മീൻ കൂട്ടാൻ 
By : Sherin Mathew
101 ഡാൽമേഷൻസ്സ് - മനസ്സിലായില്ല അല്ലേ? നേരെ ചൊവ്വേ പറഞ്ഞാൽ മീങ്കറി മറ്റൊരു ഉടായിപ്പിൽ.

അതായത് നമ്മുക്ക് മീൻ ഒരു 40 തരത്തിൽ കൂട്ടാൻ വയ്ക്കാനും, ഒരു 50 രീതിയിൽ വറുക്കാനും അറിയാം (ഒരു 1000 തവണ അത് കഴിക്കാനും devil emoticon )

ഇത് മറ്റൊരു രീതി .. ആവശ്യമാണ്‌ കണ്ടുപിടുത്തങ്ങളുടെ മാതാവ് (നെസിസ്സിടി ഈസ്‌ ദി മദർ ഓഫ് ഇൻവെന്ഷൻസ്) എന്നാണല്ലോ

ചൂര, വങ്കട/ബങ്കട, വറ്റ, പാര, ആവോലി, കാളാഞ്ചി എന്നിങ്ങനെയുള്ള മീനുകൾ അത്യുത്തമം

ചൂര - 250 ഗ്രാം ചെറിയ കഷണങ്ങൾ ആക്കിയത് വൃത്തിയായി കഴുകി ഒരു ചട്ടിയിൽ എടുക്കുക
ഇനി ഇതിലേക്ക്
1 ടി സ്പൂണ്‍ മല്ലിപൊടി
2 ടി സ്പൂണ്‍ മുളക്പൊടി
1/2 ടി സ്പൂണ്‍ മഞ്ഞള്പൊടി
1/2 ടി സ്പൂണ്‍ കുരുമുളക്പൊടി
1 ടി സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് (വിപണിയിൽ കിട്ടുന്ന ജിഞ്ചർ ഗാര്ളിക് പേസ്റ്റ് ആയാലും മതി)
പച്ചമുളക് - 6 എണ്ണം കീറിയത്
മുരിങ്ങക്ക - 1 മുറിച്ചെടുത്തത്
തക്കാളി - 2 എണ്ണം കഷണിച്ചത്
ഉപ്പു ആവശ്യത്തിനു
ചാറിനു വെള്ളം (മീൻ കഷണങ്ങൾ ഒന്ന് മുങ്ങി കിടക്കട്ടെ - തക്കാളിയിൽ നിന്ന് വെള്ളം ഇറങ്ങുകയും ചെയ്യും)
ചട്ടി എടുത്ത് ചുറ്റിച്ചു ഇതൊക്കെ നന്നായി യോജിപ്പിച് അടുപ്പത് വക്കുക. തിളച്ചു ഒരു 3 മിനിറ്റ് കഴിഞ്ഞാൽ തീ കുറച്ചു ചട്ടി അടച്ചു വെച്ച് വേവിക്കുക.
ചാറു വറ്റി കറി കുറുകി വരുമ്പോൾ ഉപ്പു പുളി എന്നിവ പാകത്തിനുണ്ടോ എന്ന് രുചിച്ചു നോക്കി തിട്ടപെടുത്തുക - പുളി കുറവെന്നു കണ്ടാൽ അല്പം വാളൻപുളി പിഴിഞ്ഞ് ചേർക്കാവുന്നതാണ്.

ഇനി ഇതിലേക്ക് താഴെ പറയുന്നവ ചേർക്കുക
1/4 ടി സ്പൂണ്‍ ഉലുവ പൊടി
1/4 ടി സ്പൂണ്‍ ജീരകം പൊടിച്ചത്
(ഇത് ഓപ്ഷണൽ ആണ്, പക്ഷെ ഇട്ടതുകൊണ്ട് തീര്ച്ചയായും യാതൊരു ദോഷവും ഇല്ല - പത്തനംതിട്ട ജില്ലയിലെ ചില ഭാഗങ്ങളിൽ മീൻ കറിയിൽ അല്പം ജീരകം പൊടിച്ചു ചേർക്കുന്നവർ ഉണ്ട്, പ്രത്യേകിച്ച് തിരുവല്ല, കോന്നി എന്നിവിടങ്ങളിൽ)

ഇനി രണ്ടു തണ്ട് കറിവേപ്പിലയും ഊരിയിട്ട് 1 സ്പൂണ്‍ പച്ചവെളിച്ചെണ്ണ കറിക്ക് മേലെ ഒഴിച്ച് ചട്ടി ചുറ്റിച്ചു എല്ലാം യോജിപ്പിച്ച് തീ അണക്കാം.

_________________________________________________________

കോവക്ക കൊണ്ടാട്ടം റെസിപി കൂടി കൊടുക്കുന്നു
കോവക്ക - 20 എണ്ണം നീളത്തിൽ അരിഞ്ഞെടുക്കുക
പച്ചമുളക് - 10 എണ്ണം കീറി ഇതിലേക്ക് ഇടുക
ഉപ്പു ആവശ്യത്തിനു

ഇത് വെയിലത്ത്‌ വച്ച് ഉണക്കി കുപ്പിയിൽ സൂക്ഷിക്കുക - ആവശ്യാനുസരണം വറുത്തു എടുക്കുക

_________________________________________________________

ഇനി പിന്നാമ്പുറത്തേക്ക്

റെസിപി വേണ്ടവർ അത് വായിക്കട്ടെ - ലാത്തി വേണ്ടവർ വന്നോളൂ devil emoticon

ഈ ആഴ്ച ഇനി ഞാൻ മറ്റൊന്നും പോസ്ടില്ല (എന്നാണ് എന്റെ തീരുമാനം - ആ ആർക്കറിയാം - വാക്കും കാലുമല്ലേ നമ്മുക്ക് മാറ്റാൻ കഴിയൂ - എന്നാ ചെയ്യാനാ, എന്റെ ഒടുക്കത്തെ തിരക്കുകൾക്കിടയിലെ ഭ്രാന്താവസ്ഥക്ക് ഒരു ആശ്വാസം കിട്ടുന്നത് നിങ്ങളുടെ അടുത്ത എത്തുമ്പോഴാണ് - അതാ നാണം കെട്ടു പിന്നേം പോസ്റ്റുകൾ ഇടുന്നത്)

ലൈഫ് ഈസ്‌ നൊട്ട് ഓൾവെയിസ് എ കേക്ക് വാക്ക് എന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും മനസ്സിലാക്കാൻ നമ്മൾക്ക് ഒരവസരം ഉണ്ടാവും.

ഈ മീൻ കറി ഇടക്കൊക്കെ ഞാൻ ഉണ്ടാക്കാറുണ്ട് - അപ്പോഴൊക്കെ ദുബായിയിലെ ഒരു ഷേറിംഗ് അക്കോമഡേഷനിൽ മൂന്നു കുടുംബങ്ങൾ മൂന്നു സ്റൊവുകൾ വച്ച് ആഹാരം പാകം ചെയ്യുന്ന ഇടുങ്ങിയ അടുക്കളയിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള കൈകുഞ്ഞുമായി നിന്ന് ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ രൂപം എന്റെ മനസ്സില് തെളിയും.

വിശന്നു തല കറങ്ങുമ്പോഴും മുന്നിലിരിക്കുന്ന ആഹാരം കൈ കൊണ്ട് തൊട്ടു നോക്കാനോ നടു നിവർത്തി ഒന്ന് കിടക്കാനോ കഴിയാതെ കൈകുഞ്ഞിനെയും കൊണ്ട് കട്ടിലിൽ ആരെങ്കിലും ഒരാള് വരുന്നത് വൈകുന്നേരം വരെ ക്ഷമയോടെ കാത്ത് ഇരിക്കുന്ന ഒരു രൂപം.

കരയുന്ന കുഞ്ഞിനെ എങ്ങിനെ മെരുക്കാമെന്നൊ, അതിനെ കൈമാറി പിടിക്കാൻ ആരുടെ കൈയ്യിൽ കൊടുക്കണമെന്നോ അറിയാതെ ഒറ്റയ്ക്ക് ഇരിക്കുന്ന ഒരു രൂപം

വാഷിംഗ്‌ മഷീന് മേലെ കുഞ്ഞിനെ കിടത്തി പല്ല് തേക്കുകയും കുളിക്കുകയും മറ്റും ചെയ്യുന്ന ഒരു രൂപം

ഒരു കൈസഹായത്തിനു ആരുമില്ലാതെ വരുമ്പോൾ എല്ലാത്തിനും ഒരു ഷോര്ട്ട് കട്ട്‌ നമ്മൾ കണ്ടു പിടിക്കും .

ഇഫ്‌ ദേർ ഈസ്‌ എ വിൽ ദേർ ഈസ്‌ എ വേ .. ഞാൻ ആ വഴി നടന്നിട്ടുണ്ട്

അതുകൊണ്ട് ചെറിയ കാര്യങ്ങൾക്കു പോലും 10 പേരുടെ സഹായവും താങ്ങും പ്രതീക്ഷിക്കുന്നവരോട് അത് കിട്ടാനില്ലാത്ത ഒരു അവസ്ഥ ആലോചിച്ചു നോക്കാൻ ഒരു ഉത്തേജനം ആവട്ടെ ഈ പോസ്റ്റ്‌.

തണലുള്ളപ്പോഴേ തളർച്ചയുള്ളൂ എന്നാണല്ലോ - സ്വയംപര്യാപ്തരാവാൻ പഠിക്കുക - ജീവിതം നമ്മുക്ക് എന്താണ് കരുതി വച്ചിരിക്കുന്നത് എന്ന് പറയുക അസാധ്യം!!

grin emoticon Enjoy!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post