വെജിറ്റബിൽ കുറുമ
By: Sherin Mathew

സലാഡ് അരിഞ്ഞതിന്റെ ബാക്കി ഒരു തുണ്ട് കാരറ്റ്, സാംബാർ കൂട്ടിൽ മിച്ചം വന്ന അഞ്ചെട്ടു ബീന്സ്, കോളിഫ്ലവറിന്റെ കുറെ പൂക്കൾ ബാക്കി വന്നത്, മീൻ വറുക്കാനരച്ച ഇഞ്ചിവെളുത്തുള്ളി പേസ്റ്റിന്റെ ബാക്കി, ബാസ്കെട്ടിൽ കിടന്നു പൂത്തുലഞ്ഞു ശിഖരങ്ങൾ വച്ച ഒരു ഉരുളകിഴങ്ങ് - ഇതൊക്കെയാണ് മൂലധനം - എന്തുണ്ടാക്കും????

...

കളയാൻ പറ്റില്ലല്ലോ - വെജിറ്റബിൽ കുറുമ തന്നെ. ചെട്ടിനാട് വഴി പോകാം.

കഴിഞ്ഞ ദിവസം ഞാനൊരു കോളിഫ്ലവർ ഖോര്മ മസാല പോസ്റ്റ്‌ ചെയ്തിരുന്നു. ഇത് കുറുമ - രണ്ടും ഒരു ഗണം തന്നെ - സമ്പ്രതി വാർത്താഹ ഷുയന്താം - എന്ന് വെച്ചാൽ പ്രാദേശിക വാർത്തയിൽ വരുന്ന ചില വ്യതിയാനങ്ങൾ തന്നെ

പ്രാദേശികമായ ചില മറ്റു മാറ്റങ്ങളും ഉണ്ട്.

മറ്റേ റെസിപിയിൽ (ഉത്തരേന്ത്യൻ) എണ്ണയിൽ ജീരകം അല്ലെങ്കിൽ കലോഞ്ഞി മൂപ്പിച്ചു ഉള്ളി മൂപ്പിച്ചു അതിലേക്കു ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഇട്ടു മല്ലി മുളക് മഞ്ഞൾ ചേർത്ത് തക്കാളി+കശുവണ്ടി അരച്ചത്‌ ചേർത്ത് തൈരും ചേർത്താണ് ഖോര്മ ഗ്രേവി ഉണ്ടാക്കുന്നത്

ഇനി തെക്ക് തമിഴകത്തോട്ടു വന്നപ്പോഴാവട്ടെ തൈരിനു പകരം തേങ്ങ അരച്ചതായി.

ശരി റെസിപി നോക്കാം

അരിഞ്ഞ വെജിടബില്സ് എല്ലാം കൂടി ഒരു 2 ടി കപ്പ്‌ കാണും (കാരറ്റ്, ബീന്സ്, ഉരുളകിഴങ്ങ്, കോളി)

1 വലിയ തക്കാളി പ്യുരി ആക്കി (ചുമ്മാ ഒരു കൊപ്പയിലേക്ക് കാരറ്റ് സ്ക്രെപ്പെർ വച്ചിട്ട് ഉരച്ചു പൾപ്പ് എടുത്തു - തൊലി കളഞ്ഞു)

ഒരു മീഡിയം സവാള ചെറുതായി നുറുക്കി വച്ചു.

ഇപ്പൊ ഏകദേശം എല്ലാം ആയി

ഒരു ചീനച്ചട്ടി അടുപ്പത് വച്ച് അതിൽ 3 ടേബിൾ സ്പൂണ്‍ എണ്ണ (സണ്‍ ഫ്ലവർ ) ഒഴിച്ച്

പിന്നെ അതിലേക്കു 2 കഷണം കറുവപ്പട്ട ഞെരടി ഉടച്ചു ഇട്ടു
6 ഗ്രാമ്പൂ + 6 ഏലക്ക + 8 കുരുമുളക് മണി കൂടി ചേർത്തു. ഒരു ബേ ലീഫും ഇട്ടു

അതൊന്നു മൂത്തപ്പോൾ 2 ടി സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു പച്ചമണം മാറുന്ന വരെ വഴറ്റി

പിറകെ അരിഞ്ഞു വച്ച സവാളയും അല്പം ഉപ്പും ചേർത്തു വഴറ്റി.
പിന്നെ അതിലേക്കു 1 ടി സ്പൂണ്‍ മുളക് പൊടി, 1/4 ടി സ്പൂണ്‍ മഞ്ഞൾ പൊടി, 2 ടി സ്പൂണ്‍ മല്ലിപൊടി എന്നിവ ചേർത്തു കരിയാതെ മൂപിച്ചു.

ഉടൻ തന്നെ അതിലേക്കു തക്കാളി പ്യുരി ഒഴിച്ച് ഇളക്കി ചെർഹ്ടു. എന്നിട്ട് ഈ മിക്സിലെക്കു കോളി ഫ്ലവർ ഒഴികെ ഉള്ള എല്ലാ വെജിടബില്സും ചേർത്തു അടപ്പ് കൊണ്ട് മൂടി വേവിക്കാൻ വച്ചു.

ഈ സമയം 4 ടേബിൾ സ്പൂണ്‍ തേങ്ങയും 10 അണ്ടിപരിപ്പും കൂടി അരച്ചെടുത്തു

(കശ്കശ് 1 ടി സ്പൂണ്‍ കൂടി വേണം - പക്ഷെ ഇവിടെ കിട്ടില്ലല്ലോ! ഇനി നാട്ടീന്നു കൊണ്ടുവരാം എന്ന് വച്ചാലും പ്രശ്നമാ. പോപ്പി സീഡ് എന്ന് പറഞ്ഞു വെറുതേ എന്തിനാ അറബി പോലീസുമായി വയസ്സാൻ കാലത്ത് ചെസ്സ്‌ കളിക്കുന്നെ? ചുമ്മാ വീട്ടിലിരുന്നു കളിച്ചാൽ പോരെ - ജയിലിൽ തന്നെ ഇരുന്നു കളിക്കണോ?)

പച്ചകറികൾ വെന്തപ്പോൾ അതിലേക്കു കോളിഫ്ലവർ കൂടി ചേർത്തു വേവിക്കാൻ വച്ചു - ഏറ്റോം അവസാനം തേങ്ങ അണ്ടിപരിപ്പ് എന്നിവ അരച്ചതും ആവശ്യത്തിനു വെള്ളവും (കുറുമ കുറുകി ഇരിക്കണം) ചേർത്തു തിളച്ചപ്പോൾ തീ അണച്ച് മല്ലിയില അരിഞ്ഞത് തൂവി ഇളക്കി.
ഉപ്പുണ്ടോ എന്ന് നോക്കണം കേട്ടോ.

കുറുമ റെഡി - സാപ്പിടലാമാ?

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم