ഉപ്പുമാവു പഠിപ്പിച്ചത് 
By: Sherin Mathew

 പാത്രത്തിൽ കല്ല്‌ പോലെ ഇരിക്കുന്ന ഉപ്പുമാവിനെ നോക്കി - "ഇതിനെക്കാൾ ഭേദം റബ്ബറാ' എന്ന് പറയുന്ന കേൾക്കേണ്ടി വരുന്ന ഹതഭാഗ്യരായ അമച്വർ ആർട്ടിസ്റ്റുകൾ മാത്രം ഈ പോസ്റ്റ്‌ കാണുക. സ്റ്റേറ്റ്, നാഷണൽ, ഇന്റർനാഷനൽ പിന്നെ മറ്റു അവാർഡ് ജേതാക്കളായ മുതിർന്നവർ ക്ഷമിക്കുക - പിള്ളേര് പഠിക്കട്ടെ 

 ഇത് ഞാൻ പഠിച്ച പാഠങ്ങൾ 
1. റവ വറുക്കുന്നതിന്റെ പാകം അറിയുക 
 ചീനച്ചട്ടിയിൽ റവ ഇട്ടു വറക്കുമ്പോൾ തുടരെ തുടരെ ഇളക്കി റവ കരിയാതെ വറുക്കുക. ഇടയ്ക്കിടയ്ക്ക് തീ ക്രമീകരിക്കുക - വറവ് പാകമാകുമ്പോൾ നിങ്ങള്ക്ക് തന്നെ അത് അറിയാൻ കഴിയും - ഇളക്കുമ്പോൾ ചീനച്ചട്ടിയിൽ റവ അനായാസേന നീങ്ങുവാൻ തുടങ്ങും - ചട്ടിക്കു വെളിയിലേക്ക് പറക്കാൻ ചില ശ്രമങ്ങൾ നടത്തും 

 റവ ഓടി തുടങ്ങിയാൽ ഒരു മുറത്തിൽ പേപ്പർ ഇട്ടു / പരന്ന തട്ട് പാത്രത്തിൽ റവ നിരത്തി ചൂടാറാൻ വെക്കുക 

2. കടയിൽ നിന്നും കിട്ടുന്ന റോസ്റ്റട് ഇൻസ്റ്റന്റ് റവ ആണെങ്കിലും ഒന്ന് കൂടി വറക്കുക 

 ബ്ലാസ്റ്റ് ചെയ്തു റോസ്റ്റ് ചെയ്ത റവയുടെ മൂപ്പ് ഒരിക്കലും പാകമായി എനിക്ക് തോന്നിയിട്ടില്ല 

3. റവ ഉണ്ടാക്കാനുപയോഗിക്കുന്ന വെള്ളത്തിന്റെ കണക്കു മനസിലാക്കുക 

 റവ + അനുബന്ധികൾ (വെജിടബില്സ്, തേങ്ങ) = വെള്ളം എന്ന അനുപാതം ഓർത്തു വെക്കുക 

 ഉദാഹരണത്തിന് 1:1 എന്ന കണക്കു ഓർക്കുക
 വെള്ളം ഇപ്പോഴും റവയുടെ മുകളിൽ നില്ക്കണം 

4. ഉപ്പു 
 റവ ഉണ്ടാക്കുന്ന വെള്ളത്തിൽ ഉപ്പു ചേർക്കുമ്പോൾ ഉപ്പുരസം മുന്നിട്ടു നില്ക്കണം.
ഒരു പാത്രത്തിൽ അല്പം ഉപ്പു നീര് കലക്കി വെച്ചാൽ പോരാത്ത ഉപ്പു തളിച്ച് ചേർത്ത് ഉപ്പുമാവ് ഒന്ന് കൂടി ഇളക്കി ചേർത്ത് ചെറുതീയിൽ മൂടി വെച്ച് ആവി കയറ്റി മയപ്പെടുത്താം 

 ഇനി പടത്തിൽ കാണുന്ന രീതിയിൽ ഉപ്പുമാവ് ഉണ്ടാക്കി എല്ലാരും ഒന്ന് കാണിച്ചേ 

 റവ - 1 കപ്പ്‌ (വറുത്തത്)

അനുബന്ധികൾ - 1 കപ്പ്‌ (താഴെ നോക്കുക)
ബീൻസ്‌ അരിഞ്ഞത് - 2 ടേബിൾ സ്പൂണ്‍ 
 കാരറ്റ് അരിഞ്ഞത് - 2 ടേബിൾ സ്പൂണ്‍ 
 സവാള നുറുക്കിയത് - 2 ടേബിൾ സ്പൂണ്‍ 
 കാപ്സികം അരിഞ്ഞത് - 2 ടേബിൾ സ്പൂണ്‍ 
 തേങ്ങ ചിരവിയത് - 4 ടേബിൾ സ്പൂണ്‍ 
 പച്ചമുളക് - 2 എണ്ണം നേർമയായി അരിഞ്ഞത് 

 വെള്ളം - 2 കപ്പ്‌ 
 ഉപ്പു - 1.5 ടി സ്പൂണ്‍ (ഉപ്പു കുറച്ചു വേണ്ടവർ ശ്രദ്ധിക്കുക)

എണ്ണ - 2 ടേബിൾ സ്പൂണ്‍ 
 കടുക് - 1/2 ടി സ്പൂണ്‍ 
 ഉഴുന്ന് - ആഡംബരം വേണേൽ 
 വറ്റൽ മുളക് - സൗന്ദര്യം വേണേൽ 
 കറിവേപ്പില - ഇല്ലാതെ ഒരു തരോമില്ല (രണ്ടു കതിർ - വലുത് ഒരു കതിർ)
ഇഞ്ചി - ഉണ്ടെന്നു ഇടയ്ക്കിടയ്ക്ക് അറിയാൻ മാത്രം (1/4 ടി സ്പൂണ്‍)
മല്ലിയില - കൂടുതൽ രുചി വേണേൽ (1 ടേബിൾ സ്പൂണ്‍ അരിഞ്ഞത്)

ഒരു ചീനച്ചട്ടി അടുപത്ത് വച്ച് എണ്ണ ഒഴിച്ച് കടുകും സിൽബന്ധികളെയും മൂപ്പിച്ചു കഴിഞ്ഞാൽ കറിവേപ്പില മൂപ്പിച്ചു അതിലേക്കു ഉള്ളി + ഇഞ്ചി + പച്ചമുളക് എന്നിവ ഇട്ടു വഴറ്റുക.

ഇനി ഇതിലേക്ക് പച്ചകറികളും ഉപ്പും ചേർത്ത് വഴറ്റി ഒന്ന് വാടുമ്പോൾ വെള്ളം ചേർക്കുക. പിറകെ തേങ്ങ ചിരണ്ടിയതും ഇട്ടു വെള്ളം തിളപ്പിക്കുക - തേങ്ങയുടെ ചാറ് ഇറങ്ങട്ടെ - ഇനി മല്ലിയില കൂടി ചേർക്കുക 

 ഉപ്പു നോക്കണം 

 ഇനി റവ കുറേശ്ശെ തൂവി കയില് കൊണ്ട് ഇളക്കി ചേർത്ത് കൊണ്ടിരിക്കുക.

റവ മുഴുവൻ വീണു കഴിഞ്ഞാൽ വെള്ളം റവയുടെ മുകളിൽ നില്ക്കും. 
ഇപ്പോൾ വെള്ളം റവ തിളച്ചു പുറത്തേക്കു തെറിക്കാൻ തുടങ്ങും - തീ കുറയ്ക്കുക. 

റവ ഇളക്കി കൊണ്ടും ഇരിക്കുക 

 വെള്ളം വറ്റി വരുന്ന നേരത്ത് ഉപ്പു നോക്കുക - പോരാത്തത് ഉപ്പുനീര് തളിച്ച് ചേർക്കുക.
വെള്ളം തീര്ത്തും തോർന്നാൽ ചെറു തീയിൽ അടച്ചു വെച്ച് ആവി കയറ്റുക 

 ശേഷം തീ അണച്ച് ഉപ്പുമാവു ഉടച്ചു എടുക്കുക 

 കടല കറി ആരും നോക്കേണ്ട.

Enjoy!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم