ബ്രെഡ് റോൾ
By: Sherin Mathew
എന്റെ വക ഒരു കുരുട്ടു സ്നാക് ഇരിക്കട്ടെ - കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി അമ്മുവിൻറെ ടിഫിനിലെ താരമാണ് - കുട്ടികളുടെ റിക്വെസ്റ്റ് കാരണം തുടര്ച്ചയായി മൂന്നാം ദിവസവും അത് തന്നെ അവളുടെ ടിഫിണ്‍
റൊട്ടി കൊടുത്തുവിടാൻ കടയിൽ വിളിച്ചു പറഞ്ഞാലേ അവർ ഈ ലോകത്തുള്ള ഏറ്റോം വലിയ കവർ റൊട്ടി കൊടുത്തു വിടും - പിന്നെ അതിരുന്നു പൂത്തു, കായിച്ചു, പൂവും ഇലേം വന്നു മരമാകുന്നത് കണ്ടു മടുത്തു. ഒരു കൊട്ടേഷന് സമയമായി എന്ന് തോന്നി
ഇന്നാ ചൂടോടെ പിടിച്ചോ റെസിപി
2 ഉരുളകിഴങ്ങ് കുക്കെരിൽ വേവിക്കാൻ വെക്കുക
ആ സമയത്ത് താഴെ പറയുന്നവ തയ്യാറാക്കുക
1. സവാള നുറുക്കിയത് - 2 ടേബിൾ സ്പൂണ്‍
കാപ്സികം നുറുക്കിയത് - 2 ടേബിൾ സ്പൂണ്‍
ഉള്ളി തണ്ട് നുറുക്കിയത് - 2 ടേബിൾ സ്പൂണ്‍
മല്ലിയില അരിഞ്ഞത് - 1 ടേബിൾ സ്പൂണ്‍
പനീർ ക്യൂബ്സ് - 15 എണ്ണം
2. രണ്ടു മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചൊഴിച്ചു അല്പം ഉപ്പും ചേർത്ത് നന്നായി ബീറ്റ് ചെയ്തു വക്കുക
3. 3/4 ഗ്ലാസ് പാൽ ഒരു കുഴിയൻ പിഞ്ഞാണത്തിൽ ഒഴിച്ച് അടുത്ത് വക്കുക
4. ഒരു പ്ലേറ്റിൽ റസ്ക്പൊടി/റൊട്ടി പൊടി നിരത്തി ഇട്ടു തയ്യാറാക്കി വെക്കുക (മുക്കി പൊരിക്കാൻ ആവശ്യം വേണ്ടുന്ന അത്രയും)
5. ഒരു കവർ സാന്വിച് ബ്രെഡ് (2 ദിവസം പഴയത് ഏറ്റോം നല്ലത്) അടുത്ത് തയ്യാറാക്കി വെക്കുക
6. വെന്ത കിഴങ്ങ് പൊടിച്ചു വെക്കുക
ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ആദ്യം സവാള അല്പം ഉപ്പുമായി വഴറ്റി അതിലേക്കു ഓരോ പനീർ ക്യുബും കൈ കൊണ്ട് ഞെരടി ഇട്ടു എണ്ണയിൽ ഒന്ന് വറുക്കുക.
ഇനി ഉരുളകിഴങ്ങ് ചേർത്ത് ഇളക്കുക, പിന്നാലെ കാപ്സികം ചേർക്കാം.
ഉപ്പുണ്ടോ എന്ന് നോക്കി ഉള്ളിതണ്ടും മല്ലിയിലയും കൂടി ഇട്ടു എല്ലാം ഒന്ന് ഇളക്കി ചേർത്ത് തീ അണക്കാം. 1 ടി സ്പൂണ്‍ നാരങ്ങനീര് കൂടി ചേർത്ത് ഇളക്കി ചേർക്കുക
ഇതാണ് നമ്മുടെ ഫില്ലിംഗ്
അടുപത്തു ഒരു ചീനച്ചട്ടി (വോക്ക്) വച്ച് അതിൽ ഒരു കപ്പ് വെജിടബിൽ ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ (സ്മാർട്ട് ബോയ്!! (Y ) ) ഒഴിച്ച് ചൂടാക്കുക
എണ്ണ ചൂടാകുന്ന സമയം കൊണ്ട് നമ്മുക്ക് റോൾ ഉണ്ടാക്കാം
ഒരു സ്ലൈസ് ബ്രെഡ് എടുത്ത് അരികു മുറിച്ചു അത് പാലിൽ കുതിർക്കുക കുതിർത്തങ്ങു ഇട്ടു വെക്കരുത് - പിന്നെ പുഡിംഗ് ഉണ്ടാക്കേണ്ടി വരും
ഒരു വശം കുതിർത്തു അടുത്ത വശം തിരിച്ചിട്ടു കുതിർത്തു വേഗം എടുക്കണം
ഇനി ബ്രെഡ് ഇടതു കൈവെള്ളയിൽ വച്ച് ഞെക്കി പരമാവധി ഈർപ്പം കളയുക. ഇപ്പോൾ കൈയിൽ ഒരു പതുങ്ങിയ ബ്രെഡ് ഉണ്ടാവും.
പനീർ കൂട്ടിൽ നിന്നും 1.5 ടേബിൾ സ്പൂണ്‍ എടുത്തു ബ്രെഡിന്റെ നടുക്ക് നീളത്തിൽ വെച്ച് ബ്രെഡ് രണ്ടു സൈഡിൽ നിന്നും നടുവിലേക്ക് മടക്കി മിശ്രിതം പൊതിയുക. നന്നായി അമര്ത്തി (ബ്രെഡ് പൊടിയാതെ) ചേർക്കുക.
എണ്ണ ഇപ്പോൾ കാഞ്ഞു കാണും - തീ കുറച്ചു എണ്ണയുടെ ചൂട് കുറയാൻ അനുവദിക്കുക - റൊട്ടി ആയതു കൊണ്ട് തിളച്ച എണ്ണയിൽ ഇടുന്ന വശം അത് കരിഞ്ഞു പോവാതെ ഇരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
റോൾ മുട്ടയിൽ മുക്കി റൊട്ടിപൊടിയിൽ ഉരുട്ടി എണ്ണയിൽ ഇട്ടു മൂപ്പിക്കുക
അത് മൂക്കുമ്പോൾ അടുത്ത റോൾ തയ്യാറാക്കുക - ഇങ്ങനെ ഓരോന്നായി ചെയ്തു എടുക്കുക. തീ കൂട്ടേണ്ട ആവശ്യമേ ഇല്ല - ചെറു തീയിൽ റോളുകൾ മൊരിയട്ടെ!!
നിങ്ങളുടെ യുക്തിക്കനുസരിച്ച് ഫില്ലിംഗ് മാറ്റി ചെയ്യുക - ചിക്കൻ, ഫിഷ് , സോയ്, ചീരയും കിഴങ്ങും - എന്നിങ്ങനെ പല തരാം റോളുകൾ ചെയ്യാം
അതുപോലെ എരിവു വേണ്ടവർ ഇഷ്ടമുള്ള മസാല തയ്യാറാക്കുക - ഉദാഹരണത്തിന് എഗ്ഗ് പഫ്സിന്റെ മസാല ചെയ്തു നോക്കൂ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes