ചപ്പാത്തി നന്നായി എങ്ങനെ ഉണ്ടാക്കാം എന്ന് പലരും ചോദിച്ചു ,എന്നാൽ അതേ പറ്റി ഒരു പോസ്റ്റ്‌ ആയിക്കളയാം എന്ന് വിചാരിച്ചു.
**********************************************************
ചപ്പാത്തി മേക്കിംഗ് ടിപ്സ് -
---------------------------------------------
By : Vinu Nair
ഒരു കപ്പ്‌ ഗോതമ്പ് പൊടിക്ക് അരക്കപ്പ് വെള്ളം ,അതാണ്‌ കണക്ക് , അതായത് പൊടി എത്ര എടുക്കുന്നോ അതിന്റെ നേർ പകുതി അളവിൽ വെള്ളം വേണം , കണക്കനുസരിച്ച് വെള്ളം എടുത്ത് തൊട്ടടുത്ത് തന്നെ വയ്ക്കുക ,മാവ് കുഴയ്ക്കുമ്പോൾ കുറച്ചു കുറച്ചായി മാത്രം വെള്ളം ചേർത്തു കൊടുക്കുക , ഏകദേശം ഉണ്ട പരുവം ആയി വരുമ്പോൾ കൈ കൊണ്ട് നല്ല ബലം കൊടുത്ത് ഉരുട്ടുക , ബോൾ ഷേപ്പ് ആയി കഴിഞ്ഞാൽ കൈ പത്തിയിൽ അൽപം വെള്ളം പൂശി ആ വെള്ളം മാവിന് ചുറ്റും പുരട്ടുക , ഉടനെ തന്നെ മാവ് മൂടി വയ്ക്കുക , അര മണിക്കൂർ കഴിഞ്ഞു നോക്കുമ്പോൾ പുറമേ പുരട്ടിയ വെള്ളം മുഴുവൻ മാവ് പിടിച്ചെടുത്തിരിക്കണം ..ഇനി ഒരു സ്പൂണ്‍ എണ്ണ പുറമേ വീഴ്ത്തി മാവൊന്നുകൂടി ഉരുട്ടിയെടുക്കുക.പൊറോട്ട ഉണ്ടാക്കുമ്പോൾ ചെയ്യുന്നത് പോലെ നനഞ്ഞ തുണി മാവിൽ മൂടി വച്ചാൽ നന്നായിരിക്കും.
*
*
പരത്തുമ്പോൾ കോല് കൊണ്ട് ചപ്പാത്തിയുടെ എല്ലാ വശത്തും ഒരു പോലെ പ്രെഷർ കൊടുക്കണം ,ശക്തി കൂട്ടി ഉരുട്ടരുത് ,ഇടയ്ക്കിടയ്ക് പൊടി തൂവി കൊടുക്കണം ,പൊടി കൂടിയാൽ ചപ്പാത്തി കരിയുകയും ചെയ്യും.
*
*
ചപ്പാത്തി ചുട്ടെടുക്കുന്ന രീതിയും പ്രധാനമാണ് , കല്ലിൽ ഇട്ടു കഴിഞ്ഞാൽ 5 സെക്കണ്ട് കഴിഞ്ഞാൽ ഉടൻ മറിച്ചിടണം ,വീണ്ടും 5 സെക്കണ്ട് കഴിഞ്ഞാൽ മറിച്ചിടണം... പിന്നെ ഒരു തുണി കൊണ്ട് പ്രസ്സ് ചെയ്ത് കൊടുക്കണം ..പിന്നെ വേണെങ്കിൽ ഫുല്ക ചെയ്യാം.
*
*
ചപ്പാത്തിക്കല്ല് ഇല്ലാതെ ഡയറക്റ്റ് ബർണറിൽ വച്ച് റൊട്ടി പൊന്തിക്കുന്ന പരിപാടിയാണ് ഫുല്ക ,ഗ്യാസ് തീരാൻ നിൽക്കുന്ന സമയം ആണെങ്കിൽ ഫുൽക്ക ചെയ്യരുത്, ചപ്പാത്തി കഴിക്കുമ്പോൾ ഗ്യാസിന്റെ വല്ലാത്ത മണം അനുഭവപ്പെടും, ഫുല്ക്ക ചെയ്യുന്നതിന് മുന്പും അതിനു ശേഷവും ബർണർ നന്നായി വൃത്തിയാക്കിയിരിക്കണം. ഫുല്ക ചെയ്യൽ പരിചിതം അല്ലാത്തവർക്ക് "ഫുല്ക സ്റ്റാൻണ്ട്" പാത്രക്കടയിൽ നിന്നും വാങ്ങാൻ കിട്ടും.
*
*
നല്ല മാർദവമായ മാവ് വേണമെങ്കിൽ ഒരു പുളിയില്ലാത്ത പഴുത്ത പാളയംകോടൻ പഴമോ അൽപ്പം തൈരോ ,പശുവിൻ പാലോ അതുമല്ലെങ്കിൽ കുറച്ചു മൈദയോ ചേർക്കാവുന്നതാണ് ,എല്ലാം കൂടി ചേർക്കണ്ട ഏതെങ്കിലും ഒന്ന് മതിയാകും , പിറ്റെന്നത്തെക് മാവോ ചപ്പാത്തിയോ സ്റ്റോർ ചെയ്യാൻ ഉദ്ദേശം ഉണ്ടെങ്കിൽ ഇവയൊന്നും ചേർക്കാതെ ഉണ്ടാക്കണം.
*
*
മിച്ചം വരുന്ന ചപ്പാത്തി വൈകിട്ടത്തെക്കോ അടുത്ത ദിവസത്തെക്കോ എടുക്കേണ്ടി വന്നാൽ അവ വീണ്ടും കല്ലിൽ വച്ച് ചൂടാക്കരുത് , ഇഡ്ഡലി തട്ടിൽ അടിയിൽ വെള്ളം ഉഴിച്ചു മുകളിൽ ചപ്പത്തികൾ വച്ച് മൂടി ഒരു രണ്ടു മിനിട്ട് ആവി കേറ്റിയാൽ നല്ല ചൂടോടെ സോഫ്റ്റ്‌ ആയി ഫ്രഷ്‌ ചപ്പാത്തി തട്ടാം.
*
*
ചപ്പാത്തിചുട്ട് അടുക്കുമ്പോൾ പുറമേ അല്പ്പം നെയ്യോ ബട്ടറോ തേച്ചു കൊടുത്താൽ നല്ല രുചി കിട്ടും,ഇങ്ങനെ ചെയ്യുന്ന ചപ്പാത്തിക്ക് ഒരു കറി പോലും ആവിശ്യമില്ല, ഒരു പാത്രത്തിൽ ചപ്പാത്തി എടുത്ത് അതിനു മുകളിലൂടെ കുറച്ചു പാൽ ഉഴിച്ചു പഞ്ചസാര തൂവിയാൽ അപാര രുചിയോടെ മടക്കി തിന്നാം. അല്ലെങ്കിൽ ഒരു ഡവറയിൽ കുറച്ചു തൈര് എടുത്ത് അതിൽ ഒരു സ്പൂണ്‍ പഞ്ചസാര ഇട്ടിളിക്കി അതിൽ മുക്കി ചപ്പാത്തി തിന്നാം.നല്ല രുചിയാണ്.
*
*
ജോലിക്ക് പോകുന്ന വീട്ടമ്മമാർ അവധി ദിനങ്ങളിൽ അധിക സമയം കിട്ടുമ്പോൾ വലിയ പാത്രത്തിൽ കുറച്ചു കൂടുതൽ മാവെടുത്ത് ഉണ്ടാക്കി സൂക്ഷിച്ചാൽ പിന്നീട് ആവിശ്യം വരുമ്പോൾ മാവ് കുഴയ്ക്കാൻ നിൽകാതെ സമയം ലാഭിക്കാം, ഒരു ഫുഡ്‌ബോൾ വലുപ്പത്തിൽ മാവ് കുഴച്ചതിനു ശേഷം അതിൽ നിന്നും കുറച്ചു കുറച്ചായി മാവെടുത്ത് ഒരു പൊതിച്ച തേങ്ങയുടെ വലുപ്പത്തിൽ ഉരുട്ടി light പോളിത്തീൻ കവറ് കൊണ്ട് പൊതിഞ്ഞ് (ബേക്കറികളിലും മറ്റും ബർഗർ പൊതിഞ്ഞു വയ്ക്കാറുള്ളത് പോലെ) അതെല്ലാം കൂടെ ഒരു വായു കടക്കാത്ത പ്ലാസ്റ്റിക്ക് സഞ്ചിയിലോ കണ്ടെയിനറിലോ ഇട്ടു ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്‌, ഫ്രീസറിൽ ആണെങ്കിൽ ഇവ ഒരു മാസം വരെ കേടു കൂടാതെ ഇരിക്കും, അവിശ്യാനുസരണം കണ്ടെയിനർ തുറന്നു ഒരു ചെറിയ ബോൾ എടുത്ത് ഉപയോഗിച്ചാൽ ഒരു നേരത്തേക്കുള്ള ചപ്പാത്തി ഉണ്ടാക്കാം,
ഒന്നെങ്കിൽ ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്ത് തണുപ്പ് മാറുന്നത് വരെ വച്ചതിനു ശേഷം ഉപയോഗിക്കാം അല്ലെങ്കിൽ ചൂടുള്ള ഒരു പാത്രത്തിന്റെ മുകളിലോ മറ്റോ വച്ചാൽ പെട്ടന്ന് തണുപ്പ് മാറിക്കിട്ടും ,ഓവൻ ഉണ്ടെങ്കിൽ ഒരു മിനിറ്റ് സെറ്റ് ചെയ്തു "ഡീഫ്രോസ്റ്റ് ' മോഡിൽ ഇട്ടു തണുപ്പ് മാറ്റാം. തണുപ്പോടും ഈർപ്പത്തോടും ഉണ്ടാക്കിയാൽ ചപ്പാത്തി നന്നാവില്ല.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post