ഈ സൈഡ് ഡിഷ്‌ ഉണ്ടാക്കിയാൽ ഗ്യാസ് ലാഭിക്കാം
വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവമായാൽ ചെറുപ്പത്തിൽ ഞങ്ങൾ എല്ലാവരും മുഴുവൻ സമയവും അവിടെ തന്നെയാണ് ചുറ്റി തിരിയാറ് , അന്നദാനത്തിന്റെ തലേന്ന് രാത്രിയാണ് പാചക പുരയിൽ നല്ല നേരം പോക്ക് , തേങ്ങ തിരുമലും പച്ചക്കറി അരിയലും പായസം ഇളക്കലും അങ്ങനെ ആകെ ഒരു ബഹളം , അങ്ങനെ ഒരു വെളുപ്പാൻകാലത്ത് ഞങ്ങൾക്കെല്ലാം നല്ല വിശപ്പ്‌ , അടുപ്പാണെങ്കിൽ ഒഴിവുമില്ല ,അടുപ്പുകളിൽ ചോറും കറികളും ഒക്കെ കിടക്കുന്നതെയുള്ളൂ .. ഉപ്പുമാവിന്റെ കൂടെ പഴം തരാമെന്നു പറഞ്ഞെങ്കി...ലും ഞങ്ങൾ കുട്ടികൾ എന്തെങ്കിലും ഒരു കറി വേണമെന്ന് വാശി പിടിച്ചു , അപ്പോഴാണ് പാചകക്കാരൻ ശിവൻകുട്ടി മാമൻ വന്നു കറി ഉണ്ടാക്കി തരാമെന്ന് പറഞ്ഞത് ,പുള്ളി സഹായത്തിനു എന്നെയും വിളിച്ചു , കുറച്ചു സാധനങ്ങളുടെ ലിസ്റ്റ് തന്നു ,ഞാൻ അത് പോയി കലവറയിൽ നിന്നും എടുത്ത് കൊണ്ട് കൊടുത്തു , പുള്ളി അതൊക്കെ വച്ചൊരു ഉഗ്രൻ സംഭവം ഉണ്ടാക്കി തന്നു ,ചട്ട്ണിയെന്നോ കറിയെന്നോ എന്ത് വേണെങ്കിലും വിളിക്കാം , നല്ല രുചിയോടെ ഞങ്ങൾ അത് ഉപ്പുമാവും കൂട്ടി തട്ടി , പിന്നീട് പലപ്പോഴും ഞാൻ ആ കറി വീട്ടില് ഉണ്ടാക്കാറുണ്ട് ,ചപ്പാത്തിയോ ബ്രെഡോ ദോശയോ ഉപ്പുമാവോ ഏതായാലും ഇതിന്റെ കൂടെ ബെസ്റ്റ് ആണ് ...ഇതാണ് കൂട്ട് --

By: Vinu Nair

വേണ്ട സാധനങ്ങൾ --
തക്കാളി - നല്ല വണ്ണം പഴുത്തത് ,വലിയ പീസാക്കി മുറിച്ചത്
സവാള - ചെറുതായി കൊത്തിയരിഞ്ഞത്
പച്ചമുളക് - ചെറുതായി കൊത്തിയരിഞ്ഞത്
മല്ലിയില - നുറുക്കിയത്
നാരങ്ങാ നീര് അല്ലെങ്കിൽ വാളൻപുളിവെള്ളം
മുളക് പൊടി
കുരുമുളക് പൊടി
ഉപ്പ്
പഞ്ചസാര
വെളിച്ചെണ്ണ
----------------------------------------
തയ്യാറാക്കുന്ന വിധം -
നല്ല കുഴിവുള്ള ഒരു പത്രത്തിൽ തക്കാളി കഷ്ണങ്ങൾ ,സവാള അരിഞ്ഞത് ,ഉപ്പ് എന്നിവ എടുക്കുക ,മൂന്നു വലിയ തക്കാളിക്ക് ഒന്നര സവാള എന്ന അനുപാതത്തിൽ എടുക്കുക , കൈകൾ നല്ലവണ്ണം വൃത്തിയാക്കിയ ശേഷം നന്നായി ഇവ കുഴയ്ക്കുക , തക്കാളിയും സവാളയും ഉടഞ്ഞ് ഒരു പൾപ്പ് രൂപത്തിൽ ആകുന്നത് വരെ കുഴയ്ക്കുക , കൈ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ നീളമുള്ള സ്റ്റീൽ ഗ്ലാസ്‌ വച്ച് നല്ലവണ്ണം അമർത്തി കുഴച്ചു പേസ്റ്റ് പരുവം ആക്കാം, ഇനി ഇതിലേക്ക് പച്ച മുളക് ,മല്ലിയില ,മുളക് പൊടി,കുരുമുളക് ,ഒരു സ്പൂണ്‍ നാരങ്ങാ നീര് , ഒരു സ്പൂണ്‍ പഞ്ചസാര ,രണ്ടു സ്പൂണ്‍ എണ്ണ എല്ലാം ചേർത്തു വീണ്ടും കുഴയ്ക്കാം , ഒരു അഞ്ചു മിനിട്ട് മൂടി വയ്ക്കാം , സെർവ് ചെയ്യുന്നതിന് മുന്പ് സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കി വെള്ളമയവും എണ്ണമയവും യോജിപ്പിക്കാൻ ശ്രദ്ധിക്കുക .
മധുരം ഇഷ്ടമുള്ളവർക്ക് പഞ്ചസാരയുടെ അളവ് കൂട്ടി മുളകിന്റെ അളവ് കുറയ്ക്കാം. എന്തായാലും
മേൻപൊടി എന്ന നിലയ്ക്ക് ഒരു സ്പൂണ്‍ പഞ്ചസാര നിര്ബന്ധമായും ചേർത്തിരിക്കണം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم