അരിക്കടുക്ക

ചേരുവകള്‍ 

കടുക്ക (തോടോടു കൂടിയത്) - 8 എണ്ണം. 
പത്തിരിപ്പൊടി - ഒരു കപ്പ്.
ചെറിയുള്ളി,പെരുംജീരകം ചതച്ചത് - 2 ടീസ്പൂണ്‍.
കശ്മീരി മുളക്പൊടി - നാല് ടീസ്പൂണ്‍.
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍.
ഉപ്പ് - മൂന്ന് ടീസ്പൂണ്‍.
വെളിച്ചെണ്ണ - രണ്ട് ടേബിള്‍സ്പൂണ്‍.
വെള്ളം - ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

തോടോടു കൂടിയ കടുക്ക (കല്ലുമ്മക്കായ) വേണം കടയില്‍ നിന്നും വാങ്ങാന്‍. കടുക്കയുടെ പുറംതോട് തുറക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്, അതുകൊണ്ട് കടയില്‍ നിന്ന് വാങ്ങുമ്പോള്‍ തന്നെ തുറന്നു തരാന്‍ കടക്കാരോട് പറയുക. ഇല്ലെങ്കില്‍ വൃത്തിയാക്കിയ കടുക്ക ഫ്രിഡ്ജില്‍ ഫ്രീസറില്‍ വെക്കുക. കുറച്ച് കഴിയുമ്പോള്‍ തോടുകള്‍ അകന്ന് വരും. കടുക്കയുടെ അകവും പുറവും നല്ലവണ്ണം വൃത്തിയാക്കണം. ഇറച്ചി തോടില്‍ നിന്നും ഇളകി വരാതെയും തോട് രണ്ടായി പിളര്‍ന്നു പോകാതെയും ശ്രദ്ധിക്കണം.

പുഴുങ്ങലരി ചൂട് വെള്ളത്തില്‍ രണ്ട് മണിക്കൂര്‍ കുതിര്‍ത്ത് വെച്ചതിനു ശേഷം അരച്ചെടുത്ത മാവാണ് സാധാരണയായി കടുക്കയുടെ ഉള്ളില്‍ നിറയ്ക്കാന്‍ ഉപയോഗിക്കാറ്. പക്ഷേ അതിനു പകരമായി, എളുപ്പത്തിനു വേണ്ടി ഒരു കപ്പ് പത്തിരിപ്പൊടി ഉപയോഗിച്ചാലും മതി. ഒരു കപ്പ് പത്തിരിപ്പൊടിയില്‍ ഒരു ടീസ്പൂണ്‍ ഉപ്പ്, ചെറിയ ഉള്ളി - പെരുംജീരകം ചതച്ചത് രണ്ട് ടീസ്പൂണ്‍ എന്നിവ ചേര്‍ത്ത് ഒരു കപ്പ് ചൂടുവെള്ളത്തില്‍ കട്ടിയുള്ള മാവാക്കിയെടുക്കുക. ഈ മാവ് ഉരുളകളാക്കി കടുക്കയുടെ ഉള്ളില്‍ നിറച്ച് അമര്‍ത്തിവെക്കുക. ഒരു കുക്കറില്‍ വച്ച് അരി നിറച്ച ഈ കടുക്കകളെ ആവിയില്‍ വേവിച്ചെടുക്കുക. ആവി വന്നതിനു ശേഷം ഏകദേശം പത്ത് മിനിറ്റ് കൊണ്ട് ഇത് വേവും. അതിനു ശേഷം അരി നിറച്ച കടുക്കയെ തോടില്‍ നിന്നും വേര്‍തിരിക്കുക. കടുക്കയുടെ ഇറച്ചി പോകാതെ, സൂക്ഷിച്ച് ഒരു കത്തിയോ മറ്റോ ഉപയോഗിച്ചു വേണം വേര്‍തിരിക്കാന്‍. വെന്ത അരിമാവിനു പുറത്തായി പറ്റി പിടിച്ചിരിക്കുന്ന കടുക്കഇറച്ചിയായിരിക്കും തോടില്‍ നിന്നും വേര്‍തിരിച്ചാല്‍ നമുക്ക് ലഭിക്കുക. ഇങ്ങനെയുള്ള അരിക്കടുക്ക ദീര്‍ഘകാലം ഫ്രിഡ്ജില്‍ കേട് കൂടാതെ ഇരിക്കും, എന്നാല്‍ വറത്തു കഴിഞ്ഞാല്‍ ഒരു ദിവസത്തിനുള്ളില്‍ അരിക്കടുക്ക കഴിക്കണം.

വെന്ത അരിക്കടുക്കയെ എണ്ണയില്‍ വറത്തെടുക്കുക എന്നതാണ് അവസാനഘട്ടം. നാല് ടീസ്പൂണ്‍ കശ്മീരി മുളക്പൊടി,ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അരടീസ്പൂണ്‍ ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കുക. വേവിച്ച അരിക്കടുക്കകളെ ഓരോന്നായി ഈ മസാലയില്‍ മുക്കിയെടുക്കുക. ഒരു പരന്ന പാത്രം അടുപ്പത്ത് വെച്ച് രണ്ട് ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാക്കി അതില്‍ മസാല പുരട്ടി വച്ചിരിക്കുന്ന അരിക്കടുക്കകള്‍ വറത്തെടുക്കുക. അരി വെന്തതായതിനാല്‍ മസാലയും കടുക്ക ഇറച്ചിയും വറത്ത് പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്നും എടുക്കാം. ചൂടോടെ, ചായയുടെ കൂടെ കഴിക്കാന്‍ പറ്റിയ വിഭവമാണ് അരിക്കടുക്ക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم