ദി റ്റയിമിങ്ങ് ഓഫ് ദി ഷ്രിയു
അറിയില്ലേ - ഷയിക്സ്പീരിയൻ ഡ്രാമ
അത് പോലെയാണ് മീൻ - ഓരോ മീനിനേം മെരുക്കി രുചികരമായി പാകം ചെയ്യാൻ മനസ്സിലാക്കണം
By: Sherin Mathew
ഏതൊക്കെ മീൻ എന്തൊക്കെ രീതിയിൽ വറുക്കണം എന്നൊരു ധാരണയുള്ളത് നല്ലതാണ്
എന്നും ഒരേ രീതിയിൽ മീൻ വറുക്കുന്നത് മടുപ്പ് ഉണ്ടാകും. മാത്രവുമല്ല എല്ലാ മീനുകൾക്കും ചില മസാലകൾ ചേരുകയും ഇല്ല. ഉദാഹരണത്തിന് നെത്തോലി ആരും ഇഞ്ചി വെളുത്തുള്ളി കറിവേപ്പില കുരുമുളക് അരച്ച് ചേർത്ത് മിനക്കെടാറില്ല - അതിനു വെറും മഞ്ഞളും മുളകും ഉപ്പും മാത്രം മതി - നല്ല വെളിച്ചെണ്ണയിൽ വറുത്തു കോരി എടുക്കണം - വറുത്ത പൊടി മേലെ തൂവണം.
വ്യത്യസ്തങ്ങളായ മസാലകൾ ഊണ് മേശയിൽ ഒരു ഉണർവ്, കൗതുകം എന്നിവ ഉണ്ടാക്കും
നെയ്യുള്ള മീനുകൾ - മത്തി, നെയ്മീൻ, പിന്നെ നല്ല ദശകട്ടിയുള്ള ആയിരംപല്ലി കാളാഞ്ചി, കറുത്ത ആവോലി എന്നിവ മുളക്, മഞ്ഞൾ എന്നിവയ്ക്ക് പുറമേ അല്പം കുരുമുളക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില ചേർത്ത് അരച്ച് പുരട്ടി വെച്ചിട്ട് വറുക്കണം - ഇഞ്ചി വെളുത്തുള്ളി കൂട്ടിന്റെ രുചി മുന്നിൽ നില്ക്കണം
മത്തി, ചെറിയ ചാള, ചെറിയ അയല, എന്നിങ്ങനെ ചെറു മീനുകൾക്ക് കുരുമുളകിന്റെ രുചി നന്നായി വേണം. മുള്ളുള്ള ചെറിയ മീനുകളും ഇങ്ങനെ തന്നെ വറുക്കണം - പരവ, പരൽ പോലുള്ളവ
തിലോപ്പിയ/ഫിലോപ്പിയ, കരിമീൻ എന്നിവ പച്ചകുരുമുളക് ചേർത്ത് അരച്ച് പുരട്ടുന്നത് നല്ലതാണ് - ആറ്റുമീൻ/ കായൽമീൻ എന്നിവ ചേറുച്ചുവക്കാതിരിക്കാൻ കൂടുതൽ കുരുമുളക് ചേർത്ത് അരപ്പ് അരക്കുന്നു.
മത്തിയും ചാളയും അയലയും മറ്റും പച്ചമുളക് അരച്ച് ചേർത്ത് വറുക്കുന്നത് നല്ലതാണ്
ചില തുണ്ടൻ മീനുകൾ തേങ്ങ, മല്ലി മുളക് മഞ്ഞൾ വാളൻപുളി, ഗരം മസാല എന്നിവ അരച്ച് പുരട്ടി വറുക്കാറണ്ട്
ദശയുള്ള മീനുകളുടെ അരപ്പിൽ എരിവു കൂടുതൽ ഉപയോഗിക്കണം - മീൻ പുരട്ടുന്നതിനു മുന്നേ മീൻ കഷണങ്ങൾ ഉപ്പും മഞ്ഞളും പുരട്ടി വെക്കണം - എന്നാൽ മീനിന്റെ ദശയിൽ ഉപ്പു പിടിച്ചു രുചി കൂടും.
തേങ്ങ, ജീരകം, പച്ചമുളക് മല്ലിയില വാളൻപുളി എന്നിവയും ഒരു രീതിയാണ്‌ - വെളുത്ത ആവോലി ഇങ്ങനെ പുരട്ടി രവയിൽ മുക്കി വറുക്കുന്നത് ഗോവ മാന്ഗലോർ എന്നിവടങ്ങളിൽ വളരെ പ്രസിദ്ധമാണ് - കാസർകോടും
പച്ചമുളക്, പച്ചവലാന്പുളി, കൊച്ചുള്ളി ഉപ്പു മഞ്ഞൾ കറിവേപ്പില എന്നിവ ചേർത്ത് ചെറിയ അയല, അയല കിരിയാൻ എന്നിവ വറുക്കാറണ്ട്.
കിളിമീൻ പോലുള്ള മീനുകൾ വെറും ഉപ്പും തരുതരുപ്പായി പൊടിച്ച കുരുമുളകും മാത്രം പുരട്ടി വറുക്കാറണ്ട്
വങ്കട, ചൂര, വലിയ അയല (കറുത്ത ദശയുള്ള മീനുകൾ) എന്നിവ വെറും മുളക്പൊടി, മഞ്ഞൾ കുരുമുളക്പൊടി ഉപ്പു എന്നിവ തൂവി പൊതിഞ്ഞു വച്ച ശേഷം വെളിച്ചെണ്ണയിൽ വറുക്കുന്നത് നല്ല രുചിയാണ്
വെളുത്തുള്ളിക്ക് പകരം കൊച്ചുള്ളി അരക്കുന്ന രീതി ഉണ്ട്.
മുളക് മഞ്ഞൾ കുരുമുളക് കൊച്ചുള്ളി പെരുംജീരകം ഉപ്പു ഇത്രയും നന്നായി അരച്ച് പുരട്ടി വെച്ച് വറുക്കുന്നത് മറ്റൊരു രീതി - ചൂര, വലിയ അയല, വങ്കട, എന്നിവ ഇങ്ങനെ വറുക്കാൻ നല്ലതാണ്
കേരളം വിട്ടു കഴിഞ്ഞാൽ നമ്മുടെ മീൻ വറപ്പ് സങ്കല്പ്പങ്ങളൊക്കെ കീഴ്മേൽ മറിച്ചു കൊണ്ട് നമ്മുക്ക് ഒരിക്കലും ആലോചിക്കാൻ വയ്യാത്ത ചേരുവകൾ മീനിൽ ചേർക്കുന്നത് കാണാം - ഉദാഹരണത്തിന് ചെറിയ ജീരകം.
ബെന്ഗാൽ വരെ എത്തിയാൽ പിന്നെ വെറും മഞ്ഞളും (മഞ്ഞൾ എന്ന് പറഞ്ഞാൽ 1 അയലക്ക് ഒരു സ്പൂണ്‍ മഞ്ഞൾ വരെ) ഉപ്പും മാത്രം മതി അരപ്പിനു
ഇനി നിങ്ങൾക്കറിയാവുന്ന മറ്റു രീതികൾ കൂടി പറഞ്ഞു തരണേ
ഈ മീൻ വറുത്തതിന്റെ മസാല തീരെ നിസ്സാരം
6 കഷണം മീൻ (ചൂരയാണ്)
1 ടി സ്പൂണ്‍ കുരുമുളക്
6-8 കൊച്ചുള്ളി
1/2 ടി സ്പൂണ്‍ പെരുംജീരകം
1 ടി സ്പൂണ്‍ മുളക്പൊടി
1/4 ടി സ്പൂണ്‍ മഞ്ഞള്പൊടി
ഉപ്പു
ഇത്രയും (കുരുമുളക് തരുതരുപ്പായി) അരച്ച്പുരട്ടി 30 മിനിറ്റ് ഫ്രിജിൽ വച്ച ശേഷം വെളിച്ചെണ്ണയിൽ വറുത്തു കോരി
Enjoy!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم