By:Rajesh Mv

കഴിഞ്ഞ എട്ടു വര്‍ഷമായി സ്വന്തമായാണ് എന്‍റെ പാചകം. മാലിദ്വീപിന്‍റെ മത്സ്യ സമ്പത്തില്‍ നല്ലൊരു ശതമാനം ഞാന്‍ പരീക്ഷണവിധേയമാക്കിയിട്ടുണ്ട്. അതില്‍ നിരവധി അനവധി പരീക്ഷങ്ങളില്‍ ഉരിത്തിരിഞ്ഞ എന്നാല്‍ നമ്മള്‍ക്ക് പരിചിതമായതുമായ ഒരു മീന്‍കറിയാണ് ഞാന്‍ ഇന്ന് പരിചയപ്പെടുത്തുന്നത്...

ആവശ്യമായ സാധനങ്ങള്‍

1. ദശ കട്ടിയുള്ള മീന്‍ : അര കിലോ
2. കുടം പുളി : 3 – 4 ചുള
3. ഇഞ്ചി നീളത്തില്‍ അരിഞ്ഞത് : ഒരു വലിയ കഷ്ണം
4. വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് : 5 അല്ലി
5. പച്ച മുളക് നെടുകെ പിളര്‍ന്നത് : 4 എണ്ണം
6. സവാള : 2 വലുത്
7. തക്കാളി : 2 വലുത്
8. കറിവേപ്പില : 2 തണ്ട്
9. പെരും ജീരകം : കാല്‍ ടീ സ്പൂണ്‍
10. കടുക് : അര ടീ സ്പൂണ്‍
11. ഉലുവ : അര ടീസ്പൂണ്‍
12. കാശ്മീരി മുളകുപൊടി : 2 ടീ സ്പൂണ്‍
13. മഞ്ഞള്‍ പൊടി : അര ടീ സ്പൂണ്‍
14. ഫിഷ്‌ മസാല : 2 ടീ സ്പൂണ്‍
15. ഉലുവ വറുത്തു പൊടിച്ചത് : അര ടീ സ്പൂണ്‍
16. വെളിച്ചെണ്ണ : വഴറ്റാന്‍ വേണ്ടത്ര
17. ഉപ്പു : ആവശ്യത്തിനു 


ഉണ്ടാക്കുന്ന വിധം.


മീന്‍ കഴുകി വട്ടത്തില്‍ (ആകൃതി പ്രശ്നമല്ല) കഷ്ണിച്ചു വെള്ളം ഉലര്‍ത്തി വെക്കുക. കുടം പുളി ഒരു കപ്പു വെള്ളത്തില്‍ 15 മിനുട്ട് കുതിര്ത്താന്‍ ഇട്ടു വെക്കുക. അടുപ്പില്‍ ചെറു തീയില്‍ ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ഉലുവ ഇട്ടു മൂപ്പിക്കുക. മുക്കാല്‍ മൂപ്പാകുമ്പോള്‍ കടുകും പെരുംജീരകവും ഒരുമിച്ചിട്ടു പൊട്ടിക്കുക. നീളത്തില്‍ അരിഞ്ഞു വെച്ചിരിക്കുന്ന സവാള ഇട്ടു ബ്രൌണ്‍ നിറം ആകുന്നതുവരെ വഴറ്റുക.ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വഴറ്റിയാല്‍ പെട്ടന്ന് മൂത്ത് കിട്ടും. ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് അഞ്ചു മിനിട്ട് വീണ്ടും മൂപ്പിക്കുക. പച്ച മണം മാറിയാല്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ഫിഷ്‌ മസാല ഇവ ചേര്‍ത്ത് തീ കുറച്ചു മൂപ്പിക്കുക. തുടര്‍ന്ന്‍ തക്കാളി, പച്ചമുളക്, കറിവേപ്പില ഇവ ചേര്‍ത്ത് അഞ്ചു മിനിട്ട് ഇളക്കുക. കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം. വെള്ളത്തില്‍ ഇട്ടുവെച്ചിരിക്കുന്ന കുടംപുളി അതെ വെള്ളത്തോടെ ചേര്‍ത്ത് ഇളക്കി മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് പതിയെ ഒന്ന് ഇളക്കി അടച്ചു വെച്ച് ചെറു തീയില്‍ പതിനഞ്ചു മിനിട്ട് വേവിക്കുക. അഞ്ചു മിനിട്ട് ഇടവേളകളില്‍ തവി ഉപയോഗിച്ചോ അല്ലാതെയോ കറി ഇളക്കികൊടുക്കുക. തവി ഇട്ടു ഇളക്കുമ്പോള്‍ മീന്‍ പൊടിഞ്ഞു പോകാന്‍ സാധ്യതയുള്ളതിനാല്‍ ചട്ടി പതിയെ ചുഴറ്റിയാല്‍ മതിയാവും... ഉലുവപ്പൊടി തൂകി യോജിപ്പിച്ചു ഉപ്പു നോക്കി അടച്ചു വെച്ച് അര മണിക്കൂര്‍ കഴിഞ്ഞു ഉപയോഗിക്കാം.
(മീന്‍കറി ചട്ടിയില്‍ ഇരുന്നു പിറ്റേദിവസം പുളി നന്നായി പിടിച്ചു ഉപയോഗിച്ചാല്‍ പ്ലേറ്റില്‍ വിളമ്പിയ ചോറ് തീരുന്നത് അറിയില്ല.... !!! )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم