വട പിന്നെ കുറെ ദഹി വടകൾ (തൈര് വട) 
By: Sherin Mathew

വട ഉണ്ടാക്കാൻ (എല്ലാര്ക്കും അറിയാം എന്നാലും നിങ്ങള്ക്ക് ഒരു ചുക്കും അറിയില്ല എന്ന് ഭാവിക്കലാണല്ലോ ഈ റെസിപി എഴുത്തിന്റെ ഒരു ഇത്) 

2 കപ്പ്‌ ഉഴുന്ന്
കുറഞ്ഞത്‌ 4-6 മണിക്കൂർ കുതിർത്തു കഴുകി വാരി മിക്സിയിൽ വെള്ളം ചേർക്കാതെ അരക്കുക... ഒന്ന് അരഞ്ഞു മാവ് മുറുകി വരുമ്പോൾ സ്പൂണിൽ അലപാല്പം വെള്ളം ഒഴിച്ച് മാവ് നീണ്ടു പോവാതെ അരച്ച് എടുക്കുക

സവാള കൊത്തി അരിഞ്ഞത് - 2 ടേബിൾ സ്പൂണ്‍
പച്ചമുളക് പൊടിയായി അരിഞ്ഞത് - 1 ടി സ്പൂണ്‍
ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടി സ്പൂണ്‍
കറിവേപ്പില പൊടിയായി അരിഞ്ഞത് - 1/2 ടി സ്പൂണ്‍

എണ്ണ - 1 ടേബിൾ സ്പൂണ്‍
ജീരകം - 1/2 ടി സ്പൂണ്‍
കുരുമുളക് - 1/2 ടി സ്പൂണ്‍

ഒരു പാനിൽ എണ്ണ ഒഴിച്ച് ജീരകവും കുരുമുളകും പൊട്ടിച്ചു അതിലേക്കു ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ഇട്ടു അല്പം ഉപ്പും ചേർത്ത് വഴറ്റുക. ഇത് അരച്ച ഉഴുന്ന് മാവിലേക്ക്‌ ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായാൽ (എണ്ണയുടെ മേലെ കൈ വെള്ള നീട്ടിയാൽ ചൂട് അടിക്കണം) വടകൾ ചുട്ടു കോരാം.

ഒരു പാത്രത്തിൽ വെള്ളം വച്ച് അതിൽ കൈ മുക്കി നനച്ചു വേണം മാവ് കോരാൻ. കോരിയ മാവ് ഒന്ന് കൈപതിയിൽ ഒതുക്കി തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് വടയുടെ ഓട്ട ഇടാം, പിന്നെ എണ്ണയിലേക്ക് വഴുതി ഇടുക.

ദഹി മിക്സ്‌ (തൈര് മിക്സ്‌)

ഒരു സെർവിങ്ങിനു ഉള്ളത് പറയാം - കണക്കിന് നിങ്ങൾക്ക് നല്ല മര്ക്കുണ്ടായിരുന്നു എന്ന് എനിക്ക് അറിയാം - ഹരണം ഗുണനം കൂട്ടൽ കിഴിക്കൽ ഒക്കെ നടത്തി ആവശ്യാനുസരണം ഉണ്ടാക്കുക.

അപ്പോൾ രണ്ടു രീതിയിൽ നമ്മുക്ക് ഇത് ഉണ്ടാക്കി നോക്കാം

1 സൌത്ത് ഇന്ത്യൻ
തൈര് - 1 കപ്പ്‌
വെള്ളം - 1/2 കപ്പ്‌
ഉപ്പു ആവശ്യത്തിനു
ഇവ നന്നായി അടിച്ചു വെക്കുക.

ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് കടുക് ജീരകം ഉള്ളി അരിഞ്ഞത് അല്പം ഇഞ്ചി അരിഞ്ഞത് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് കറിവേപ്പില (കായം ഒരു നുള്ള് വെണമെങ്കിൽ, ഒരു നുള്ള് മുളക്പൊടി വെണമെങ്കിൽ) ഇത്രയും മൂപ്പിച്ചു തൈരിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിനു വട കൂടി ഇതിലേക്ക് ചേർത്ത് എടുക്കുക - ബൂന്തി വെണമെങ്കിൽ തൂവാം - മല്ലിയിലയും.

നോര്ത്ത് ഇന്ത്യൻ
തൈര് - 1 കപ്പ്‌
വെള്ളം - 1/2 കപ്പ്‌
ഉപ്പു - 1/2 ടി സ്പൂണ്‍
പഞ്ചസാര - 4 ടേബിൾ സ്പൂണ്‍
ഇവ നന്നായി അടിച്ചു വെക്കുക.

ചാട്ട് മസാല ഉണ്ടാക്കുക എന്നതാണ് അടുത്ത പണി!!

ഇത്തിരി പരുത്തിക്കുരു, ഇത്തിരി കടലപ്പിണ്ണാക്ക്, ഇത്തിരി കാടിവെള്ളം എന്ന് നാടോടിക്കാറ്റിൽ ശങ്കരാടി പറയുന്ന പോലെ

1/2 ടി സ്പൂണ്‍ മുളക്പൊടി
1/2 ടി സ്പൂണ്‍ ജീരകം വറുത്ത് പൊടിച്ചത്
1/2 ടി സ്പൂണ്‍ കുരുമുളക്പൊടി
ഇത്രയും ആയാൽ ചാട്ടിന്റെ വീടെത്തി
ഇത്രയും ആ തൈരിലേക്ക് ഇടുക - നന്നായി ഇളക്കി ചേർക്കുക.
ഇനി ആവശ്യത്തിനു വടകൾ (ഞാൻ 3 വട ആണ് ആ ബൌളിൽ ഇട്ടതു - ഒരു സേർവിംഗ്) അതിലേക്കു ഇടുക

ഒരു നുള്ള് മുളക്പൊടി
ഒരു നുള്ള് ജീരകപൊടി
എന്നിവ തിരുമ്മി മേലെ തൂവുക
ഒരു ടേബിൾ സ്പൂണ്‍ സേവ് (മിക്സ്ചരിലെ സേവ് - ചിത്രം നോക്കുക) കൂടി തൂവുക

ഇമ്ലി (പുളി) ചട്ണി കൂടി ഒഴിക്കുക - അതോടെ ദഹി വട പൂർണമായി.
ഞാൻ ഒഴിച്ചിട്ടില്ല - എളുപ്പത്തിൽ ഇമ്ളി ചട്ണി ഇങ്ങനെ ഉണ്ടാക്കൂ

ഒരു തുണ്ട് ശര്ക്കര + 1/4 കപ്പ്‌ പുളി പിഴിഞ്ഞത് ചേർത്ത് അടുപ്പത് ചൂടാക്കി ഉരുക്കുക. ഇതിലേക്ക് 1/4 ടി സ്പൂണ്‍ മുളക്പൊടി + 1/4 ടീസ്പൂണ്‍ ജീരകം പൊടിച്ചത് + 1 നുള്ള് കായം + 1 നുള്ള് ഉപ്പു - ഇത്രയും ചേർത്താൽ എളുപത്തിൽ ഒരു ഇമ്ലി ചട്ണി ആയി

ഇതിൽ നിന്നും ഒരു സ്പൂണ്‍ ദാഹിവടയുടെ മേലെ ചുറ്റിച്ചു ഒഴിക്കുക - മല്ലിയില അരിഞ്ഞത് തൂവുക 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post