ചക്ക വരട്ടിയത്

ചക്കപ്പഴം ധാരാളമുണ്ടെങ്കില്‍ എന്തു ചെയ്യും? എത്രയാന്നു വച്ചാ തിന്നുക...അല്ലേ..? ബാക്കിയുള്ളത് വെറുതേ പാഴാക്കിക്കളയാതെ വരട്ടിവച്ചാല്‍ നല്ലതാണ് കേട്ടോ. കുറച്ചു മിനക്കെടണമെന്നു മാത്രം. പിന്നീട് ഇതുകൊണ്ട് അട, അപ്പം, പായസം ഒക്കെ ഉണ്ടാക്കാം. തേങ്ങ കൂട്ടി വെറുതെ തിന്നുകയും ആവാം. ചക്കപ്പഴം തിന്നാന്‍ അത്ര ഇഷ്ടമില്ലാത്തവര്‍ക്ക് ചിലപ്പോള്‍ വരട്ടിയത് ഇഷ്ടമാവാറുമുണ്ട്. 

ആവശ്യമുള്ള സാധനങ്ങള്‍:

പഴുത്ത ചക്ക - (ഇടത്തരം വലുപ്പമുള്ളത്) ഒന്ന്
ശര്‍ക്കര - അരക്കിലോ.
നെയ്യ് - 75-100 ഗ്രാം.
ഉണ്ടാക്കുന്ന വിധം:
ചക്കച്ചുള കുരുവും ചവിണിയും കളഞ്ഞ് വൃത്തിയാക്കി, ചെറുതായി നുറുക്കിയെടുത്തശേഷം കുക്കറിലാക്കി വെള്ളമൊഴിച്ച് (വെള്ളം വളരെ കുറച്ച് ഒഴിച്ചാല്‍ മതി) നല്ല മയത്തില്‍ വേവിക്കുക. ഇത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. (ഇത് എളുപ്പപ്പണിയാണ്. പണ്ടത്തെ രീതി ഇങ്ങനെയല്ല കേട്ടോ. ചക്ക വെള്ളമൊഴിച്ച് അടുപ്പത്തുവച്ച് വേവിച്ച്...കയ്യിലുകൊണ്ട് ഉടച്ചെടുത്ത്...അങ്ങനെയൊക്കെയാണ് പഴയ രീതി. ഇത് ഒരുപാട് സമയമെടുക്കുന്ന പരിപാടിയാണ്).


ഇനി വേണ്ടത് ഉരുളിപോലുള്ള നല്ല കട്ടിയുള്ള പാത്രമാണ്. ഉരുളിതന്നെയാണ് ഏറ്റവും അനുയോജ്യം. ശര്‍ക്കര കുറച്ചുവെള്ളത്തില്‍ ഉരുക്കി അരിച്ചെടുക്കുക. ചക്കപ്പഴം അരച്ചതും ശര്‍ക്കരപ്പാനിയും കൂടി ഉരുളിയിലാക്കി അടുപ്പത്തു വയ്ക്കുക. നന്നായി ഇളക്കിക്കൊടുക്കണം. അടി കരിയാതെ ശ്രദ്ധിക്കണം.ഇവിടെയാണ് ഉരുളി ഉപയോഗിച്ചാലുള്ള ഗുണം. മറ്റേതെങ്കിലും പാത്രമാണെങ്കില്‍ അടുപ്പിനടുത്തുനിന്ന് മാറാതെ തുടര്‍ച്ചയായി ഇളക്കേണ്ടിവരും. ഉരുളിയാണെങ്കില്‍ ഇടയ്ക്കൊന്ന് നന്നായി ഇളക്കിക്കൊടുത്താല്‍ മതി. കരിഞ്ഞുപിടിക്കില്ല.

ക്രമേണ ചക്കയിലെ വെള്ളം വറ്റാന്‍ തുടങ്ങും. നെയ്യ് കുറേശ്ശെയായി പല തവണകളായി ചേര്‍ത്തുകൊടുക്കണം.

മഞ്ഞനിറം മാറി ബ്രൗണ്‍ നിറമായതു കണ്ടോ

ഈ പാകമായാല്‍ വരട്ടല്‍ നിറുത്താം. എങ്കിലും, വെള്ളം പൂര്‍ണ്ണമായി വറ്റാത്ത പരുവമായതുകൊണ്ട് ഈ ഘട്ടത്തില്‍ വാങ്ങുന്ന ചക്കവരട്ടി ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടിവരും. അല്ലെങ്കില്‍ കേടാവും.


ഇനി, വരട്ടുന്നത് പിന്നെയും കുറേനേരം കൂടി തുടരുകയാണെങ്കില്‍ ചക്കയിലെ വെള്ളം മുഴുവനായി വറ്റി, ചക്കവരട്ടി ഒരു പന്തുപോലെ ഉരുണ്ടുവരും. ഈ ഘട്ടം വരെ എത്താന്‍ നല്ല ബുദ്ധിമുട്ടുതന്നെയാണ് കേട്ടോ. പക്ഷേ ഒരു ഗുണമുള്ളത് , ഇത് ഫ്രിഡ്ജില്‍ വച്ചില്ലെങ്കിലും കേടാവില്ലെന്നുള്ളതാണ്. നല്ല അടപ്പുള്ള ഒരു പാത്രത്തിലാക്കി നന്നായി അടച്ചുവച്ചാല്‍ മതി. ഒരു വാഴയില വാട്ടിയെടുത്ത് നെയ്മയം പുരട്ടിയശേഷം “പന്ത്” ഈ ഇലയില്‍ പൊതിഞ്ഞിട്ടാണ് പാത്രത്തിലാക്കുക.ഒരു കേടും വരില്ല. പണ്ട് ഫ്രിഡ്ജൊന്നും ഇല്ലാതിരുന്നതുകൊണ്ട് ഇങ്ങനെയാണ് ചക്കവരട്ടി സൂക്ഷിച്ചിരുന്നത്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post