സ്പെഷ്യൽ മീൻ മുളകിട്ടത്..
By : Sherin Reji
പഴങ്ങഞ്ഞിയും മോര് കറിയും മീൻ മുളകിട്ടതും ചക്ക പുഴുക്കും... ഓ ഓർക്കുമ്പോ തന്നെ വായിലൊരു വെള്ളംകളി നടത്താം.. 

വീട്ടിൽ രാവിലെ പഴങ്ങഞ്ഞി ആണേൽ തലേ ദിവസമേ മീൻ മുളകിട്ടു വക്കും.. എങ്കിലേ രാവിലെ ആകുമ്പോഴേക്കും മീനിലൊക്കെ നന്നായി എരിയും പുളിയും പിടിക്കൂ..

വിറകടുപ്പിൽ മൺചട്ടിയിലാണ് മുളകിട്ടത് തയ്യാറാവുന്നത്.. മീൻ വെന്തു കഴിഞാൽ അടുപ്പിലെ വിറകു കഷ്ണങ്ങൾ തീ ഒക്കെ പിരിച്ചു മാറ്റി വക്കും.. ഇനി ബാക്കിയുള്ള ചെറിയ കനലിൽ ഇരുന്നു കറി നന്നായി രാവിലത്തെക്കു വറ്റി വരും..

ഒരു രാത്രി മുഴുവൻ ഇരുന്നു പിറ്റേന്ന് രാവിലെ മീൻ മുളകിട്ടതും കൂട്ടി പഴങ്കഞ്ഞി കുടിക്കും.. കൂടെ മുറ്റത്തെ കാന്താരിന്ന് രണ്ടു കാന്താരി പൊട്ടിച്ചു പച്ച വെളിച്ചെണ്ണയിൽ ചാലിച്ചു എടുക്കും, പറമ്പിൽ വിളഞ്ഞ ഇളവൻ വഴറ്റി വേവിച്ച മോര് കറി, ഇനി തൊട്ടു കൂട്ടാൻ തൊടിയിലെ മൂവാണ്ടൻ മാവിലെ മാങ്ങ കൊണ്ടിട്ട നല്ല പുളിയുള്ള മാങ്ങാ അച്ചാറും.. ഇനി ചക്കയുടെ കാലം ആണേൽ ഒരു പിടി ചക്ക പുഴുക്കും കാണും.. കൊതിപ്പിച്ചു കൊല്ലുന്നില്ല.. . തുടങ്ങാം??

ചീനച്ചട്ടി അടുപ്പില്‍ വച്ചു വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിച്ചു. 1/2 ടീ സ്പൂൺ ഉലുവ ഇട്ടു മൂപ്പിച്ചു..

ഇഞ്ചി - 1 കഷ്ണം
വെളുത്തുള്ളി - 1 കുടം
കൊച്ചുള്ളി 5,6

എല്ലാം കൂടി അരക്കല്ലിൽ ഒന്ന് ചതച്ചെടുത്തു പച്ച മണം മാറുന്നത് വരെ എണ്ണയിൽ വഴറ്റി.

മുളകുപൊടി -----5 ടേബിള്‍ സ്പൂണ്‍
കുടംപുളി ------ 4 വലിയ കഷണം
മഞ്ഞള്‍പൊടി ------അര ടീസ്പൂണ്‍

മസാല വഴന്ന ചെറുതായി നിറം മാറാന്‍ തുടങ്ങിപ്പോൾ മുളകുപൊടി ചേര്‍ത്തു എണ്ണ തെളിയും വരെ ഇളക്കി .(കരിയരുത്)വെള്ളത്തിലിട്ടിരിക്കുന്ന പുളി ചെറുതായൊന്നു ഞെരുടി പുളി കഷണങ്ങള്‍ മാറ്റിവച്ച ശേഷം പുളി വെള്ളം ചീനച്ചട്ടിയിലേക്ക്‌ ഒഴിച്ചു.മഞ്ഞള്‍പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്തു.

ഒരു മീന്‍ ചട്ടിയില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു 4 തണ്ട് കറിവേപ്പില തണ്ടോട് കൂടി നിരത്തി .മാറ്റി വച്ച പുളി കഷണങ്ങള്‍ കീറി പകുതി കഷണങ്ങളും നിരത്തി.ഇതിനു മുകളിലേക്ക് കഴുകി വൃത്തിയാക്കിയ 1 കിലോ മീന്‍ കഷണങ്ങള്‍ നിരത്തി അടുക്കി .. വീണ്ടും മുകളില്‍ 4 തണ്ട് കറിവേപ്പിലയും പുളി കഷണങ്ങളും നിരത്തി.

അടുപ്പില്‍ തിളച്ചു കൊണ്ടിരിക്കുന്ന ഗ്രേവി ചട്ടിയില്‍ നിരത്തിയ മീന്‍ കഷണങ്ങള്‍ക്ക് മുകളിലേക്ക് ഒഴിച്ച് കൊടുത്തു. ചട്ടി അടച്ചു ചെറുതീയില്‍ 20 മിനിറ്റ് വേവിച്ചു..

ഇനി നാളെ രാവിലെ ഈ മീൻ കറി കൂട്ടി നോക്കൂ.. നന്നായി എരിവും പുളിയും പിടിച്ചു എന്താ ഒരു സ്വാദ്..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post