ചെറുപ്പകാലം തൊട്ട്, സിക്കിമിൽ ജോലിയുണ്ടായിരുന്ന അച്ഛനമ്മമാരുടെ അടുത്തു പോകാൻ വിഷമം തോന്നിയിരുന്നത് ഒരേ ഒരു കാര്യത്തിലായിരുന്നു. അതും കടുകെണ്ണ എന്ന ഭീകരൻ മൂലം…! എനിക്കിത്രയേറെ വെറുപ്പുളവാക്കിയിരുന്ന ഒരു ഗന്ധമില്ലായിരുന്നു വേറേ. അവിടെ ആളുകൾ അത് ദേഹത്തു തേച്ചു കൊണ്ടാണ് നടക്കുന്നത്. അവർ അടുത്തുകൂടി പോകുമ്പോഴും അവരുടെ വീടുകളിൽ പോകുമ്പോഴുമൊക്കെ ആ ഗന്ധം എന്നെ വളരെ അസ്വസ്ഥമാക്കിയിരുന്നു. പോരാത്തതിനു വിളഞ്ഞ ഓറഞ്ചിന്റെ നിറമുള്ള നേപ്പാളി സുന്ദരികൾ ഇതും പുരട്ടി നിൽക്കുന്നതിന്റെ ദുഃഖവും!! പിന്നീട് അവിടെ ജോലിയുമായി കൂടിയതിനു ശേഷമാണ് അതുമായി പൊരുത്തപ്പെടാൻ തുടങ്ങിയതും ശീലിച്ചു തുടങ്ങിയതും. ട്രെയിനിലും വഴിവക്കിലും കിട്ടുന്ന സമൂസയടക്കം എല്ലാ എണ്ണ ചേർന്ന പലഹാരങ്ങളിലും ആഹാര പദാർത്ഥങ്ങളിലും കടുകെണ്ണ ഒരു അവശ്യഘടകമായിരുന്നു. അങ്ങനെ ഞാനും അതുപയോഗിച്ചു തുടങ്ങി..പിന്നെ ഇഷ്ടമായിത്തുടങ്ങി.
അപ്പോൾ നമുക്ക് നേപ്പാളി ചിക്കൻ കറി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. കടുകെണ്ണ ഇഷ്ടപ്പെടുന്നവർ മാത്രമേ ഇതു പരീക്ഷിക്കാവൂ. കോഴിക്ക് നഷ്ടപരിഹാരം ചോദിച്ച് ആരും വന്നേക്കല്ല്…:)
By: Nisikanth Gopi
വേണ്ട അനുസാരികൾ
നാടൻ കോഴി : 1 കിലോ (മീഡിയം വലിപ്പത്തിൽ അരിഞ്ഞത്)
സവാള : കാൽക്കിലോ
മുളകുപൊടി : 2 സ്പൂൺ
പച്ചമുളക് : എരിയുള്ളത് 5 എണ്ണം
മഞ്ഞൾപൊടി : ഒരു ടീസ്പൂൺ
സാദാ ജീരകം : രണ്ടു ടീസ്പൂൺ (പെരുംജീരകം അല്ലാ)
വെളുത്തുള്ളി : 5 വലിയ അല്ലി ചതച്ചത്
ഇഞ്ചി : ചൂണ്ടുവിരലിന്റെ നീളത്തിന്റെ പകുതി കൊത്തിനുറുക്കിയത്
മല്ലിയില : തണ്ടോടെ അരിഞ്ഞെടുത്ത് അരപ്പിടി (കറിവേപ്പില ചേർക്കരുത്)
വറ്റൽ മുളക് : 4 എണ്ണം
കറുവാപ്പട്ടയില : 2 എണ്ണം
കുരുമുളക് : കല്ലിൽ പൊടിച്ചത് ഒരു സ്പൂൺ
കടുക് : 2 ടീസ്പൂൺ തൂവെ
കടുകെണ്ണ : 150 എം.എൽ
ഉപ്പ് : ആവശ്യത്തിന്
ചെയ്യേണ്ട വിധം
ഏലക്കാ, ഇലവർങ്ങം, ഗ്രാമ്പൂ , കച്ചോലം, അയമോദകം തുടങ്ങി മറ്റു ഗരം മസാലക്കൂട്ടുകൾ ഒന്നും ഉപയോഗിക്കരുത്. പച്ചമുളക് നടുവേ കീറിയും സവാള കനം കുറച്ചരിഞ്ഞും മാറ്റി വയ്ക്കുക (മസാലക്കൂട്ടെല്ലാം കൂടി മിക്സിയിൽ അടിച്ചു കുഴമ്പുപരുവത്തിൽ വയ്ക്കുന്ന പരിപാടി നടപ്പില്ല). ചീനച്ചട്ടി ചൂടാകുമ്പോൾ കടുകെണ്ണയൊഴിക്കുക. നന്നായി ചൂടാകും വരെ കാത്തു നിൽക്കണം. കടുകിട്ട് പൊട്ടുന്നോ എന്നു നോക്കണം. ഇല്ലെങ്കിൽ കാത്തു നിൽക്കുക. മണം പിടിക്കാത്തവർ മൂക്കിനു ചുറ്റും തുണിചുറ്റാം. നന്നായി തിളച്ചെന്ന് ബോദ്ധ്യമായാൽ കടുകിട്ട് പൊട്ടിച്ച് അതിലേക്ക് അരിഞ്ഞുവച്ച ഉള്ളിയിട്ട് വഴറ്റുക. പാകമാകുമ്പോൾ അതിലേക്ക് മുളകുപൊടിയും ചേർക്കുക. മൂത്താൽ വറ്റൽ മുളകുകൂടി മുറിച്ചിടുക. ശേഷം ചതച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി ചേർത്ത് വീണ്ടും വഴറ്റുക. പിന്നീട് പച്ചമുളകും അതിനു ശേഷം ഇഞ്ചിയും മഞ്ഞൾപ്പൊടിയും ചേർത്ത് മൂപ്പിക്കുക. ചുവക്കുമ്പോൾ അരിഞ്ഞുവച്ചിരിക്കുന്ന ചിക്കൻ വെള്ളം തോർത്തിയെടുത്ത് അതിലിട്ട് നന്നായി വഴറ്റുക. പച്ചചുവയ്ക്കാൻ പാടില്ല. എണ്ണ പോരെന്ന് തോന്നി ബാക്കിയിരിക്കുന്ന പച്ചക്കടുകെണ്ണ എടുത്തൊഴിച്ചേക്കരുത്. പിന്നെ പറഞ്ഞിട്ട് കാര്യമില്ല…!!! അതിനാൽ അവരവരുടെ സൗകര്യത്തിനു എണ്ണയുടെ അളവ് ആവശ്യമെങ്കിൽ ആദ്യമേ കൂട്ടേണ്ടതാണ്. നന്നായി മൂപ്പിച്ചാലേ എണ്ണയുടെ ഗന്ധം പോയിക്കിട്ടുകയുള്ളൂ. ചിക്കൻ നന്നായി വഴറ്റിയതിനു ശേഷം വെള്ളമൊഴിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് കറുവപ്പട്ടയുടെ ഇലയുമിട്ട് അടച്ചുവയ്ക്കുക. നന്നായി വെന്തശേഷം പൊടിച്ച കുരുമുളകും ജീരകവും ഇട്ട് വീണ്ടും അടച്ചുവയ്ക്കുക. അവസാനം മല്ലിയില ചേർത്തിളക്കി വാങ്ങി വച്ച് ചൂടോടെ ഉപയോഗിക്കുക. കറിക്ക് മഞ്ഞ നിറമാകും ഉണ്ടാവുക. ഗ്രേവിയുടെ കൊഴുപ്പ് കോഴിയുടെ കൊഴുപ്പുപോലെയിരിക്കും. അതിനാൽ കോഴിയുടെ തൊലി കളയാതിരിക്കേണ്ടതാണ്. കുറുകിയ ഗ്രേവി വേണമെന്നുള്ളവർ 2 ഉരുളക്കിഴങ്ങുകൂടി വേവിച്ച് ചെറുതായരിഞ്ഞ് അതിൽ ചേർത്താൽ മതിയാകും. രുചി വ്യത്യാസമുണ്ടാവുകയില്ല.
(ഭർത്താക്കന്മാർ 2 സ്മാൾ വിടുന്നവരാണെങ്കിൽ ഇതുണ്ടെങ്കിൽ അറിയാതെ 4 ആയിപ്പോകുമെന്നതിനാൽ ഭാര്യമാർ സൂക്ഷിക്കേണ്ടതാണ്..:)))
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes