മുരിങ്ങക്ക ചെമ്മീൻ ഇട്ടു വെച്ചത് : 
By:Mabel Vivera

(Drumsticks with prawn - Kochi style) 
പച്ചക്കറികൾ വെയ്ക്കുമ്പോൾ അതിലൊക്കെ ചെമ്മീൻ വാരി ഇടണമെന്ന് വലിയ നിർബന്ധക്കാരാണ് കൊച്ചിയിലുള്ളവർ. ഇവർക്ക് പണ്ടാരോ ചെമ്മീനിൽ കൈവിഷം കൊടുത്തിട്ടുണ്ടോ എന്നെനിക്കൊരു സംശയം ഉണ്ട് കേട്ടോ. ചന്തയിൽ നിന്നും പൊടി ചെമ്മീൻ വാങ്ങിച്ചു കിള്ളി വൃത്തിയാക്കി ലേശം ഉപ്പും മഞ്ഞളും ചേർത്ത് ഒരു മണ്‍ചട്ടിയിൽ പറ്റിച്ചു വെച്ചേക്കും... ഇത് കുറേശ്ശെ എടുത്തു പച്ചക്കറികൾ താളിക്കുമ്പോഴോ വെയ്ക്കുംബോഴോ ഉപയോഗിക്കും. ഈ കുഞ്ഞു ചെമ്മീൻ കിള്ളിയെടുക്കുന്ന വിഷമം ഓർത്താൽ ഒരു മാസത്തേയ്ക്ക് വേണ്ടത് ഒന്നിച്ചു വേവിച്ചു വെച്ചാലോ എന്ന് ഓർത്തു പോകും. ഇപ്പോൾ ചന്തയിൽ വെച്ച് വിൽക്കുന്ന അരയത്തികൾ തന്നെ ചെമ്മീൻ കിള്ളിത്തരും, നുമ്മ അങ്ങാട്‌ മാറി പച്ചക്കറി മേടിക്കുന്ന നേരം മതി അവർക്കു.

ഇനി മുരിങ്ങക്കായും ചെമ്മീനും വെയ്ക്കുന്ന കാര്യം പറയാല്ലേ?
വെയ്ക്കാൻ വേണ്ടത് :
1. ഇടത്തരം നീളമുള്ള അധികം മൂക്കാത്ത മുരിങ്ങക്ക - 4-5 എണ്ണം (ഈ വിദ്വാനെ മുരിങ്ങാക്കോൽ എന്നും വിളിക്കൂട്ടോ)
2. ചെമ്മീൻ ( ചെറുത്‌ അല്ലെങ്കിൽ ഇടത്തരം) - ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ചത് - 2 സ്പൂണ്‍
3. ഉള്ളി, വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞത് , കറിവേപ്പില
4. മുളകുപൊടി - 1 tbsp, മഞ്ഞൾപൊടി - 1/4 tsp
5. ഉപ്പു, എണ്ണ - പാകത്തിന്

പാചകം ചെയ്യുന്ന രീതി-

1. മുരിങ്ങക്ക തൊലി കളഞ്ഞു ഇടത്തരം കഷ്ണങ്ങളാക്കി മുറിക്കുക. എല്ലാ കഷ്ണങ്ങളും ഒരു പോലെ ആകാൻ പ്രത്യേകം ശ്രദ്ധിച്ചോളണം .. ഇല്ലേൽ അവരെന്തു വിചാരിക്കും
2. ചട്ടിയിൽ എണ്ണ ചൂടാക്കി കറിവേപ്പില, ഉള്ളി വെളുത്തുള്ളി പച്ചമുളക് അരിഞ്ഞത് വഴറ്റുക
3. ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്തു മൂപ്പിച്ചിട്ട് ചെമ്മീൻ ചേർത്തിളക്കുക.
4. അരിഞ്ഞുവെച്ചിരിക്കുന്ന മുരിങ്ങകഷ്ണങ്ങൾ ചേർത്ത് ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.

അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുൻപ് കുറച്ചു വെളിച്ചെണ്ണ തൂവി കറിവേപ്പിലയും ഇടുക.
ചാറു കഷ്ണങ്ങളിൽ പെരണ്ടിരിക്കുന്നത് ആണ് പാകം.
~~ വേറൊരു രീതിയിലും വെയ്ക്കാറുണ്ട്‌::
മുരിങ്ങക്ക ഉപ്പും മഞ്ഞളും കുറച്ചു വെള്ളവും ചേർത്ത് വേവിച്ചെടുക്കും. എന്നിട്ട് ഉള്ളി, വെളുത്തുള്ളി, മുളകുപൊടി ഇവ മൂപ്പിച്ചു ചെമ്മീനും മുരിങ്ങക്കായും ചേർത്ത് ഇളക്കി താളിച്ചെടുക്കും.
** ചേന, പച്ചക്കായ, പീച്ചിങ്ങ, അച്ചിങ്ങ ഇവയെല്ലാം ഇങ്ങനെ ചെമ്മീൻ ഇട്ടു വെയ്ക്കാറുണ്ട്‌ കൊച്ചി ഭാഗത്ത്‌.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم