തലശേരി ബിരിയാണി  
By: Shemeena Abbas‎

റൈസ് : 1 കിലോ.
ചിക്കന്‍ : 1 കിലോ
വലിയ ഉള്ളി (സവാള) : 5 എണ്ണം (സാമാന്യം വലുത്)
തക്കാളി : ഇടത്തരം 3
പച്ചമുളക് : 6
ഇഞ്ചി : ചെറിയ കഷ്ണം.
വെളുത്തുള്ളി : 6 അല്ലി.
ക്യരറ്റ് : ചെറുത് ഒന്ന്.
അച്ചിങ്ങാ പയര്‍ : രണ്ടെണ്ണം..
മല്ലിയില : ഒരു ചെറിയ കെട്ട്.
പുതീന : മൂന്നോ നാലോ ഇല്ലി.
ഏലയ്ക്ക:നാല്
ഗ്രാമ്പൂ ;നാല്
കറുവാപട്ട.: ചെറിയ കഷ്ണം
ഡാല്‍ഡ : ആവശ്യത്തിന്
അണ്ടിപ്പരിപ്പ് : 25 ഗ്രാം
ഉണക്കമുന്തിരി : 25ഗ്രാം
വലിയ ജീരകം : അരടിസ്പൂണ്‍.
ഗരം മസാല : മുക്കല്‍ ടീസ്പൂണ്‍
മഞ്ഞള്‍ പൊടി : മുക്കാല്‍ ടീസ്പൂണ്‍.
മുളക്പൊടി : എരിവില്ലാത്ത സുന്ദരനായ കശ്മീരി ചില്ലിയാണെങ്കില്‍‍ രണ്ടര ടീസ്പൂണ്‍. അല്ലെങ്കില്‍ ഒന്ന് തന്നെ ധാരാളമാവും.
കുരുമുളക് പൊടി : ഒന്നരടീസ്പൂണ്‍
തൈര് : 2 ടീസ്പൂണ്‍
ഉപ്പ് :പാകത്തിന്

ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ :
1. ബിരിയാണി റൈസ് ആദ്യം വെള്ളത്തിലിട്ട് കുറച്ച് ദൂരെ വെക്കുക. അത്രയും ചെയ്താല്‍ പിന്നെ ഞാന്‍ വരേ ആ പാത്രത്തിലേക്ക് നോക്കാന്‍ പോലും പാടുള്ളതല്ല.

2. ഇത് വായിച്ച് ഫുള്‍ കോണ്‍ഫിഡസൊടെ വലിയ ഉള്ളി കനം കുറച്ച് കട്ട് ചെയ്യുക.

3. വെളുത്തുള്ളി/ഇഞ്ചി/ പച്ചമുളക് എന്നിവ ഒന്നിച്ച് നന്നായി ചതക്കുക

4. തക്കാളി ചെറുതായി നുറുക്കുക.

5. മുറിച്ച് വെച്ച് ചിക്കന്‍ കുട്ടപനാണെങ്കില്‍ പുള്ളിയെ കഴുകി റെഡിയാക്കണം. അല്ലെങ്കില്‍ ഡ്രസ്സൊക്കെ ചെയ്ത് കഷ്ണം കഷ്ണമാക്കി വെക്കുക (ഒരു മുഴുവന്‍ ചിക്കന്‍ കാല് രണ്ടാക്കിയാല്‍ ഒരോ കഷ്ണത്തിനും ഉള്ള അത്രയും വലുപ്പത്തില്‍ പീസ്പീസാക്കിയാല്‍ ബഹുത്ത് നല്ലത്)

6. പയര്‍ ഒരിഞ്ച് നീളത്തിലും (കൃത്യമാ‍നായി സ്കെയില്‍ ഉപയോഗിക്കേണ്ടതില്ല. ഇത് ഏകദേശ കണക്ക്) കാരറ്റ് കനം കുറച്ചും കട്ട് ചെയ്യുക.

ഇനി ജോലി തുടങ്ങാം...

അദ്യം ഫ്രൈപാന്‍ പോലെയുള്ള ഇത്തിരി വലിയ പാത്രത്തില്‍ (ഒരു കിലോ ചിക്കന്‍ കറിവെക്കാനുള്ള അത്രയും വലുപ്പം) മൂന്ന് സ്പൂണ്‍ ഡാല്‍ഡ കുറഞ്ഞ ചൂടില്‍ നന്നായി ചൂടാക്കി, ആകെ കട്ട് ചെയ്ത് വെച്ചിരിക്കുന്ന വലിയ ഉള്ളിയുടെ പത്ത് ശതമാനം അതിലിട്ട് വഴറ്റുക. കൂടെ അണ്ടിപ്പരിപ്പ് മുന്തിരി ഇവയും ചേര്‍ക്കുക. നന്നായി ചൂടായി ഉള്ളി ചെമന്നനിറം ആവുമ്പോള്‍ നെയ്യ് നന്നായി വാര്‍ത്ത് ഫ്രൈയായ അണ്ടിപ്പരിപ്പ്/മുന്തിരി ഇവ മറ്റൊരു പാത്രത്തില്‍ സൂക്ഷിക്കുക. (നന്നായി മൊരിഞ്ഞ് സവോള / അണ്ടിപരിപ്പ്/ മുന്തിരി എന്നിവയടങ്ങിയ പാത്രം തെട്ടടുത്ത് വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, വെച്ചാല്‍ ഇടയ്ക് കൊറിക്കാന്‍ തോന്നും... പിന്നെ ആവശ്യസമയത്ത് പാത്രം കാലിയായിരിക്കും).

ഇനി അതേ പാത്രത്തില്‍ ചൂടായിരിക്കുന്ന ഡാല്‍ഡയിലേക്ക് കട്ട് ചെയ്ത ബാക്കി വലിയുള്ളി ഇടുക. കുറഞ്ഞ തീയില്‍ വഴറ്റുക. നന്നായി വെന്തുകഴിഞ്ഞാല്‍ (ആകെ ഉണ്ടായിരുന്ന വലിയുള്ളി പത്ത് ശതമാനമായി ചുരുങ്ങും) അതില്‍ ചതച്ച ഇഞ്ചി/പച്ചമുളക്/വെളുത്തുള്ളി ഇവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. രണ്ടൊ മൂന്നോ മിനുട്ടിന് ശേഷം മഞ്ഞള്‍പെടി/മുളക് പൊടി ഇവ ചേര്‍ത്ത് ഒന്ന് കൂടി മിക്സ് ചെയ്യുക. പിന്നീട് കട്ട് ചെയ്ത് വെച്ച തക്കാളിയും കൂടെ ഉപ്പും ചേര്‍ത്ത് ഇളക്കുക. ഗരം മസാല/കുരുമുളക് പൊടി എന്നിവകൂടി ചേര്‍ത്ത് മൂടിവെക്കുക(കുറഞ്ഞ തീയില്‍).

തക്കാളി നന്നായി ഉടഞ്ഞ് മസാലയുമായി ചേര്‍ന്നാല്‍ ചിക്കന്‍ പീസുകള്‍ ചേര്‍ത്ത് മിക്സ് ചെയ്ത് മൂടിവെക്കുക. (പുള്ളി പതുക്കെ വെന്തുകോള്ളും. ഇടയ്ക്കിടേ ഒന്ന് ഇളക്കി കൊടുക്കണം. ഇത് വരേ ഞാന്‍ ഒരു തുള്ളിവെള്ളം അതില്‍ ചേര്‍ത്തിട്ടില്ല. മറക്കരുത്. ജാഗ്രതൈ.)

ഇനി മറ്റൊരു പാത്രത്തില്‍ അരി മൂടാന്നാവശ്യമായ വെള്ളത്തിന്റെ ഇരട്ടി വെള്ളം തിളപ്പിക്കാന്‍ തുടങ്ങുക. വെളത്തില്‍ കാരറ്റ്/പയര്‍/വലിയജീരകം/ഏലക്ക/ഗ്രാമ്പൂ/കറുവാപട്ട/ഉപ്പ് (പാകത്തിന്)എന്നിവ ചേര്‍ക്കുക. നന്നായി തിളച്ച വെള്ളത്തില്‍ നേരത്തെ വെള്ളത്തിലിട്ടുവെച്ച അരിയിടുക. (ഇതിനിടയില്‍ ചിക്കന്‍ പാത്രം ഇളക്കാന്‍ മരക്കരുത്)

അരി 75% വേവായാല്‍ വെള്ളം വാര്‍ക്കുക. 
ചിക്കന്‍ 90%വും റെഡിയായിട്ടുണ്ടാവും. അതില്‍ തൈര് ചേര്‍ത്ത് തീ ഓഫ് ചെയ്യുക.

ഇനി ഒരു പാത്രത്തില്‍ വാര്‍ത്ത ചോറില്‍ നിന്ന് കുറച്ചെടുത്ത് പരത്തി അര ടിസ്പൂണ്‍ ഡാല്‍ഡ് ഒഴിച്ച ശേഷം റെഡിയായ ചിക്കന്‍ അതില്‍ ഒഴിക്കുക. അത് നന്നായി പരത്തി ബാക്കി ചോറ് അതിന് മുകളില്‍ ഇടുക. ചോറിനു മുകളിള്‍ അരടിസ്പൂണ്‍ ഡാള്‍ഡ ഒഴിക്കുക. ചെറുതായി അരിഞ്ഞ മല്ലിയില/ പൊതീന എന്നിവയും മുമ്പേ ഫ്രൈചെയ്ത് വെച്ച അണ്ടിപരിപ്പ് മുന്തിരി ഇവയും ഇടുക.

പിന്നീട് പാത്രത്തിന്റെ വായ്ഭാഗം അലൂമിനിയം ഫോയിലുകൊണ്ടൊ മറ്റോ നന്നായി അടച്ച് (വായു പുറത്ത് കടക്കാത്ത രീതിയില്‍)പാത്രം മൂടി ഏറ്റവും കുറഞ്ഞ തീയില്‍ അടുപ്പത്ത് ഇരുപത് മിനുട്ടിന് ശേഷം തി ഓഫ് ചെയ്ത് നിങ്ങള്‍ക്ക് സൌകര്യമുള്ള സമയത്ത് ഫുഡ്ഡഡിക്കാം... ഇതാണ് മലബാരി ബിരിയാണീ.

----
*ഇവിടെ പറഞ്ഞ് ടീസ്പൂണുകളെല്ലാം വലിയാതാണ്. കൊച്ചുകുട്ടികള്‍ക്ക് കഫ്സിറപ്പ് കൊടുക്കുന്ന കൊച്ചു സ്പൂണുമായി വന്ന് പാചകം ചെയ്താല്‍ നിങ്ങള്‍ പാചകം ചെയ്യുന്ന് ബിരിയാണി പോയിട്ട് വെറും ആണിപോലും ആവുന്നതല്ല. ജാഗ്രതൈ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post