ബീഫ് സുക്ക
By:- ManojKumar Rp
പ്രവാസജീവിതം തുടങ്ങിയ ദിവസം മുതല്‍ കേള്‍ക്കാനും കഴിക്കാനും തുടങ്ങിയ ഒരു വിഭവമാണ് ഈ ബീഫ് സുക്ക. ജോലി കഴിഞ്ഞ് മടങ്ങി എത്തിയാല്‍ ഉടന്‍ കുളി കഴിഞ്ഞ് പോകും അടുത്തുള്ള കേരള ഹോട്ടലിലേക്ക്... നല്ല ചൂടുള്ള പൊറോട്ടയും ഒരു പ്ലേറ്റ് ബീഫ് സുക്കയുമായിരുന്നു പതിവ്... അന്ന് തുടങ്ങിയ ആഗ്രഹമാ ഇതൊന്ന് സ്വന്തം കൈ കൊണ്ട് ഉണ്ടാക്കണം എന്ന്... ഇന്നലെ അത് സാദിച്ചു!! സ്വന്തം വീടും നാടും വിട്ട് അറബി നാടുകളില്‍ വന്ന് ജോലി ചെയ്യുന്ന ഒട്ടുമിക്ക എല്ലാ മലയാളികള്‍ക്കും സുപരിചിതമായ നാമം... ബീഫ് സുക്ക..!! ഇതില്‍ എന്റെയും ചില ചില്ലറ പൊടികൈകള്‍ ചേര്‍ത്തിട്ടുണ്ട് ട്ടോ.... കഴിച്ചവരെല്ലാം നല്ല അഭിപ്രായം പറയുകയും കൂടി ചെയ്തപ്പോ മനസ്സ് നിറഞ്ഞു...
ഇന്നലെ കുറച്ച് വിരുന്നുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുക എന്ന ദൌത്യവുമായി രാവിലെ പുറപ്പെട്ടു അടുത്തുള്ള മാര്‍കെറ്റിലേക്ക്.... വരുന്നവര്‍ തൃശൂര്‍ക്കാരായ കുറച്ച് അച്ചായന്മാര്‍... നോണ്‍ വെജ് വിഭവങ്ങള്‍ ഉണ്ടാക്കാന്‍ അതി സമര്‍ത്ഥന്‍മാരായ അച്ചായന്‍മാര്‍ക്ക് മുന്നില്‍ ഈ ആലപ്പുഴക്കാരന്‍ നായര് ചെക്കനും പിടിച്ചു നില്‍ക്കണ്ടേ.... മുന്നും പിന്നും നോക്കിയില്ല വാങ്ങി രണ്ടു കിലോ ഇന്ത്യന്‍ ബീഫും, മൂന്ന് കിലോ ഇന്ത്യന്‍ മട്ടനും..... മട്ടന്‍ ഉണ്ടാക്കിയ വിശേഷം ഞാന്‍ പിന്നീടോരവസരത്തില്‍ പറയാം...!! തിരികെ റൂമിലെത്തി.. സാമ്പാറിന് മേമ്പൊടി കായം എന്ന് പറഞ്ഞതുപോലെ പാചകത്തിന് മേമ്പൊടി നല്ല സൊയമ്പന്‍ റെഡ്ലേബല്‍ വിസ്കി രണ്ട് പെഗ്ഗ് ഒഴിച്ചടിച്ചോണ്ട് പരിപാടി ആരംഭിച്ചു...!!
ഓ!!! ക്ഷമിക്കണം ....പാചകത്തെ പറ്റി പറയുമ്പോ ഞാന്‍ വല്ലാണ്ട് വാചാലനാവും... വേണ്ട സാദനങ്ങള്‍ എന്തൊക്കെയാ എന്ന് പറയാന്‍ മറന്നു....!!
ഇന്ത്യന്‍ ബീഫ് : ഒരു കിലോ (ഞാന്‍ രണ്ടു കിലോ വാങ്ങി )
ചുവന്നുള്ളി ചെറുതായി അരിഞ്ഞത് : ഒരു കപ്പ്
വെളുത്തുള്ളിയും ഇഞ്ചിയും പിന്നെ അല്‍പ്പം കുരുമുളകും നല്ലോണം അരചെടുത്തത് : നാലോ അഞ്ചോ സ്പൂണ്‍
മുളക് പൊടി : രണ്ട് സ്പൂണ്‍
മഞ്ഞള്‍ പൊടി : കാല്‍ സ്പൂണ്‍
മല്ലിപ്പൊടി : രണ്ടു സ്പൂണ്‍
കുരുമുളക് പൊടി : രണ്ടു സ്പൂണ്‍
പച്ച മുളക് നെടുകെ പിളര്‍ന്നത് : നാലെണ്ണം
പെരുംജീരകം പൊടിച്ചത് : ഒരു സ്പൂണ്‍
ഗരം മസാല : ആവശ്യത്തിന്
തേങ്ങാ കൊത്ത്: അര കപ്പ്
കറി വേപ്പില : ആവശ്യത്തിന്
വെളിച്ചെണ്ണ : നാല് സ്പൂണ്‍
ചെറുനാരങ്ങ : ഒരെണ്ണം
ഉപ്പ് : ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:-
വാങ്ങിക്കൊണ്ടു വന്ന ബീഫ് ചെറുകഷണങ്ങളായി മുറിച്ച് നല്ലതുപോലെ കഴുകി എടുക്കുക. അതില്‍ ഒരു മുറി നാരങ്ങയും ഒരു സ്പൂണ്‍ കുരുമുളക് പൊടിയും ചേര്‍ത്ത് നല്ലത് പോലെ ഇളക്കി കുക്കറില്‍ ഇട്ട് ആവശ്യത്തിനു വെള്ളം ഒഴിച്ച് ഒരു ഏഴ് വിസില്‍ കേള്‍ക്കും വരെ വേവിക്കുക. വെള്ളം പാകത്തിന് ഒഴിക്കാന്‍ ശ്രദ്ധിക്കണം അല്ലെങ്കില്‍ കുക്കറിന് മുകളില്‍ നിന്നും തൃശൂര്‍പൂരത്തിന് കുരവപ്പൂ പൊട്ടുന്നത് പോലെ വെള്ളം നാല് ഭാഗത്തേക്കും ചീറ്റാന്‍ തുടങ്ങും.. പിന്നെ രണ്ടുപേരുടെ പണി ചെയ്തെങ്കിലേ ആ ഗ്യാസ് ബര്‍ണര്‍ വൃത്തിയാകു.!! ബീഫ് വേവുന്ന സമയം കൊണ്ട് ഒരു പാനിലോ അല്ലെങ്കില്‍ ചീനിച്ചട്ടിയിലോ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക അതിലേക്ക് തേങ്ങാ കൊത്ത് ഇട്ട് ഒരു ബ്രൌണ്‍ കളര്‍ ആവും വരെ മൂപ്പിക്കണം പിന്നെ കറിവേപ്പിലയും ചുവന്നുള്ളി അരിഞ്ഞു വെച്ചതും ഇട്ട് അല്‍പ്പം ഉപ്പും ചേര്‍ത്ത് നല്ലോണം മൂപ്പിക്കുക... കളറൊക്കെ മാറി ഒരു പരുവമാവുമ്പോ അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വീണ്ടും ഇളക്കി വെളുത്തുള്ളി ഇഞ്ചി കുരുമുളക് അരച്ച മിശ്രിതം ചേര്‍ത്ത് ചെറു തീയില്‍ ഇളക്കുക. നല്ല മണം വന്നു കഴിഞ്ഞാല്‍ ഉടന്‍ തന്നെ നമുക്ക് മുളക് പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് വരട്ടാം .. ആവശ്യത്തിനു ഗരം മസാലയും ചേര്‍ക്കാം അപ്പോഴേക്കും നമ്മുടെ ബീഫ് വെന്തിട്ടുണ്ടാവും പതുക്കെ വെള്ളം കളഞ്ഞു കോരി എടുക്കുക രണ്ടു സ്പൂണ്‍ എണ്ണ പാനില്‍ ഒഴിച്ച് ചൂടാക്കി ബീഫ് കോരി ഇട്ട് നല്ലോണം മൊരിപ്പിചെടുക്കണം ഈ മൊരിപ്പിച്ച ബീഫ് നമ്മുടെ ഉള്ളി വരട്ടിയ മിശ്രിതത്തില്‍ ചേര്‍ത്ത് ഡ്രൈ ആവും വരെ ഉലര്‍ത്തി എടുക്കണം... (ഞാന്‍ ഇതിനിടയില്‍ ഒരു സൂത്രപ്പണി ചെയ്തു ട്ടോ ഒരല്‍പം തേങ്ങാപ്പാലും ഇതില്‍ ചേര്‍ത്തു... ഹോ!! പണ്ടാരം എന്നാ സ്വാദാന്നേ....!!
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes