ഉപ്പുമാങ്ങ

പണ്ടൊക്കെ മാമ്പഴസമൃദ്ധിയുടെ ഒരു കാലമുണ്ടായിരുന്നു. ചെറിയൊരു കാറ്റു വീശിയാല്‍ മതി, മാമ്പഴം മഴപോലെ പൊഴിയുമായിരുന്നു. ഇറയത്ത് കുന്നുകൂടുന്ന മാങ്ങ പിന്നെ ഉപ്പുമാങ്ങ, ഉലുമാങ്ങ, മാങ്ങാത്തൊലി ഒക്കെയായി രൂപാന്തരപ്പെടും. പഞ്ഞമാസക്കാലത്തേക്കുള്ള കരുതിവയ്ക്കല്‍........ഇതില്‍ ഉപ്പുമാങ്ങയാണ് ഏറ്റവും കൂടുതല്‍ ഉണ്ടാക്കാറ്. വലിയ വലിയ ചീനഭരണികളില്‍..........

പതിവുകളൊക്കെ ഇപ്പോഴും ചെറിയതോതില്‍ തുടരുന്നു...മിക്കവാറും വിലകൊടുത്ത് വാങ്ങിയ മാങ്ങകൊണ്ടായിരിക്കുമെന്നു മാത്രം....

ആവശ്യമുള്ള സാധനങ്ങള്‍:

നല്ലയിനം നാട്ടുമാങ്ങ - 5 കിലോ (പൊട്ടിയതും ചതഞ്ഞതുമായ മാങ്ങ ഉപയോഗിക്കരുത്. ഉപ്പുമാങ്ങയ്ക്ക് പച്ചമാങ്ങയാണ് സാധാരണ ഉപയോഗിക്കുക. എന്നിരുന്നാലും, പഴുക്കാന്‍ തുടങ്ങിയ മാങ്ങയും ഞങ്ങള്‍ ഉപ്പിലിടാറുണ്ട്. മധുരവും ഉപ്പും പുളിയുമെല്ലാം കൂടി കലര്‍ന്ന സവിശേഷ രുചിയായിരിക്കും ഈ ഉപ്പുമാങ്ങയ്ക്ക്).
ഉപ്പ് - കൃത്യമായ കണക്ക് പറയാന്‍ പറ്റില്ല. പച്ചമാങ്ങയാണെങ്കില്‍ ഏകദേശം അരക്കിലോ മതിയാവും. പഴുത്ത മാങ്ങയാണെങ്കില്‍ ഉപ്പ് അതിനനുസരിച്ച് കുറയ്ക്കണം.
തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിന്.

ഉണ്ടാക്കുന്ന വിധം:

ഉപ്പുമാങ്ങ ഇടാനുദ്ദേശിക്കുന്ന ഭരണി/സ്ഫടികഭരണി വൃത്തിയായി കഴുകി വെയിലത്തുവച്ച് നന്നായി ഉണക്കിയെടുക്കണം.
വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. ഇത് തണുക്കാന്‍ വയ്ക്കുക.
മാങ്ങ കഴുകി വൃത്തിയാക്കുക.
ഭരണിയിലേക്ക് മാങ്ങ ഇട്ട് തിളപ്പിച്ചാറിയ ഉപ്പുവെള്ളം ഒഴിക്കുക. മാങ്ങകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കണം. വെള്ളം പോരെങ്കില്‍ വീണ്ടും തിളപ്പിച്ച് ഒഴിക്കണം.

ഏറ്റവും മുകളിലായി കുറച്ചു പച്ചക്കശുവണ്ടി രണ്ടായി മുറിച്ച് (നെയ്യോടുകൂടി) നിരത്തിവയ്ക്കുന്നത് മാങ്ങ കേടാവാതിരിക്കാനും പുഴു വരാതിരിക്കാനുമൊക്കെ നല്ലതാണ്.

ഇനി ഭരണി അടച്ചുവയ്ക്കാം. ചുമ്മാ അടച്ചാല്‍ പോരാ. മെഴുക് ഉരുക്കി ഒഴിച്ചോ മറ്റോ ഭരണി നന്നായി സീല്‍ ചെയ്യണം. അതിനുശേഷം ഏറ്റവും പുറമേ ഒരു തുണിയോ പ്ലാസ്റ്റിക്ക് ഷീറ്റോ വച്ച് മൂടിക്കെട്ടുകയും ചെയ്യാം. ഇനി ഭരണിയെ ശല്യപ്പെടുത്താതെ ഏതെങ്കിലും ഒഴിഞ്ഞ മൂലയില്‍ സ്ഥാപിക്കുക.
ഒരു മാസമൊക്കെ കഴിഞ്ഞാല്‍ വേണമെങ്കില്‍ ഉപ്പുമാങ്ങ പുറത്തെടുക്കാം. പണ്ടുകാലത്ത് കര്‍ക്കിടകമാസത്തിലാണ് ഉപ്പുമാങ്ങ/ഉലുമാങ്ങ ഭരണിയുടെയൊക്കെ സീല്‍ പൊട്ടിക്കുന്നത്.


ദാ, ഇതാണ് ഉപ്പുമാങ്ങ.
ഉപ്പുമാങ്ങ പിഴിഞ്ഞ് കാന്താരിമുളകും കൂട്ടി ചാലിച്ചെടുത്താല്‍ ഒരു കിണ്ണം ചോറുണ്ണാന്‍ പിന്നെ വേറൊന്നും വേണ്ട.
ഇനി അതല്ല, ഇതുകൊണ്ട് കൂട്ടാനുകളുണ്ടാക്കണമെങ്കില്‍ അതും ആവാം.

************************************

മാങ്ങാത്തൊലി!!!

നമ്മള്‍ ദേഷ്യം/പുച്ഛം ഒക്കെ സൂചിപ്പിക്കാന്‍ ചിലപ്പോള്‍ മാങ്ങാത്തൊലി, തേങ്ങാക്കൊല, മണ്ണാങ്കട്ട, ഒലയ്ക്കേടെ മൂട് എന്നൊക്കെ പറയാറുണ്ട്. പക്ഷേ ആ മാങ്ങാത്തൊലിയല്ല ഈ മാങ്ങാത്തൊലി.
പച്ചമാങ്ങ ദീര്‍ഘകാല സൂക്ഷിപ്പിനായി ഉണക്കി വയ്ക്കുന്നതിനെയാണ് ഞങ്ങള്‍ മാങ്ങാത്തൊലി എന്നു പറയുന്നത്. ഇതിന് മറ്റിടങ്ങളില്‍ വേറെ എന്തെങ്കിലും പേരുണ്ടോ എന്നറിയില്ല...
പച്ചമാങ്ങയും നല്ല വെയിലും കൂടിയാല്‍ മാങ്ങാത്തൊലിയായി.

ആവശ്യമുള്ള സാധനങ്ങള്‍:
നല്ല പുളിയുള്ള, അധികം കഴമ്പില്ല്ലാത്ത പച്ചമാങ്ങ - 5 കിലോ
കല്ലുപ്പ് - അര/മുക്കാല്‍ കിലോ ( എകദേശ അളവാണ്. ഉപ്പിന്റെ അളവ് കൃത്യമായി പറയാന്‍ പറ്റില്ല. മാങ്ങയുടെ പുളിപ്പിനനുസരിച്ച് അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടിവരും).
മുളകുപൊടി - 150-200 ഗ്രാം
കായം - 50 ഗ്രാം
ഉലുവാപ്പൊടി - 50 ഗ്രാം.
വെയില്‍ - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
മാങ്ങ പൂളി കഷ്ണങ്ങളാക്കുക.

ഈ കഷ്ണങ്ങളില്‍ ഉപ്പിട്ട്, സ്വല്പം വെള്ളവുമൊഴിച്ച് ഇളക്കിയശേഷം ഒരു പാത്രത്തിലാക്കി ഒരു ദിവസം മുഴുവനും അടച്ചുവയ്ക്കുക. ഇടയ്ക്കിടെ ഇളക്കുന്നത് നല്ലതാണ്. പിറ്റേ ദിവസം നോക്കിയാല്‍ ഉപ്പുവെള്ളം ഊറിവന്നിരിക്കുന്നതു കാണാം.

മാങ്ങാക്കഷ്ണങ്ങള്‍ രാവിലെ ഉപ്പുവെള്ളത്തില്‍ നിന്ന് ഊറ്റിയെടുത്ത് വെയിലത്തു വയ്ക്കുക. വൈകുന്നേരം തിരികെ ഉപ്പുവെള്ളത്തിലിടണം. പിറ്റേദിവസം കഷ്ണങ്ങള്‍ വീണ്ടും വെയിലത്തു വയ്ക്കുക. ഇങ്ങനെ 3-4 ദിവസം ആവര്‍ത്തിക്കുക.

ഇനി, അവശേഷിച്ചിട്ടുള്ള ഉപ്പുവെള്ളത്തില്‍ മുളകുപൊടിയും ഉലുവാപ്പൊടിയും കായവും ചേര്‍ത്ത് യോജിപ്പിച്ചശേഷം ഈ കൂട്ട് മാങ്ങാക്കഷ്ണങ്ങളില്‍ നന്നായി പുരട്ടി വീണ്ടും വെയിലത്തു വയ്ക്കുക.

ഒരു മൂന്നുനാലു ദിവസം കൊണ്ട് മാങ്ങ നന്നായി ഉണങ്ങിക്കിട്ടും. ഇത് ഒരു ഭരണിയിലോ, നല്ല അടപ്പുള്ള മറ്റേതെങ്കിലും പാത്രത്തിലോ സൂക്ഷിച്ചു വയ്ക്കാം. എത്രനാള്‍ വേണമെങ്കിലും കേടാവാതെ ഇരിക്കും. മാങ്ങാത്തൊലിക്ക് എരിവ് വേണ്ടെങ്കില്‍ അവസാനത്തെ ഘട്ടം ഒഴിവാക്കി നല്ലപോലെ ഉണക്കിയെടുക്കുക.


മാങ്ങയുടെ സീസണല്ലാത്തപ്പോള്‍ മാങ്ങാത്തൊലി കുതിര്‍ത്തിയെടുത്ത് കൂട്ടാനോ അച്ചാറോ ഒക്കെ ഉണ്ടാക്കാം ഇത് വെറുതെ തിന്നാനും നല്ല രസമാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم