുള്ളൂ - ഒരു വെടിയും ഒരു മിന്നലും മാത്രം(പോട്ടം പിടിച്ചതാ..)

നിമിഷ നേരം കൊണ്ട് എല്ലാം ഹിസ്റ്ററി ആയി

tongue emoticon

1 Comments

Our Website is One of the Largest Site Dedicated for Cooking Recipes

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post