മപ്പാസ്‌ 
By: Sherin Mathew 

മപ്പാസ്‌ സുറിയാനി ക്രിസ്ത്യാനികളുടെ ഒരു പ്രത്യേക വിഭവമാണ്. 
എന്നിരുന്നാലും അല്പസ്വല്പം വ്യത്യാസങ്ങളോടെ ഈ കറി എല്ലാ ക്രിസ്ത്യൻ വീടുകളിലും ഉണ്ടാക്കാറുണ്ട്.

ഞങ്ങടെ തറവാട്ടിലെ മപ്പാസ്‌ specialist ആണ് എന്റെ വലിയമ്മായി.

തറവാട്ട്‌ വകയുള്ള മേലത്തെ പറമ്പിലാണ് അച്ചനും (എന്റെ mummyde മൂത്ത ബ്രദർ) മറിയാമ്മ അമ്മായിയും വീട് വെച്ചിരിക്കുന്നത്.

തറവാട്ടിലെ എല്ലാ പ്രത്യേക വിശേഷ ദിവസങ്ങളിലും വലിയമ്മായി കുന്നെലെ അമ്മായീടെ വീട്ടീന്ന് താഴെ തറവാട്ടിൽ വെളുപ്പിനു ചൂട്ടും കത്തിച്ചു വരും മപ്പാസ്‌ ഉണ്ടാക്കാൻ.

അമ്മായി വരുന്ന വരെ അമ്മച്ചി അടുക്കളയുടെ ഹാഫ് ഡോർ തുറന്നു പുറത്തോട്ടു നോക്കി മറിയാമ്മേ കണ്ടില്ലല്ലോ എന്നും പറഞ്ഞു നില്ക്കുന്നത് ഇപ്പഴും ഓര്ക്കുന്നു. ചൂട്ടിന്റെ വെളിച്ചം കപ്പികാടിനിടയിൽ തെളിഞ്ഞു കാണുമ്പോൾ അമ്മച്ചിക്ക് ആശ്വാസം ആകും. മറിയാമ്മ എത്തി ഇനി എല്ലാം വേഗം ആയിക്കോളും എന്നും പറഞ്ഞു ഒരു കോപ്പയിൽ കട്ടങ്കപ്പിയുമയി അരിപെട്ടി ചാരി നില്ക്കും.

വല്യമ്മായി ഒരു പ്രസ്ഥാനമാ. എല്ലാം അമ്മായിക്ക് വെറും ചീള് കേസ്! അമ്മച്ചീടെ കൈയ്യീന്ന് കാപ്പീം വാങ്ങി കുടിച്ചു കൊച്ചുവർത്താനോം പറഞ്ഞു മാപ്പസിലേക്ക്.


നിങ്ങള് ഞങ്ങടെ തറവാട്ടിൽ പോയോ?
ഇവിടെ വാ. ഞാൻ അമ്മായീടെ മപ്പാസ്‌ റെസിപി പറയാൻ പോകുവ.

(അമ്മായി നല്ല മട്ടനും ചിക്കനുമൊക്കെ വെക്കും.. ഞാൻ വെറും പാവം - ഒരു കിഴങ്ങ് മപ്പാസ്‌)

അളവുകൾ ഒക്കെ ഈ ചെറിയ കറിക്ക് വേണ്ട വിധം ചുരുക്കിയിരിക്കുന്നു.

ആവശ്യമായവ.

വെളിച്ചെണ്ണ - 2 ടേബിൾ സ്പൂണ്‍
കടുക് - 1/ 2 ടി സ്പൂണ്‍

ഉരുളകിഴങ്ങ് - 3 മീഡിയം മുറിചെടുത്തത്
സവാള - 1 വലുത് അരിഞ്ഞത്
ഇഞ്ചി - 1 കഷണം ചതചതു/ അരിഞ്ഞതു
വെളുത്തുള്ളി - 6 അല്ലി ചതച്ചത്/ അരിഞ്ഞത്
പച്ചമുളക് - 3 നീളത്തിൽ കീറിയത്
കറിവേപ്പില - 2 കതിർ

പൊടികൾ
മല്ലിപൊടി - 2 ടേബിൾ സ്പൂണ്‍
മുളകുപൊടി - 2 ടി സ്പൂണ്‍
മഞ്ഞള്പൊടി - 1/ 2 ടി സ്പൂണ്‍
കുരുമുളകുപോടി - 1 ടി
ഗരം മസാല - 1 ടി സ്പൂണ്‍


തക്കാളി - 1 മീഡിയം - നാലായി മുറിച്ചത്

തേങ്ങാപാൽ - 1/ 2 മുറിയുടെ 1,2, 3 പാലുകൾ (അല്ലെങ്കിൽ മാഗ്ഗി കൊകൊനറ്റ് പൌഡർ 4 ടേബിൾ സ്പൂണ്‍ കലക്കി എടുക്കുക.

വിനെഗർ - 1 ടി സ്പൂണ്‍

കറിവേപ്പില - 1 കതിർ
ഗരം മസാല - 1/ 4 ടി സ്പൂണ്‍


തയ്യാറാക്കുന്ന വിധം.

ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിയാൽ സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ അല്പം ഉപ്പും ഇട്ടു വഴന്നാൽ അതിലേക്ക് കിഴങ്ങ് ചേർത്ത് ഇളക്കി മൂടി വെച്ച് ചെറു തീയില വേകിക്കുക. ഇടയ്ക്കു ഇളക്കി കരിയാതെ നോക്കണം.

കിഴങ്ങ് പകുതി വെന്താൽ ഇതിലേക്ക് മല്ലി ഒഴികെയുള്ള പൊടികൾ ചേർത്ത് മൂപ്പിക്കുക. പച്ചമണം മാറിയാൽ മല്ലിപോടിയിൽ 1 ടി സ്പൂണ്‍ മാറ്റി വെച്ചിട്ട് ബാക്കി ഇട്ടു ഇളക്കി തക്കാളി ചേര്ക്കുക. ഇനി ഇതിലേക്ക് 2 ഉം 3 ഉം തേങ്ങപാൽ ചേര്ക്കുക (അല്ലെങ്കിൽ കലക്കി വെച്ചിരിക്കുന്ന മാഗ്ഗി മിക്സ്‌ പകുതി ഒഴിച്ച് അല്പം വെള്ളം കൂടി ചേര്ക്കുക).

പാത്രം മൂടിവെച്ചു കിഴങ്ങ് വേകാൻ അനുവദിക്കുക.

അരപ്പ് കുറുകി കിഴങ്ങുവെന്തു കഴിഞ്ഞാൽ കറി യിലേക്ക് ബാക്കിയുള്ള മല്ലി പൊടിയും വിനെഗരും ചേർത്ത് ഇളക്കി യോജിപ്പിച്ച് 1)൦ പാൽ ചേർത്ത് (അല്ലെങ്കിൽ ബാക്കി മാഗ്ഗി മിക്സ്‌) ഇളക്കി ഒരു കതിർ കറിവേപ്പിലയും 1/ 4 ടി സ്പൂണ്‍ ഗരം മസാലയും മേമ്പൊടി ചേർത്ത് ഇളക്കി തീ അണച്ച് മൂടി വെക്കണം.

മപ്പാസ്‌ റെഡി

ശ്രദ്ധിക്കുക
മപ്പാസിനു മല്ലിയുടെ രുചി മുന്നിൽ നില്ക്കണം അത് കൊണ്ട് അത് അധികം മൂപ്പിക്കാതെ നോക്കണം.

തക്കാളി മേലെ പറഞ്ഞ പോലെ ഇട്ടാൽ വെന്തു അലിഞ്ഞു പോകാതെ ഇരിക്കും.

മാഗ്ഗി പൌഡർ കലക്കുമ്പോൾ ചെറു ചൂട് വെള്ളത്തിൽ കുഴച്ചു കട്ടകെട്ടാതെ കലക്കി എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم