മട്ടൻ ചൊപ്സ് റോയൽ
By : Sherin Mathew
16 വർഷങ്ങൾക്കു മുൻപ് ചിങ്ങമാസത്തിലെ 31)0 തീയതി 
തിരുവനന്തപുരം ബ്രിട്ടീഷ്‌ ലൈബ്രറിയുടെ ഹോളിൽ ലളിതമായ ഒരു കല്യാണം നടക്കുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം 
ഏതാണ്ട് 150 -200 പേര് മാത്രം വിരുന്നുകാർ. 4 വര്ഷത്തെ പ്രണയത്തിനു ശേഷം ഇരു വീട്ടുകാരുടെയും അനുവാദത്തോടെ ഒരു ഹിന്ദു ക്സ്രിസ്ത്യൻ വിപ്ലവ വിവാദ വിവാഹം (എന്ത് മണ്ണാങ്കട്ടയേലും ആവട്ടെ, അങ്ങിനെ ഒന്ന് നടന്നു)

താലിചാർത്തൽ കഴിഞ്ഞ് പെണ്ണും ചെറുക്കനും ചേർന്ന് സംഗീതവിരുന്നിൽ യുഗ്മഗാനവും കാച്ചി (സമ്മതിക്കണം - അന്ന് ഹിപ്പോക്ക് പഠിക്കുവാരുന്നു - ഇന്നായിരുന്നേൽ തലേൽ കെട്ടും കെട്ടി കൂളിംഗ്‌ ഗ്ലാസും വച്ച് വല്ല JCB യിലും പോയി ഇറങ്ങി പാട്ടും പാടി ഒരു ഡപ്പാൻകുത്ത് കാച്ചാരുന്നു - എന്നാ ചെയ്യാനാ - ടൈംസ്‌ ഓഫ് ഇന്ത്യ തെറ്റി പോയി പിള്ളേരെ)

വെജ്, നോണ്‍ വെജ് രണ്ടു രീതിയിൽ ഭക്ഷണം ഒരുക്കിയിരുന്നു - അതിൻറെ ഷെഫോ - തിരുവന്തപുരം രാജ് ഭവനിലെ കുക്കും.

അന്നവിടെ ഒരു മട്ടൻ കറി വിളമ്പി കുഞ്ഞുങ്ങളേ - അത് കൂട്ടിയതും കല്യാണപെണ്ണ് വയലെന്റ്റ് ആയി - പിന്നെ ഒന്നും നോക്കിയില്ല. സോൾട്ട് ആൻഡ്‌ പെപ്പറിലെ ലാലിനെ പോലെ വിളംബുകാരുടെ അടുത്തേക്ക് ഒരു നടത്തം.

നേരെ പോയി ഒരു ചേട്ടനോട് ചോദിച്ചു - ഷെഫ് ആരാ???
അങ്ങിനെ കിട്ടിയ റെസിപി ആണ് പിള്ളേരെ ദേ ഈ കിടക്കുന്നത്

ഇത് ഞാൻ പണ്ട് പൊസ്റ്റിയതാ - എന്നാലും ഒന്നൂടെ

വ്യത്യസ്തമായ ഒരു മട്ടൻ ചൊപ്സ് റെസിപി ആണിത്. സവാള എണ്ണയിൽ ബ്രൌണ്‍ ആയി മൂപ്പിച്ചു കറിയിൽ ചേർത്ത് വളരെ റിച് ആയ ഗ്രേവിയിൽ ആണ് ചൊപ്സ് ചെയ്യുന്നത്.

മട്ടൻ - 1 കിലോ
എണ്ണ - 1/ 4 കപ്പ്‌
1. പട്ട - 2 ഇഞ്ച്‌
ഗ്രാമ്പൂ - 4
ഏലക്ക - 4
പെരുംജീരകം - 1 ടേബിൾ സ്പൂണ്‍
ബേ ലീഫ് - 1
ജാതി പത്രി - 1
2. സവാള - 3 മുറിച്ചത് (diced)
ഇഞ്ചി - 2 ഇഞ്ച്‌ അരിഞ്ഞത്
വെളുത്തുള്ളി - 1 കുടം (വലുത് എങ്കിൽ 8 അല്ലി)
കറിവേപ്പില - 2 തണ്ട്
3. മുളകുപൊടി - 1 ടേബിൾ സ്പൂണ്‍
മഞ്ഞള്പൊടി - 1/ 2 ടി സ്പൂണ്‍
കുരുമുളകുപൊടി - 1.5 ടേബിൾ സ്പൂണ്‍ (എരിവു ഇഷ്ടമെങ്കിൽ 1/ 2 ട്സ് സ്പൂണ്‍ കൂടുതൽ ഇടാം)
4. തക്കാളി - 2 അരിഞ്ഞത്
സവാള - 1 നീളത്തിൽ അരിഞ്ഞു എണ്ണയിൽ മൂപ്പിച്ചത് (കരിയാതെ ഡാർക്ക്‌ ബ്രൌണ്‍ ആയി വറുക്കണം)
ഗരം മസാല - 1/2 ടി സ്പൂണ്‍
മല്ലിയില അരിഞ്ഞത് - 2 ടേബിൾ സ്പൂണ്‍

തയ്യാറാക്കുന്ന രീതി
കുക്കെരിൽ എണ്ണ ഒഴിച്ച് 1) മത് പറഞ്ഞിരിക്കുന്നവ ചേർത്ത് മൂപ്പിച് അതിലേക്കു ഇഞ്ചി ഇട്ടു ബ്രൌണ്‍ നിറമാകും വരെ മൂപ്പിക്കുക. ശേഷം കറിവേപ്പില ഇട്ടു മൂപ്പിച്ചു ഉള്ളിയും വെളുത്തുള്ളിയും അല്പം ഉപ്പും ചേർത്ത് വഴറ്റുക.
പിന്നീട് മുളകുപൊടി ഇട്ടു കരിയാതെ മൂപിക്കുക.
ഇതിലേക്ക് മഞ്ഞൾ കുരുമുളകുപൊടി എന്നിവ കൂടി ഇട്ടു മൂപ്പിച്ചു തക്കാളി ചേർത്ത് വഴറ്റി മട്ടൻ ചേര്ക്കുക. മസാലയുമയി മട്ടൻ നന്നായി ഇളക്കി യോജിപ്പിക്കുക.
കുക്കെർ അടച്ചു വേകിക്കുക ( 10 - 12 വിസിൽ മതിയാകും)
പ്രെഷെർ താഴുമ്പോൾ കുക്കെർ തുറന്ന് മൂപിച്ചു വെച്ചിരിക്കുന്ന ഉള്ളി ചേർത്ത് ചാറ്‌‌ കുറുകുന്ന വരെ വറ്റിക്കുക.
ഉപ്പു നോക്കി ആവശ്യമെങ്കിൽ ചേര്ക്കുക.
തീ അണച്ച് ഗരം മസാലയും മല്ലിയിലയും ചേർത്ത് ഇളക്കി വിളംബാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post