ഇരുത്തി പൊരിച്ച കോഴി –
By: Sooraj Charummoodu
പേര് കേട്ട് ആരും ചിരിക്കണ്ട. സത്യമാണ് ഞാന്‍ പറഞ്ഞത് .ഇത് ഇരുത്തി തന്നെ ആണ് പൊരിച്ചത്. ഇരുത്തി മാത്രം അല്ല പൊരിച്ചത് കിടത്തിയും നിര്‍ത്തിയും ഉരുട്ടിയും ഒക്കെ ചെയ്താണ് ഈ കോഴിയെ ഈ കോലത്തില്‍ ആക്കിയത് . ( നമ്മുക്ക് ഇഷ്ടമുള്ള പേരങ്ങ് ഇടാം- ഞാന്‍ എനിക്ക് തോന്നിയ ഒരു പേര് ഇതിനു ഇട്ടു എന്നെ ഉള്ളു )
കുറച്ചു ക്ഷമയും കഷ്ടപാടും ആണ്. അതിനാല്‍ സമയം ഉള്ളപ്പോഴേ ഉണ്ടാക്കാവൂ. പക്ഷെ ഇത് വളരെ നല്ല ടേസ്റ്റ് ആണ്. ചപ്പാത്തിയാണ് ഇതിനു പറ്റിയ കൂട്ടുക്കാരന്‍ .
ഇനി ഇതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
ആദ്യം നമുക്ക് ഇതിലെ കൂട്ട് എന്തൊക്കെ ആണെന്ന് നോക്കാം.
വറ്റല്‍ മുളക് എരിവുള്ളത് - 30 എണ്ണം ( ഈ മുളക് കഴുകി 1 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കണം)
ചുവന്നുള്ളി – 5 എണ്ണം
വെളുത്തുള്ളി പേസ്റ്റ് – 4 ടേബിള്‍ സ്പൂണ്‍
ഇഞ്ചി പേസ്റ്റ് - 2 ടേബിള്‍ സ്പൂണ്‍
പെരുംജീരകം പൊടിച്ചത് – 1 ടേബിള്‍ സ്പൂണ്‍
തൈര് - 1 കപ്പ്
റെഡ് ചില്ലി സോസ് -4 ടേബിള്‍ സ്പൂണ്‍
മൈദാ - അര കപ്പ്
കടലമാവ് -കാല്‍ കപ്പ്
മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1 ടേബിള്‍ സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
എണ്ണ - ചിക്കന്‍ വറക്കാന്‍ ആവശ്യത്തിനു
മുഴുവനെ ഉള്ള ഒരു കോഴി വിര്‍ത്തിയക്കിയത് ഒന്നോ ഒന്നര കിലോ ( തന്തുരി ഉണ്ടാക്കാന്‍ ആണെന്ന് പറഞ്ഞാല്‍ കടയില്‍ നിന്നും പീസ് ആക്കാതെ തരും )
ഇനി ഇതിനെ എങ്ങനെ വറത്തു എടുക്കാം എന്ന് നോക്കാം
ആദ്യം ഒരു വലിയ പാത്രം എടുക്കുക . അതിലേക്കു അര കപ്പ് തൈര് ഒഴിക്കുക ( 1 കപ്പ് തൈരില്‍ നിന്നും അര കപ്പ് ചേര്‍ക്കുക.).
അതിലേക്ക് 1 കപ്പ് വെള്ളം ഒഴിക്കുക.
നന്നായി മിക്സ് ചെയ്തു ഒരു മിനിറ്റ് വെക്കണം. എന്നിട്ട് ഇതിലേക്ക് അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി ഇടുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക എന്നിട്ട് കഴുകി വെച്ചിരിക്കുന്ന കോഴിയെ ഒന്ന് വരഞ്ഞു ഈ പാത്രത്തിലേക്ക് ഇറക്കി വക്കണം. ആ കോഴി ചെറുക്കന്‍ അതില്‍ കുറച്ചു നേരം കിടക്കട്ടെ. ഓരോ 15 മിനിറ്റിലും ഈ കോഴിയെ തിരിച്ചും മറിച്ചും ഈ മോരും വെള്ളത്തില്‍ മുക്കി വെക്കണം, എങ്ങനെ ഒരു 2 മണിക്കൂര്‍ ചെയ്യണം.
2 മണിക്കൂര്‍ കഴിയുമ്പോള്‍ ഈ കോഴിയെ അതില്‍ നിന്നും എടുത്തിട്ട് അരിപ്പ പോലുള്ള ഒരു പാത്രത്തിലേക്ക് മാറ്റണം. കൊഴിയിലുള്ള വെള്ളം ഒക്കെ വാര്‍ന്നു പോക്കന്‍ ആണ്. ഈ സമയം കൊണ്ട് കുതിര്‍ത്തു വെച്ചിരിക്കുന്ന വറ്റല്‍ മുളക് വെള്ളത്തില്‍ നിന്നും മാറി ഒരു പാത്രത്തിലേക്ക് ഇടുക. ഈ മുളകും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചുവന്നുള്ളി ഉപ്പു മുളകുപൊടി മഞ്ഞള്‍ പൊടി പെരുംജീരകം കൂടി ഇട്ടു നന്നായി അരച്ച് എടുക്കുക . എന്നിട്ട് വെള്ളം വാര്‍ന്നു എന്ന് ഉറപ്പകുമ്പോള്‍ ഈ മസാല പേസ്റ്റ് കോഴിയില്‍ നിങ്ങളുടെ കൈകൊണ്ടു നന്നായി പുരട്ടി വെയ്ക്കുക. ഇത് ഒരു മൂന്നു മണിക്കൂറെങ്കിലും വെക്കണം.
മറ്റൊരു പാത്രത്തില്‍ മൈദ കടലമാവ് മുളകുപൊടി റെഡ് ചില്ലി സോസ് ഉപ്പു മുളകുപൊടി തൈരു മഞ്ഞള്‍ പൊടി ഇട്ടി നന്നായി മിക്സ് ചെയ്തു (ആവശ്യമെങ്കില്‍ അല്‍പം വെള്ളം ഒഴിക്കാം). ഒരു മീഡിയം പേസ്റ്റ് പരുവത്തില്‍ ആക്കി വെക്കുക.
കോഴി മൂന്നു മണിക്കൂര്‍ ആയെങ്കില്‍ ഈ പേസ്റ്റ് അതില്‍ നന്നായി തേച്ചു പിടിപ്പിക്ക എന്നിട്ട് തിളച്ച എണ്ണയില്‍ ആദ്യം കോഴിയെ സാധാരണ പോലെ ഇരുത്തി പോരിക്കണം. അല്പം പച്ചപ്പ് മാറുമ്പോ അതിനെ എണ്ണയില്‍ കിടത്തണം. അങ്ങനെ ഇടയ്ക്കിടയ്ക്ക് ഇരുതിം കിടതിം പോരിചെടുക്കുക
ഇതിനു പറ്റിയ ഒരു സോസ് അല്ലെങ്കില്‍ ചട്നി കൂടി പറഞ്ഞു തരാം
വെളുത്ത എള്ള് ഒരു കപ്പ് എടുത്തു ഒന്ന് ചൂടാക്കുക. ചെറുതായി ഒന്ന് ചൂടാകുമ്പോള്‍ ഇതിനെ ഒരു മിക്സ്യുടെ ജാറില്‍ ഇടുക. അതിലേക്കു 2 അല്ലി വെളുത്തുള്ളി ,ഒരു സ്പൂണ്‍ എണ്ണ, അല്പം ഉപ്പു , 2 കപ്പ് തൈര് ചെറുത് മഷി പോലെ അരച്ചെടുക്കുക.
ഈ ചട്ണി കോഴിയും ചേര്‍ത്ത് കഴിക്കുക.
ഉണ്ടാക്കിയിട്ട് അഭിപ്രായം പറയുക
Note:
സവോള വിലക്കുറവു ഉണ്ടായിരുന്നപ്പോള്‍ ഈ അലങ്കാര പണി ചെയ്തത് . ദയവു ചെയ്തു ഈ സാഹസികത ഇപോ ആരും വീട്ടില്‍ പരീക്ഷിക്കരുത് .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes