മ്മക്കോരോ നാരങ്ങാ വെള്ളം കാച്ച്യാലോ ..?
By: vinu Nair

ഇവൻ അത്ര നിസാരക്കാരൻ ഒന്നുമല്ല , കറക്റ്റ് അളവിലും റ്റൈമിങ്ങിലും പണിഞ്ഞില്ലെങ്കി പണി കിട്ടും , ചിലപ്പോ മധുരം കൂടി പോകും ,ചിലപ്പോ പഞ്ചസാര കലങ്ങാതെ മധുരം തീരെ ഉണ്ടാവില്ല , ചിലപ്പോ നാരങ്ങ കുറഞ്ഞു പോകും വെള്ളം കൂടിപ്പോകും ,ചിലപ്പോ പാവയ്ക്കാ ജൂസ് പോലെ കൈക്കും , ചിലപ്പോ കഞ്ഞിവെള്ളം പോലിരിക്കും ...ഇങ്ങനെ സ്ഥിരം അബദ്ധം പറ്റാറുള്ള ന്യൂ ജെൻ വീട്ടമ്മമാരും ഫ്രീക്കൻമാരും നാണക്കേട് കാരണം പുറത്ത് പറയാറില്ല, നാരങ്ങാവെള്ളവും ചായയും പോലും ഉണ്ടാക്കാൻ അറിയില്ല എന്ന് പറയുന്നത് നാണക്കേടാണല്ലോ, അപ്പോ എന്താ ചെയ്കാ , നേരെ കടേല് പോയി ടാങ്കും രസ്നയും പോലുള്ള അലക്കുകാരങ്ങൾ കൊണ്ട് വന്നിട്ട് കലക്കി എല്ലാരേം പറ്റിക്കും, അവയൊന്നും കുടിച്ചാൽ ഒരിക്കലും ദാഹം പോകില്ല,മറിച്ചു ദാഹം ഇരട്ടിക്കുകയെ ഉള്ളു. അത് കൊണ്ട് ഇനി അതിഥികൾ വരുമ്പോഴും നമുക്ക് ദാഹം തോന്നുമ്പോഴും സ്വന്തമായി നാരങ്ങ പിഴിഞ്ഞ് ജ്യൂസ് ഉണ്ടാക്കി കുടിച്ച ആഹ്ലാദിക്കൂ അഹങ്കരിക്കൂ മക്കളെ. grin emoticon
 :
ഇതാ കണ്ഫ്യൂഷൻ കൂടാതെ നാരങ്ങ വെള്ളം ഉണ്ടാക്കുന്ന രീതി. നല്ല വിദഗ്ധരായവർക്ക് ഈ കണക്കിന്റെ ഒന്നും ആവിശ്യമില്ലെന്ന് അറിയാം.. smile emoticon
 :
വേണ്ട സാധനങ്ങൾ - 
*******************************
നാരങ്ങാ - പച്ച നിറം മാറിയത് തന്നെ വേണം ,തീരെ ചെറുതാണെങ്കിൽ ഒരു ഗ്ലാസ്സിനു ഒരെണ്ണം മുഴുവനും വേണം ,ഇടത്തരമോ വലുതോ ആണെങ്കിൽ ഒരു ഗ്ലാസ്സിനു പകുതി മതി. 

പഞ്ചസാര - ഒരു ഗ്ലാസ്സിനു രണ്ടു സ്പൂണ്‍ 

 ഉപ്പ് - പലരും ഉപ്പ് ചേർക്കാറില്ല,എന്നാൽ നല്ല രുചിയുള്ള ഉള്ള ഒരു ഗ്ലാസ്സ് നാരങ്ങാ വെള്ളത്തില് മിനിമം കാൽ സ്പൂണ്‍ ഉപ്പ് നിർബന്ധമായും വേണം, ഉപ്പു രസം ഇഷ്ടമുള്ളവർക്കും മധുരം വേണ്ടാത്തവർക്കും ഉപ്പു കൂട്ടിയിടാം , എന്നാലും മുക്കാൽ സ്പൂണിൽ കൂടാൻ പാടില്ല .

വെള്ളം - ഐസ് കട്ടയും കൂൾ വെള്ളവും ഉണ്ടെങ്കിൽ നന്ന് ,ഇല്ലെങ്കിൽ മണ്‍കുടത്തിൽ വച്ച് തണുപ്പിച്ച വെള്ളം , ഇതൊന്നുമില്ലെങ്കിൽ പച്ച വെള്ളം ഒരു സ്റ്റീൽ പാത്രത്തിൽ കുറച്ചു നേരം പിടിച്ചു വച്ചതിൽ ഫ്രഷ്‌ പുദീനയില നാലോ അഞ്ചോ ഇട്ടാൽ സ്വാഭാവികമായ തണുപ്പ് കിട്ടും.

പുതീനയില - നല്ല ഫ്രഷ്‌ ആണെങ്കില മാത്രം ചേർക്കാം, ഒരു ദിവസം പഴക്കമുള്ള വാടിയ ഇലയനെങ്കിൽ തൊടരുത്.

പച്ച മുളകും ഇഞ്ചിയും -- മുളകി നീളത്തിൽ കീറി കുരു കളയണം ,ഇഞ്ചി ചതച്ചാൽ മതി 
:
ഉണ്ടാക്കുന്ന വിധം -- 
*******************************

ആദ്യം വേണ്ടത് എത്ര ഗ്ലാസ്സ് വെള്ളം ആവിശ്യമുണ്ട് എന്ന മുൻധാരണയാണ് , ഒരു ചെരുവം അല്ലെങ്കിൽ ജഗ് എടുക്കുക , അതിൽ അഞ്ചു വെള്ളമാണ് വേണ്ടതെങ്കിൽ അഞ്ചു ഗ്ലാസ്‌ പച്ചവെള്ളം എടുക്കുക , ഒരു അര ഗ്ലാസ്‌ വെള്ളം കൂടുതൽ എടുത്താലും തരക്കേടില്ല .ഇനി മറ്റൊരു പാത്രത്തിൽ നാരങ്ങാ പിഴിയുക , അഞ്ചു ഗ്ലാസ്സ് വെള്ളത്തിനു അഞ്ചു മുറി നാരങ്ങാ ,അതായത് രണ്ടു മുഴുവൻ നാരങ്ങയും ഒരെന്നത്തിന്റെ പകുതിയും , പിഴിഞ്ഞതിനു ശേഷം പഞ്ചസ്സാരയും ഉപ്പും ചേർക്കാം , ഒരു ഗ്ലാസ്സിനു രണ്ടു സ്പൂണ്‍ പഞ്ചസ്സാര ,അതായത് അഞ്ചു ഗ്ലാസ്സിനു പത്തു സ്പൂണ്‍ പഞ്ചസ്സാര ,ഇനി സ്പൂണ് കൊണ്ട് ഇവ നന്നായി ഇളക്കാം ,അല്പ്പം വെള്ളവും ചേർത്ത് ഇളക്കാം , ഐസ് വെള്ളം ഇപ്പോൾ ചേർക്കരുത് കാരണം ഐസിൽ പഞ്ചസ്സാര അലിയാൻ സമയം എടുക്കും , നന്നായി ഇളക്കി പഞ്ചസ്സാര അലിഞ്ഞു നീരിനോട് ചേരുമ്പോൾ പുതീന ഇലകളും,പച്ച മുളകും ഇഞ്ചിയും, മാറ്റി വച്ചിരിക്കുന്ന വെള്ളവും ഉഴിക്കുക , മുഴുവനായി ഉഴിക്കാതെ കുറച്ചു കുറച്ചായി ഉഴിച്ചു ഇളക്കി കൊടുക്കാം , മുഴുവനും ഉഴിച്ച ശേഷം , നന്നായി ഇളക്കി ഒരു മഗ് എടുത്ത് നന്നായി പതപ്പിച്ച് ഉഴിച്ചു ബീറ്റ് ചെയ്ത് അരിപ്പ കൊണ്ടരിച്ചെടുക്കുക , ഇനി ഗ്ലാസ്സുകൾ വൃത്തിയായി കഴുകി നിരത്തി വച്ച് അതിൽ ഐസ് ഇട്ട ശേഷം അതിനു മുകലൂടെ നാരങ്ങാ വെള്ളം ഉഴിക്കാം , ഒന്ന് രുചിച്ചു പോലും നോക്കേണ്ട കാര്യമില്ല സംഭവം ജോർ ആയിരക്കും.
 :
 :
കുറച്ചു ടിപ്സ് --

പഞ്ചസാര പാനിയം ആക്കി വച്ചതും മിക്സിയിൽ അടിച്ചു പഞ്ചസാര പൊടി ആക്കി വച്ചതും ഉണ്ടെങ്കിൽ സമയം ലാഭിക്കാം.എങ്കിൽ ഇത്രയും ഇളക്കേണ്ട ആവിശ്യമേ ഇല്ല , പെട്ടന്ന് അലിഞ്ഞു കിട്ടും.
 *
പിഴിഞ്ഞ നാരങ്ങക്കഷ്ണങ്ങൾ (കുലുക്കി സർബത്ത് ഉണ്ടാക്കുന്ന പോലെ) തയ്യാറായ വെള്ളം അരിക്കുന്നതിനു മുന്പ് അതിൽ ഇട്ടു നന്നായി ബീറ്റ് ചെയ്‌താൽ വെള്ളത്തിന്‌ നല്ല നിറവും കൊഴുപ്പും കിട്ടും.
 *
കുറച്ചു തേങ്ങാ വെള്ളം (കരിക്ക് വെള്ളമല്ല) ചേർത്താൽ നല്ല രുചിയാണ് ,അതനുസരിച്ച് വെള്ളവും പഞ്ചസ്സാരയും കുറയ്ക്കുകയും ചെയ്യാം .
 *
ഹോട്ടലിൽ കിട്ടുന്ന ടൈപ്പ് ലൈം ജ്യൂസ് വേണം എന്ന് നിർബന്ധമുള്ളവർ വെള്ളം തയ്യാറയി അരിച്ച ശേഷം മിക്സിയിൽ ഇട്ടു ഒരടി അടിച്ചാൽ മതി. 
 *
ഫ്രിഡ്ജിൽ ഓറഞ്ച് ഇരുപ്പുണ്ടെങ്കിൽ ഒന്നും നോക്കണ്ട ഒരു ഓറഞ്ച് എടുത്ത് നാരങ്ങാ മുറിക്കുന്ന പോലെ മുറിച്ച ഒരു പീസ്‌ തിരികെ ഫ്രിഡ്ജിൽ വച്ച് മറ്റേ പീസ്‌ എടുത്ത് നാരങ്ങാ വെള്ളം ഉണ്ടാക്കി വച്ചിരിക്കുന്ന പാത്രത്തിലേക്ക് ഒന്ന് പിഴിഞ്ഞോ ,പ്രത്യേക രുചിയാണ് ,അതായത് അഞ്ചോ ആരോ ഗ്ലാസ്‌ വെള്ളത്തിന്‌ മുഴുവനും കൂടിയാണ് ഒരു മുറി ഓറഞ്ച് പറഞ്ഞത് കേട്ടോ. 
 *
പച്ച മുളകും ഇഞ്ചിയും നിർബന്ധമില്ല ,പക്ഷെ ദാഹം അകറ്റാൻ അവ ബെസ്റ്റ് ആണ് , സലൈവ കൂടുതലായി ഉൽപ്പാദിക്കുക വഴി നാവു വറ്റാതിരിക്കുകയും അങ്ങനെ ദാഹമകറ്റാനും സഹായിക്കുന്ന ആൾക്കാരാണ് ഇവർ... 
 * 
സോഡാ ലൈം വേണമെങ്കിൽ ,മധുരവും ഉപ്പും പച്ച മുളകും ഇഞ്ചിയും പുദീനയും ഒക്കെ നാരങ്ങാ നീരിൽ നന്നായി യിജിപ്പിച്ച ശേഷം സോഡാ ഉഴിച്ചു സ്പൂണ്‍ കൊണ്ട് ഒരേയൊരു തവണ ഇളക്കി സെർവ്‌ ചെയ്യുക ,വെള്ളം ഉഴിച്ചു ബീറ്റ് ചെയ്യുന്ന പോലെ സോഡ ഉഴിച്ചു ചെയ്യരുത് .
 *
നാരങ്ങാ മുറിക്കുന്നതിനു മുന്പ് മേശയിലോ അടുക്കളത്തിണ്ണയിലോ വച്ച് കൈവെള്ള കൊണ്ട് നല്ല ശക്തിയായി പ്രസ്സ് ചെയ്ത് ഒന്ന് ഉരുട്ടിയെടുക്കണം, എന്നാലെ തൊലിയിൽ നിന്നും നീര് മുഴുവനായി ഇറങ്ങുകയുള്ളൂ, ഇങ്ങനെ ചെയ്താൽ നാരങ്ങാമുറി ഒരുപാടിട്ടു പിഴിഞ്ഞ് വെറുതെ കൈപ്പുരസം വരുത്തേണ്ട കാര്യമില്ല.
 *
പിഴിഞ്ഞു ബാക്കി വന്ന നാരങ്ങാ കഷ്ണങ്ങൾ വെറുതെ കളയണ്ടാ ,ഉപ്പിലിടാനും അച്ചാറു വയ്ക്കാനും എടുക്കാം ,അഞ്ചോ പത്തോ കഷ്ണങ്ങൾ ഉണ്ടെങ്കിൽ അത് കൊണ്ട് പെട്ടന്ന് ഒരു നാരങ്ങക്കറി ഉണ്ടാക്കാം .
 *
പ്രധാന കാര്യം പറയട്ടെ , നാരങ്ങ വെള്ളം ഉണ്ടാക്കിയാൽ ഉടനെ കുടിച്ചു തീർക്കണം ,അത് സ്റ്റോർ ചെയ്തു വയ്ക്കരുത് ,ഏറെ നേരം ഇരുന്നാൽ വല്ലാത്ത രുചിയും മണവും ഉണ്ടാകും ,വയറിനും കേടാണ്.
 *

2 تعليقات

Our Website is One of the Largest Site Dedicated for Cooking Recipes

  1. Style of writing was nice.... :-) keep it up

    ردحذف
    الردود
    1. Please use Your Identity to Comment Pls...

      And Also Thanks for Your Comment :)

      حذف

إرسال تعليق

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم