കണ്ണൂര്‍ കല്‍ത്തപ്പം
By:- Shibin Dinesh

ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി അല്ലെങ്കില്‍ നേരിയ അരി (നെയ്ച്ചോര്‍ അരി ) .... ഒന്നര ഗ്ലാസ്‌
വെല്ലം (ശര്‍ക്കര) - 300 ഗ്രാം.
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
പശുവിന്‍ നെയ്യ് - 2 ടീസ്പൂണ്‍
ഏലക്കായ - 8 എണ്ണം
അപ്പക്കാരം - കാല്‍ ടീ സ്പൂണ്‍
സവാള - ഒന്നിന്‍റെ പകുതി
തേങ്ങ പൂള് - 2 എണ്ണം
ചിരകിയ തേങ്ങ - 2 ടേബിള്‍ സ്പൂണ്‍
പുഴുങ്ങലരിയുടെ ചോറ് - 2 ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം
ആദ്യമേ പറയട്ടെ... ഗ്യാസ് അടുപ്പില്‍ കുക്കറില്‍ ഉണ്ടാക്കേണ്ടതാണ് ഈ പലഹാരം. 2 അടുപ്പ് ഒരേ സമയം അവശ്യം വരും.
പച്ചരി ഒന്ന് - ഒന്നര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. നന്നായി കഴുകി എടുത്തതിനു ശേഷം ചോറും ചിരകിയ തേങ്ങയും ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. പിന്നെ, ഒരു ഗ്ലാസ്‌ വെള്ളത്തില്‍ വെല്ലം നന്നായി ഉരിക്കി അരിച്ചെടുക്കുക. ഈ അരിച്ചെടുത്ത വെല്ലം അരച്ച അരി-ചോര്‍-തേങ്ങ മിശ്രിതത്തിലേക്ക് ഒഴിച്ച് ഇളക്കി ചേര്‍ക്കുക. ശ്രദ്ധിക്കുക: ഈ കൂട്ട് ദോശ മാവിനെക്കള്‍ കുറച്ചു കൂടി നേരിയതായിരക്കണം. ഈ അരവാണ്‌ പലഹാരത്തിന്റെ മൃദുലത നിശ്ചയിക്കുക.
സവാളയും തേങ്ങ പൂളും ചെറുതായി അറിഞ്ഞു വെക്കുക.
ഒന്നാം അടുപ്പില്‍ കുക്കര്‍ വച്ച് അതിലേക്കു വെളിച്ചെണ്ണയും പശുവിന്‍ നെയ്യും ഒഴിച്ച് ,അരിഞ്ഞു വച്ച ഉള്ളിയും തേങ്ങ കൊത്തും ഇട്ടു 5 മിനിറ്റ് ചെറു തീയില്‍ വഴറ്റുക. ( ശ്രദ്ധിക്കുക: ഒന്നാം അടുപ്പ് ഇപ്പോള്‍ സിം ഇലാണ് ഉണ്ടാവേണ്ടത് )
ഇതേസമയം, 2 ആ മത്തെ അടുപ്പില്‍ ഒരു അലൂമിനിയം ചട്ടിയില്‍ അരച്ചുവചിരിക്കുന്ന അരി + വെല്ലം കൂട്ട് ഒഴിച്ച് തുടര്‍ച്ചയായി ഇളക്കികൊണ്ടിരിക്കുക . ശ്രദ്ധിക്കുക ഈ സമയം തന്നെ കുക്കറിലെ സാധനങ്ങളും ഇളക്കി കൊണ്ടിരിക്കണം . രണ്ടാമത്തെ അടുപ്പ് ഹൈ യിലാണ് )
അരി + വെല്ലം കൂട്ട് തിളക്കാന്‍ പാടില്ല. നല്ലത് പോലെ ചൂടായാല്‍ മതി.
നന്നായി ചൂടായാല്‍ ഗ്യാസ് ഓഫ്‌ ചെയ്യുക. അതിലേക്കു എലക്കായയും അപ്പക്കാരവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക .
ഇനി കുക്കര്‍ ഹൈ യിലേക്ക് മാറ്റിയതിനു ശേഷം ഈ കൂട്ട് അതിലേക്കു ഒഴിക്കുക . ( വെറുതെ ഒഴിക്കുക, ഇളക്കരുത് ) . ഇതിനു ശേഷം "കുക്കര്‍ വെയ്റ്റ് " ഉപയോഗിക്കാതെ കുക്കര്‍ അടച്ചു വെക്കുക. എവിടേക്കും പോകരുത്. കുക്കറില്‍ നിന്ന് ആവി വരുന്നത് കണ്ടു 1 മിനുടിന് ശേഷം ഗ്യാസ് വീണ്ടും സിമില്‍ ആക്കുക. ഈ രീതിയില്‍ ഒരു 10 മിനിറ്റ് നേരം വെക്കുക. പിന്നീടു ഗ്യാസ് ഓഫ്‌ ചെയ്യുക. 5 - 10 മിനിറ്റ് നു ശേഷം കുക്കര്‍ തുറന്നു ശേഷം ഒരു സ്പൂണിന്റെ പിന്‍ഭാഗം കൊണ്ട് കുത്തി നോക്കുക. പശ പശപ്പ് പോലെ തോന്നുന്നതെങ്കില്‍ കല്‍ത്തപ്പം നന്നായി വെന്തില്ല എന്ന് മനസ്സിലാക്കാം! ഒരു 5 -10 മിനിറ്റ് കൂടി അടച്ചു വെച്ചാല്‍ മതി. ചട്ടുകം ഉപയോകിച്ച് വശങ്ങളില്‍ കൂടെ ഇളക്കി പ്ലം കേക്ക് പോലെ ഇളക്കി എടുക്കുക.

സാമ്പത്തിക ശേഷി അനുസരിച്ച് പച്ചരി മാത്രമോ, പച്ചരി + നെയ്ച്ചോര്‍ അറിയോ അല്ലെങ്കില്‍ നെയ്ച്ചോര്‍ അരി മാത്രമായും ഉപയോഗിക്കുക .. ആദ്യം വെക്കുമ്പോള്‍ പച്ചരി ഉപയോകിച്ച് പരീക്ഷിക്കുന്നതായിരിക്കും ഉചിതം. ശരിയായില്ലെങ്കില്‍ വീട്ടിലെ യോ അടുത്ത വീട്ടിലെയോ പശുവിനു നല്ല വിഭവമായി കൊടുക്കാം.
വല്ല സംശയും ഉണ്ടെങ്കില്‍ കമന്റ്‌ ഇലൂടെ ചോദിക്കുക. അറിയാവുന്നത് പോലെ പറഞ്ഞു തരാം.
എല്ലാവരും ഉണ്ടാക്കണം..... ശരിയായി വന്നാല്‍ അടിപൊളി രുചിയാണ് !!!
PS : മുക്കാല്‍ ഭാഗവും തിന്നതിന് ശഷമാണ് ഫോട്ടോ എടുത്തത്‌. അതാണ്‌ ഇങ്ങനെ മുറിച്ചു വെച്ച് ഫോട്ടോ എടുത്തത്‌. കുക്കറില്‍ നിന്ന് എടുക്കുമ്പോള്‍ നല്ല പ്ലം കേക്ക് പോലെ ഉണ്ടാവും കാണാന്‍.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم