താറാവ് മപ്പാസ്‌ ( Duck Mappas):
By: Mabel Vivera

ഇവിടെ എല്ലാരും മപ്പാസിന്റെ ഓർമ്മകൾ തൊട്ടുണർത്തിയത് കൊണ്ട് ഞാനും ഉണ്ടാക്കി മപ്പാസ്‌ - കുട്ടനാടൻ രീതിയിൽ ഒരു താറാവ് മപ്പാസ്‌. (ഇക്കൂട്ടത്തിൽ കുട്ടനാട്ടുകാർ ഉണ്ടെങ്കിൽ എന്നെ തല്ലല്ലേ). അല്ലേൽ വേണ്ട ഒരു നാടൻ രീതി.

പണ്ട് ഞങ്ങളുടെ തറവാട്ടിൽ കൊയ്ത്തു കഴിഞ്ഞു വേനൽ കാലത്ത് താറാവ് കറി വെയ്ക്കും - കൊയ്ത്തു കഴിയുമ്പോൾ താറാവിന് രുചിയേറുമത്രേ! വീട്ടില് വളർത്തുന്ന താറാവിനെ കൊല്ലാൻ മടിയാണ്‌, അത് കൊണ്ട് കൂട്ടത്തോടെ താറാവിനെ നയിച്ച്‌ കൊണ്ട് വില്ക്കാൻ നടക്കുന്ന ഏതെങ്കിലും ഒരു കൃഷിക്കാരന്റെ കയ്യിൽ നിന്നും അമ്മാമ്മ താറാവിനെ വാങ്ങും. നല്ലത് പോലെ തേങ്ങാപാൽ ചേർത്ത് മപ്പാസും വെയ്ക്കും. വേനൽ ചൂടിനു പറ്റിയ സാധനം ആണത്രേ താറാവിറച്ചി - കോഴിയിറച്ചി ശരീരത്തെ ചൂടാക്കുമെന്നു പറയുന്നപോലെ താറാവിറച്ചി ശരീരത്തെ തണുപ്പിക്കും എന്നാണ് വെയ്പ്പ്.

കൊച്ചിയിലെ വീട്ടില് താറാവ് റോസ്റ്റ് ആണ് വെയ്ക്കൽ പതിവ്- ചെല്ലാനം ഭാഗത്ത്‌ നിന്നും ഇത് പോലെ താറാവിനെ കൂട്ടത്തോടെ റോട്ടിലൂടെ കൊണ്ട് നടന്നു വിൽക്കും.
താറാവിനെ കൊന്നു വൃത്തിയാക്കുമ്പോൾ പപ്പും പൂടയും പറിക്കണമല്ലോ - ആ സമയത്ത് മിണ്ടാൻ പാടില്ല, പൂട പറിക്കുന്നവർ മിണ്ടിയാൽ പൂട പിന്നെയും തിരിച്ചു വരുമെന്ന് പറയാറുണ്ട് - അത് സത്യം ആണോ എന്നെനിക്കറിയില്ല.

താറാവ് മപ്പാസ്‌ വെച്ച വിധം താഴെ വിവരിച്ചിരിക്കുന്നു:

ഒരു കിലോ താറാവ് വെയ്കാൻ -
താറാവ് കഴുകി വൃത്തിയാക്കി നുറുക്കിയതിൽ ലേശം ഉപ്പും മഞ്ഞളും മുളകുപൊടിയും മല്ലിപൊടിയും തേച്ചു അര മണിക്കൂറോളം വെയ്ക്കുക. ഈ കഷ്ണങ്ങൾ തൊലിയോട് കൂടി ആണെങ്കിൽ, എണ്ണ ഇല്ലാതെ വറുത്തെടുക്കുക. (തൊലി കളഞ്ഞതാണെങ്കിൽ നേരിയതായി എണ്ണ ചേർക്കാം) - ഇത് വറുക്കാതെ കറി വെയ്ക്കാം, ഞാൻ ഇങ്ങനെ ചെയ്തെന്നു മാത്രം. വറുക്കാതെ കറി വെയ്ക്കുകയാണെങ്കിലും ഉപ്പും മഞ്ഞളും ചേർത്ത് താറാവ് കഷ്ണങ്ങൾ കുറച്ചു നേരം വെയ്ക്കണം.

1. വഴറ്റുവാൻ: രണ്ടോ മൂന്നോ സവാള, ഒരു ഒന്നന്നര ഇഞ്ച് നീളമുള്ള ഇഞ്ചി, 6-8 വെളുത്തുള്ളി, പച്ചമുളക് - ഇവ ചതച്ചെടുക്കുക.
2. അരപ്പിനു വേണ്ടത്: മല്ലിപ്പൊടി 1.5 tbsp, മുളകുപൊടി - 1 tbsp, മഞ്ഞള് പൊടി 1/2 tsp, കുരുമുളകുപൊടി 1/2 tbsp, ഗരംമസാല 1 tsp - ഇവ വെള്ളത്തിൽ കുഴച്പ് കുഴമ്പ് രൂപത്തിൽ വെയ്ക്കുക.
3. വിനാഗിരി - 1 1/2 tbsp, തേങ്ങാപാൽ ( ഒന്നാം പാൽ - 1/2 cup, രണ്ടാം പാൽ - 2 cup) തക്കാളി - 1, ഉരുളക്കിഴങ്ങ് -2 എണ്ണം, ഉപ്പു, എണ്ണ

കറി വെയ്ക്കുന്ന രീതി: ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ വഴറ്റാനുള്ള ചേരുവകൾ ചേര്ക്കുക, ഇത് വഴന്നു വരുമ്പോൾ മസാല കുഴച്ചു വെച്ചത് ചേർത്തിളക്കി എണ്ണ തെളിഞ്ഞു വരുമ്പോൾ താറാവ് കഷ്ണങ്ങൾ ചേര്ക്കുക. മസാല നല്ലവണ്ണം പിരണ്ടു വന്നതിനു ശേഷം രണ്ടാം പാലും വിനാഗിരിയും ചേര്ക്കുക. 4 വറ്റൽ മുളക്, കാൽ സ്പൂണ്‍ കുരുമുളക് - ഇവ കൂടി ചേര്ക്കുക.
ഇത് പ്രഷർ കുക്കറിലേക്ക്‌ മാറ്റി 2-3 വിസിൽ വരുന്നത് വരെ വേവിക്കുക, താറാവിന്റെ വലിപ്പവും വേവും അനുസ്സരിച്ച് ഇത് അഡ്ജസ്റ്റ് ചെയ്യുക. വെന്തു വന്ന ഇതിലേയ്ക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങളും തക്കാളി അരിഞ്ഞതും ചേർക്കുക, ഉപ്പു ആവശ്യമെങ്കിൽ ചേർക്കാൻ മറക്കരുത്. ഇത് വെന്തു കഴിഞ്ഞാൽ തേങ്ങയുടെ ഒന്നാം പാൽ ചേർത്തിളക്കി അടുപ്പിൽ നിന്നും വാങ്ങി വെയ്ക്കുക. കുറച്ചു പച്ചമുളക് കീറിയതും കറിവേപ്പിലയും വിതറുക.
(ഞാൻ തൊലിയോട് കൂടിയ താറാവ് കഷ്ണങ്ങൾ വറുത്തു കുറച്ചു നെയ്യ് മാറ്റിയിട്ടാണ് കറി വെച്ചത്, ആ നെയ്യിൽ കറിയിൽ ചേർക്കാനുള്ള ഉരുളക്കിഴങ്ങ് വറുത്തു)

മപ്പാസ്‌ വെള്ളയപ്പതിന്റെയോ ഇടിയപ്പതിന്റെയോ കൂടെ വിളബുക!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم