ഒരു നാടൻ തീയലും ഊണും 
By: Sherin Mathew

 ചേന - ഒരു കഷണം (അരിഞ്ഞപ്പോൾ 1 ടി കപ്പ്‌) 
മുരിങ്ങക്ക - 1 (6 കഷണമായി അരിഞ്ഞു നെടുകെ കീറി)
കൊച്ചുള്ളി - 20 എണ്ണം 
പച്ചമുളക് - 3 എണ്ണം കീറിയത് 
 തേങ്ങ കൊത്ത് - 2 ടേബിൾ സ്പൂണ്‍
 കറിവേപ്പില 

 ഒരു ചട്ടിയിൽ 1 ടേബിൾ സ്പൂണ്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതിലേക്കു തേങ്ങ ഇട്ടു ഒന്ന് വഴറ്റി 
 പിറകെ കൊച്ചുള്ളിയും പച്ചമുളകും കറിവേപ്പിലയും അല്പം ഉപ്പും. അതൊന്നു വഴന്നപ്പോൾ ചേന ചേർത്ത് വഴറ്റി മൂടി വെച്ച് ചെറുതീയിൽ ഒന്ന് ആവി കയറ്റി. പിന്നെ മൂടി തുറന്നു അല്പം വെള്ളം ചേർത്ത് ചേന വേകാൻ വച്ച്.

ഈ സമയം താഴെ പറയുന്നവ മൂപ്പിച്ച് എടുത്തു 

 തേങ്ങ തിരുമ്മിയത്‌ - 1/4 മുറി 
 കൊച്ചുള്ളി - 8 എണ്ണം അരിഞ്ഞത് 
 വെളുത്തുള്ളി - 3 അല്ലി
 കറിവേപ്പില - 5-6 ഇതൾ

 തേങ്ങ ഒന്ന് ഗോള്ടെൻ നിറമായി തുടങ്ങിയപ്പോൾ താഴെ പറയുന്നവ കൂടി ചേർത്ത് മൂപ്പിച്ചു 

 വറ്റൽ മുളക് - 4 എണ്ണം 
 ഉണക്കമല്ലി - 2 ടി സ്പൂണ്‍ 
 കുരുമുളക് - 6 എണ്ണം 
 പെരുംജീരകം - 1/2 ടി സ്പൂണ്‍ 

 തേങ്ങ കരിയാതെ നന്നായി മൂത്ത് വന്നപ്പോൾ തീ ഓഫാക്കി 1/4 ടി സ്പൂണ്‍ മഞ്ഞള്പൊടി കൂടി ചേർത്ത് ഇളക്കി തണുക്കാൻ മാറ്റി വെച്ചു.
പിന്നെ ഒരു കപ്പിക്കുരുവിന്റെ അത്രേം വലുപ്പത്തിൽ അല്ലെങ്കിൽ ഒരു നെല്ലിക്കയുടെ കുരുവിന്റെ വലുപ്പത്തിൽ വാളൻ പുളി കൂടി ചേർത്ത് നന്നായിവെള്ളം തൊട്ടു അരച്ച്ചെടുത്തു (ചട്ണി ജാറിൽ വെള്ളമില്ലാതെ പൊടിച്ചിട്ട് പിന്നീട് ഒരു ടേബിൾ സ്പൂണ്‍ വെള്ളം കൂടി ചേർത്ത് അരച്ചു)

ഈ സമയം ചേന വെന്തു കഴിഞ്ഞു - അതിലേക്കു മുരിങ്ങക്ക കൂടി ചേർത്ത് മൂടിവെച്ചു ഒന്ന് വേവിച്ചു. പിന്നീട് അരപ്പ് ചേർത്ത് എണ്ണ തെളിയും വരെ തിളപ്പിച്ച്‌ - തീയലിനു ഒരുപാടു വെള്ളം വേണ്ട എന്നാണ് കണക്കു 

 വളരെ നാടൻ രീതിയിൽ ഉള്ള ഒരു കറിയാണ് - നിരണംകാരിയായ എന്റെ അമ്മായി അമ്മയുടെ രീതിയാണിത് - കൊഞ്ചു തീയലാണ് അമ്മയുടെ സ്പെഷ്യൽ.

നമ്മുക്ക് മുന്നേ ഒരു തലമുറ ഉണ്ടായിരുന്നു 
 ശൂന്യതയിൽ നിന്നും കറി ഉണ്ടാക്കാനുള്ള വിദ്യ അറിയാവുന്നവർ ആണ് അവർ. ഒരു ചേനയുടെ അറ്റം, ഒരു ചെമ്പിന്റെ മുറി, ഒരു കഷണം വാഴക്ക ഇത്രെയുമൊക്കെ മതി അവർക്ക് ഒരു കറി ഉണ്ടാക്കാൻ 

 എന്റെ അമ്മ ഉണ്ടാക്കുന്ന തോരൻ എന്റെ ഉമ്മച്ചി വെക്കുന്ന കണവതോരാൻ, എന്റെ അമ്മച്ചി വെക്കുന്ന മീന്കൂട്ടാൻ എന്നൊക്കെ നമ്മൾ പറയുന്ന പോലെ നമ്മളെ കുറിച്ച് ആരെങ്കിലും പറയാനുണ്ടോ? പറയിക്കണം - അങ്ങിനെ ഒരു തലമുറ നമ്മുക്ക് പിറകെയും ഉണ്ടാവണം.

ആ ഫോട്ടോയിൽ ഇന്നത്തെ ലഞ്ച് ആണ് - പടവലം തോരൻ, വാഴക്ക മെഴുക്കു, മീൻ വറുത്തതു, മീൻ കറി - മത്തി വറുത്തതിനു എന്താ ഒരു വലിപ്പ കുറവ് എന്നല്ലേ ഓർക്കുന്നത്‌?

മീൻ വെട്ടിക്കൊണ്ടു നിന്നപ്പോൾ മോൾ അടുത്ത് വന്നു ചോദിച്ചു മമ്മ മിമ്മി കറി വെക്കാൻ പോവ്വാ? അല്ല മീൻ വറുക്കാൻ എന്ന് പറഞ്ഞപ്പോൾ ആ മുഖം ഒന്ന് ചെറുതായി - നാളെ എന്റെ മംമാടെ മിമ്മികറി എന്ന് അവൾ പറയേണ്ടേ? അതുകൊണ്ട് 6 മീനുള്ളതിൽ നിന്നും എല്ലാ മീനിന്റെം തലയ്ക്കു താഴെയുള്ള രണ്ടു തുണ്ട് വീതം മുറിച്ചു ഒരു കറിയും വെച്ചു. ഒരു വീട്ടുകാരി ആയാൽ കഞ്ഞീം കറീം മാത്രം വയ്ക്കാൻ അറിഞ്ഞാൽ പോര - അല്പം സ്വല്പം മാജിക്കും പൊടികൈയും കൂടി അറിഞ്ഞിരിക്കണം - ശരിയല്ലേ? 

എന്നാൽ പിന്നെ ചെന്നാട്ടെ!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم