ഉള്ളിചമന്തിയും ദോശയും
By: Indu Jaison
*********** ഉള്ളിചമന്തി ********
ചേരുവകള്‍
സവാള – 3 എണ്ണം
വെളുത്തുള്ളി – 4 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ച മുളക് – 1 എണ്ണം
തക്കാളി – ഒന്നിന്റെ പകുതി
കാശ്മീരി മുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 നുള്ള്
മല്ലിപ്പൊടി - ¼ ടീസ്പൂണ്‍
ചെറുനാരങ്ങ - ഒന്നിന്റെ പകുതി
കടുക് , വെളിച്ചെണ്ണ , ഉപ്പു, കറിവേപ്പില – ആവശ്യത്തിനു
വെള്ളം – 4 – 5 ടേബിള്‍ സ്പൂണ്‍
പാകംചെയ്യുന്ന വിധം
ഫ്രൈയിംഗ് പാനില്‍ എണ്ണ ഒഴിച്ച് കടുക് , കറിവേപ്പില എന്നിവ താളിച്ച് അതിലേക്കു സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്‍ത്തു വഴറ്റുക.
അതിനു ശേഷം തക്കാളി ചേര്‍ത്തു നന്നായി വഴറ്റുക.
ഇതിലേക്ക് പൊടികള്‍ എല്ലാം ചേര്‍ത്തു നന്നായി മൂപ്പിച്ചെടുക്കുക. ഈ കൂട്ട് നല്ല അയവില്‍ വരാന്‍ 4 – 5 ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്തു ചെറു തീയില്‍ തിളപ്പിക്കുക.
അതിനു ശേഷം ഇതിലേക്ക് നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കുക.
ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.
******* ദോശ *********
ചേരുവകള്‍
പച്ചരി – 2 കപ്പ്
ഉഴുന്ന് – 1 കപ്പ്
ഉലുവ – 2 ടീസ്പൂണ്‍
എണ്ണ –ദോശക്കല്ലില്‍ പുരട്ടാന്‍
ഉപ്പ് – പാകത്തിന്
പച്ചരിയും ഉഴുന്നും വെവ്വേറെ വെള്ളത്തില്‍ കുറഞ്ഞത് എട്ടു മണിക്കൂര്‍ കുതിര്‍ത്തെടുക്കുക.
കുതിര്‍ക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഉലുവയും ചേര്‍ക്കുക
രണ്ടും നല്ലതുപോലെ കഴുകി വെവ്വേറെ അരച്ചെടുക്കുക. ഉഴുന്ന് നല്ലതുപോലെ അരഞ്ഞ് പതഞ്ഞു പൊങ്ങുമ്പോള്‍ മാത്രം എടുക്കുക.
നല്ലതുപോലെ അരച്ചെടുത്ത മാവ് ഒന്നിച്ചിട്ട് പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി പന്ത്രണ്ടു മണിക്കൂര്‍ നേരംപുളിക്കാനായി അടച്ചുവയ്ക്കുക. പുളിക്കാന്‍വയ്ക്കുമ്പോള്‍ ഒരല്പം വലിയ പാത്രം ഉപയോഗിക്കുക. കാരണം പുളിച്ചാല്‍ മാവ് പൊങ്ങുവാന്‍ ഇടയുണ്ട്.
പന്ത്രണ്ടു മണിക്കൂറുകള്‍ക്കു ശേഷം മാവ് ഇളക്കി യോജിപ്പിക്കുക.
ദോശക്കല്ല് (അപ്പച്ചട്ടി) അടുപ്പത്തുവെച്ച് ചൂടാക്കുക. കല്ല് ചൂടാകുമ്പോള്‍, ഒരു ചെറിയ കഷണം തുണി ചുരുട്ടി എണ്ണയില്‍ മുക്കി ദോശക്കല്ലില്‍ പുരട്ടുക. എണ്ണ അധികമാകാന്‍ പാടില്ല. കാരണം ദോശക്കല്ലില്‍ മാവ് ഒട്ടിപ്പിടിക്കാന്‍ ബുദ്ധിമുട്ടാകും.
ചെറിയ തീയില്‍ എണ്ണ പുരട്ടിയ ദോശക്കല്ലില്‍ മാവ് ഒഴിച്ച് വട്ടത്തില്‍ പരത്തുക.
തുണിക്കഷണത്തിലെ എണ്ണ ദോശയുടെ ചുറ്റും ചെറുതായി പുരട്ടുക.
രണ്ടു മിനിട്ടിനു ശേഷം ചട്ടുകം ഉപയോഗിച്ച് മെല്ലെ ഇളക്കി ബ്രൗണ്‍ നിറം വരുമ്പോള്‍ മറിച്ചിടുക.
മറുവശവും രണ്ടു മിനിട്ടു നേരം വേവിച്ചശേഷം വീണ്ടും ഇളക്കി എടുക്കുക
കുറിപ്പ്:
ചെറിയചൂടില്‍ മാത്രം ദോശ വേവിച്ചെടുത്താല്‍ കരിയാതിരിക്കും. ദോശക്കല്ല് അധികം ചൂടായാല്‍ വെള്ളം അല്പം തളിച്ചശേഷം മാത്രം എണ്ണ പുരട്ടുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes