നമ്മുടെയൊക്കെ ചില കുട്ടികൾ വാശി പിടിക്കും, "വഴുതനങ്ങ വേണ്ട, വെണ്ടയ്ക്ക വേണ്ട, കോളി ഫ്ലവർ വേണ്ട എന്നൊക്കെ അല്ലേ? ചില പച്ചകറികളുടെ വഴു വഴുപ്പോ അല്ലെങ്കിൽ മറ്റു ചില കാരണങ്ങളോ ആവാം. ഈ തരത്തിലുള്ള പിള്ളേരെ പറ്റിക്കാൻ ചില വേറിട്ട രീതികളിൽ അതെ പച്ചകറി തന്നെ പാകം ചെയ്യാം. അപ്പൊ കാണാം മിടുക്കരായി കുട്ടികൾ അവ കഴിക്കുന്നത്‌.

പണ്ടു മുതലേ കോളി ഫ്ലവർ (മൊട്ട കൂസ്) ഒരു വേറിട്ട പച്ചകറിയായിട്ടാണ് കണ്ടിരുന്നത്‌. ഇവനെ കുറച്ചു വ്യതസ്തമായി പരീക്ഷിച്ചാലോ? കോഴി മുട്ടയോടൊപ്പം? നല്ല ചൂട് ചപ്പാതിക്കൊപ്പമോ അല്ലെങ്കിൽ ബ്രെടിനോപ്പമോ ഇവനെ അകത്താക്കാം. നല്ല എരിവുള്ള സൂപ്പർ ഹിറ്റ്‌ "കോളി ഫ്ലവർ എഗ്ഗ് മിക്സ്‌" അവനോടൊപ്പം നല്ല ചൂടുള്ള ചായ, എന്നിട്ട് ആ ചൂടും, എരിവും ഒന്ന് ശരിക്കും എന്ജോയ്‌ ചെയ്യുക.
By: Krishna Kumar Varma


- കോളി ഫ്ലവർ ആവശ്യത്തിനു കഴുകി വൃത്തിയാക്കി അരിഞ്ഞത് (ഒരു കപ്പ്)
- സവാള ചെറുതായി അരിഞ്ഞത് രണ്ടെണ്ണം
- കാപ്സികം (പല നിറങ്ങളിൽ) അരിഞ്ഞത് അര കപ്പ്
- കരുവേപ്പില
- ജിഞ്ചർ ഗാർലിക് പേസ്റ്റ് (അര ടീസ്പൂണ്‍)
- മുളക് പൊടി (1 ടീസ്പൂണ്‍), മല്ലി പൊടി (1 ടേബിൾ സ്പൂണ്‍), മഞ്ഞൾ പൊടി (ഒരു നുള്ള്) (ചൂടാക്കി മാറ്റിവച്ചത്)
- കുരുമുളക് പൊടി
- കോഴി മുട്ട 1

ചൂടായ എണ്ണയിലേക്ക് ജിഞ്ചർ ഗാർലിക് പേസ്റ്റ്, കരുവേപ്പില, സവാള, കാപ്സികം എന്നിവ ചേർത്ത് നന്നായി വഴറ്റുക. എല്ലാം ഒന്ന് ചുവന്നു കഴിഞ്ഞാൽ, ഉപ്പ്, ചൂടാക്കി മാറ്റി വച്ച മസാല കൂട്ട് എന്നിവ ചേർത്ത് നന്നായി ഇളക്കി, അര കപ്പ് വെള്ളം ഒഴിക്കുക. മിശ്രിതം നന്നായി ചേർന്ന് കഴിഞ്ഞാൽ, അരിഞ്ഞു വച്ച കോളി ഫ്ലവർ ചേർത്ത് ഇളക്കി അടച്ചു വക്കുക.

15 മിനിട്ട് കഴിഞ്ഞാൽ വെള്ളം വറ്റി ഡ്രൈ ആയി കഴിഞ്ഞാൽ, മധ്യ ഭാഗത്തായി ഒരു കോഴി മുട്ട പൊട്ടിച്ചു ഒഴിക്കുക. നന്നായി ഇളക്കി വെന്ത കോളി ഫ്ലവർ നൊപ്പം മിക്സ്‌ ചെയ്യുക. കുരു മുളക് ചേർത്ത് നന്നായി മിക്സ്‌ ചെയ്തതിനു ശേഷം വാങ്ങി വക്കുക.

(ഇതൊക്കെ മ്മടെ ഓരോ നമ്പർ അല്ലേ കോയാ.....ഇങ്ങള് ബേജാർ ആവാണ്ട് കൈ കഴുകി കുത്തിരിക്കിൻ, നല്ല ചപ്പാത്തിയോ, ബ്രടോ, അല്ലെങ്കിൽ പത്തിരിയോ ഉണ്ടെങ്കിൽ, ഇവനേം കൂടി മ്മക്ക് ഒരു പിടി പിടിക്കാ ന്താ?)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم