“മോമോ” ഉണ്ടാക്കുന്നതെങ്ങനെ…? അഥവാ ആത്മകഥാ സ്പർശമുള്ള ഒരു പാചകക്കുറിപ്പ്..smile emoticon
By : Nisikanth Gopi
സിക്കിം വാസകാലത്ത് എന്റെ ഇഷ്ട വിഭവങ്ങളിൽ ഒന്നായിരുന്നു “മോമോ”. പലതരം മോമോ ഉണ്ട്, വെജിറ്റബിൾ മോമോ, ചിക്കൻ മോമോ, ബീഫ് മോമോ അങ്ങനെ ഇൻഗ്രീഡിയൻസ് മാറുന്നതിനനുസരിച്ച് പേരും മാറിക്കൊണ്ടിരിക്കും. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിൽ അർമ്മാദിച്ചു കഴിയുന്ന അവസരത്തിൽ ഹോട്ടലിൽ നിന്നും മിക്കവാറും ഈ ഭക്ഷണം കഴിക്കുമായിരുന്നു. 120 കി.മി. സ്കൂട്ടറോടിച്ച് ഇടയ്ക്കിടെ അമ്മയുടെ അടുത്ത് പോകുന്ന അവസരത്തിൽ ഉണ്ടാക്കിച്ചും കഴിച്ചിരുന്നു.

തൊട്ടു തൊട്ടു ബാറുകളും അവയോടൊപ്പം തന്നെ ചെറു ഹോട്ടലുകളും അവിടുത്തെ ഒരു പ്രത്യേകതയാണ്. എല്ലായിടത്തും സ്ത്രീകളാണ് ഇവ നടത്തിയിരുന്നത്. പുരുഷന്മാർ വെറും നിഴൽ മാത്രം. അവിടുത്തെ ഉത്തമഭാര്യമാർ കെട്ട്യോമ്മാരെ കുനിച്ചു നിർത്തി കൂമ്പിനിടിക്കുന്നത് കണ്ടിട്ട് കല്യാണമേ വേണ്ടെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്!! നേപ്പാളികളും ഭൂട്ടിയകളും ഷെർപ്പകളും ലെപ്ചകളും അടങ്ങുന്ന പർവ്വത ജന സമൂഹം. കാഞ്ചൻ ജംഗയുടെ താഴ്വാരം. നേപ്പാൾ, ഭൂട്ടാൻ, ചൈന എന്നീ മൂന്നു രാജ്യങ്ങളോട് അതിർത്തി പങ്കിടുന്ന ഒരു പയറുമണിപോലുള്ള സംസ്ഥാനം, സിക്കിം…! (സിംബൽ)

ജൈവ വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ഇവിടെ 600 ൽ പരം വിവിധ ഇനം ഓർക്കിഡുകൾ വളരുന്നു. 40 ഓളം എണ്ണം ഞാൻ കൊണ്ടുവന്നു പിടിപ്പിച്ചെങ്കിലും 4 എണ്ണം ഒഴിച്ച് ഒന്നും പിടിച്ചില്ല. മുക്കാൽ ഭാഗവും കാടുകൾ. ചിലപ്പോൾ പൂജ്യത്തിനു താഴെ തണുപ്പ്. ഒരു സാമ്പാറോ പരിപ്പോ വച്ചാൽ ഒരു ഫ്രിഡ്ജിലും വയ്ക്കാതെ പത്തൂസം ഓടുമായിരുന്നു! എന്റെ പാചക പരീക്ഷണങ്ങൾ എല്ലാം നടന്നത് അവിടെ വച്ചാണ്. വീക്കെൻഡിൽ കൂട്ടുകാരുമൊത്ത് പിക്നിക്കുകൾ. അതിമനോഹരമായ താഴ്വരകളിലേക്ക്, തിസ്തയുടേയും രംഗീതിന്റെയും വന്യമായ നദീതടങ്ങളിലേക്ക്, ഡാർജിലിങ്ങ് – തിമിത്താർക്കു തേയിലത്തോട്ടങ്ങളിലേക്ക്, പൂക്കൾ നിറഞ്ഞു നിൽക്കുന്ന ബർഷ കുന്നുകളിലേക്ക്, സുഹൃത്തുക്കളുടെ സിലിഗുരി പട്ടാള ക്യാമ്പുകളിലേക്ക്, റുംടെക്കിലേയോ ഗ്യാൽഷിങ്ങിലേയോ ബുദ്ധവിഹാരങ്ങളിലേക്ക്, ഓറഞ്ചിന്റെ നിറമുള്ള മൂക്കളയൊലിക്കുന്ന മൂക്കുപതുങ്ങിയ സുന്ദരിമാർ വിറകടുക്കുന്ന മംഗൻ ബസ്തികളിലേക്ക്, അല്ലെങ്കിൽ ഏലങ്ങൾ തഴച്ചുവളരുന്ന സിങ്തം കാനനഭംഗികളിലേക്ക്, അതുമല്ലെങ്കിൽ തുഷാരം പെയ്തിറങ്ങി വെള്ളപുതച്ചുകിടക്കുന്ന ചങ്കു തടാകത്തിലേക്ക്…. എന്റെ LML Vespa Supremo സ്കൂട്ടറിൽ ഒറ്റയ്ക്കും കൂട്ടായും ആരും വണ്ടിയോടിക്കാൻ അറയ്ക്കുന്ന വഴികളിലൂടെ അങ്ങനെ എത്രയെത്ര ലക്ഷ്യമില്ലാത്ത യാത്രകൾ….! പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ പ്രദേശങ്ങൾ കാണാനും അതിന്റെ ഭംഗി നുകരാനുമായതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നായി ഞാൻ കരുതുന്നത്… ഇന്നും അവിടുത്തെ ഓരോ ഊടു വഴികളും സുപരിചിതം. കവിതകളിൽ നിന്ന് ഞാൻ പാട്ടുകളിലേക്ക് എന്നെ എത്തിച്ചതും ഈ പ്രകൃതിയുടെ വശ്യതയും അവിടുത്തെ കാറ്റിന്റെ കുളിർമ്മയും എന്റെ സ്കൂട്ടറിന്റെ താളവുമായിരുന്നു…. നിയന്ത്രണങ്ങളില്ലാതെ, സ്വാതന്ത്ര്യത്തിന്റെ മാധുര്യം പരമാവധി നുകർന്ന മനോഹര യൗവ്വനകാലം.…:-((

അങ്ങനെ തണുപ്പിന്റെ സുഖവും നുകർന്ന് അതിലേക്ക് ഒരു ഷോട്ട് സിക്കിം ഫയർബാൾ മാൾട്ട് വിസ്കി വെള്ളം ഒഴിക്കാതെ തൊണ്ടയിൽ തളിച്ച് ഒരു സെറ്റ് മോമോയും നുണഞ്ഞ് ഇരുന്ന 15 വർഷം മുൻപുള്ള ആ കാലം ഇന്ന് ‘മോമോ’യുടെ ഒരു ചിത്രം കണ്ടപ്പോൾ മനസ്സിൽ മിന്നിത്തെളിഞ്ഞു. അപ്പോൾ നമുക്ക് അതൊന്നുണ്ടാക്കി നോക്കാം, സിമ്പിൾ ആണ് ട്ടോ…നമ്മുടെ സമൂസയുടേയും കൊഴുക്കട്ടയുടേയും സങ്കര സാങ്കേതിക ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പലഹാരം…!:))

ചേരുവകൾ വേണ്ടത് : മൈദാ പൊടി 1 കിലോ (ഒറ്റയ്ക്കേ ഉള്ളെങ്കിൽ അരക്കിലോ മതീട്ടാ), വെജിറ്റബിൾ ഓയിൽ ഒരു കൊച്ചു കപ്പ്, സോയാസോസ് (വേണേൽ), വല്യുള്ളി ഒരു മൂന്ന് മൂന്നര മൂന്നേമുക്കാൽ, വെളുള്ളി നാലഞ്ചല്ലി, പച്ചമൊളക് മൂന്നോ നാലോ, ഇഞ്ചി കൊഞ്ചം, കാബേജ് ചെറുതായരിഞ്ഞത് 2 കപ്പ് (ചിക്കനാണെങ്കിൽ ഇതൊഴിവാക്കാം), ചിക്കനാണ് ഉണ്ടാക്കുന്നതെങ്കിൽ വേവിച്ചെടുത്ത ചിക്കൻ, ബീഫാണെങ്കിൽ ബീഫ് ചെറുതായി കൊത്തിയരിഞ്ഞത് അരക്കിലോയ്ക്ക് താഴെ.

Step 1
ഒരു ചരുവം എടുക്കുക (സ്റ്റൈലിനു ബൗൾ എന്നു വിളിച്ചോ) മൈദയും സസ്യെണ്ണയും തങ്ങളുടെ സമ്മർദ്ദ നിലവാരമനുസരിച്ച് ഉപ്പും ചേർത്ത് കൊഴുക്കട്ടയ്ക്ക് കുഴയ്ക്കുന്ന പോലെ സമാനം വെള്ളമുപയോഗിച്ച് കുഴച്ചു കുട്ടപ്പനാക്കുക (വെള്ളം കൂടരുത്, വഴങ്ങില്ല)

Step 2
ഇനി അരിഞ്ഞു വച്ച ഇറച്ചി, ചെറുതായി നുറുക്കിയ പച്ചമുളക്, വെള്ളുള്ളി, ഇഞ്ചി, സവാള എന്നിവ പാകത്തിനു് ഉപ്പും ചേർത്ത് നന്നായി കുഴച്ചു യോജിപ്പിക്കുക. സോയാ സോസുണ്ടെങ്കിൽ അതും ചേർക്കാം. ടേസ്റ്റ് വെറൈറ്റി വേണമെന്നുണ്ടെങ്കിൽ അൽപ്പം മല്ലിയിലയോ പുതിനയിലയോ കൂടി ചേർക്കാം.

Step 3
കുഴച്ചു വച്ചിരിക്കുന്ന മാവ് ഒരു ചെറുനാരങ്ങാ പരുവത്തിൽ ഉരുട്ടിയെടുത്ത് ചെറു പപ്പടവട്ടത്തിൽ കൈവെള്ളയിൽ വച്ച് പരത്തുക. എന്നിട്ട് സ്റ്റെപ് 2 ലെ സാമാനങ്ങൾ ഒരു ഐവിരൽ നുള്ളിൽ എടുത്ത് അതിനു നടുക്കു വയ്ക്കുക. ഇനി പുരുഷന്മാരാണെങ്കിൽ സാരി പോലെയും സ്ത്രീകൾ മുണ്ടു പോലെയും ഒരു വശം പകുതി ഞൊറിഞ്ഞെടുക്കണം ;)) ഇത് മറ്റേ പകുതിയുമായി കൂട്ടി ഒട്ടിക്കണം (പടത്തിൽ കാണും പോലെ). ഗ്യാപ്പോ ലീക്കോ വരാൻ പാടില്ല.

Sep 4
എന്നിട്ട് ഇഡലിക്കുട്ടകം എടുത്ത് വെള്ളമൊഴിച്ച് തിളയ്ക്കുമ്പോൾ തട്ട് വച്ച് ഈ കുഞ്ഞന്മാരെ അതിൽ നിരത്തി വച്ച് അടച്ച് വേവാകുമ്പോൾ എടുത്ത് നല്ല എരിയുള്ള മുളക് – തക്കാളി - വെള്ളുള്ളി കോംബി ചട്നിയിൽ മുക്കി അടിക്കുക. ആണുങ്ങൾക്ക് മേമ്പൊടിയായി രണ്ടു സ്മാളോ (60 + 60… കൂടരുത്;)) ഒരു ഹൗസ് വൈനോ കൊടുക്കാവുന്നതാണ്…;)

ഫലശ്രുതി:
“ലഭ്യസ്യ ചുരിദാറസ്യ സാരീച മാലാ വളഃ
യോഗാദ് പാകാനി പക്വാനി ഭർത്തൃജിഹ്വേ വഹി വഹി!!”

(നിശീശ്വരമുനിയുടെ ‘ബൃഹദ് പാചക പദ്ധതി’യിൽ പറയുന്നത് ഈ യോഗപ്രകാരം പതീസേവനശുഷ്കാന്തകളായ ദാരാരത്നങ്ങൾ പക്വതയോടെ പാകം ചെയ്തു ഭർത്താവിനു കൊടുക്കുന്നതിലൂടെ പുതിയ ചുരിദാർ, സാരി, മാല, വള എന്നിവ ഓൺദസ്പോട്ടിൽ കമ്മിറ്റ് ചെയ്യിപ്പിച്ച് വഹിച്ചെടുക്കാം എന്നാണ്. വായി വച്ചു കൂട്ടാൻ കൊള്ളാത്ത രീതിയിൽ ഉണ്ടാക്കിക്കൊടുത്താൽ കിട്ടാനുള്ളതും പോയി പാകതയും പക്വതയുമുള്ള അങ്ങേരുടെ വായിൽ നിന്നു പലതും വാങ്ങിച്ചുകൂട്ടാൻ യോഗമുണ്ട് എന്നൊരു അർത്ഥവും കൂടി ഇതിനുള്ളതായി ചില കുബുദ്ധികൾ വ്യാഖ്യാനിച്ചിട്ടുണ്ട്..;))

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post