മൈസൂര്‍ പാക്

ചേരുവകള്‍

1. കടലമാവ് – 1 കപ്പ്
2. നെയ്യ് – 1 1/4 കപ്പ്
3. റിഫൈന്‍ഡ് ഓയില്‍ – 3/4 കപ്പ്
4. പഞ്ചസാര – 2 കപ്പ്
5. വെള്ളം – 1/2 കപ്പ്
6. ചൂടുള്ള എണ്ണ — 2 ടീസ്പൂണ്‍

പാകം ചെയ്യുന്നവിധം

1. കടലമാവിലേക്ക് രണ്ടു ടീസ്പൂണ്‍ ചൂടുള്ള റിഫൈന്‍ഡ് ഓയില്‍ ഒഴിച്ചിളക്കി ഇത് അരിപ്പയിലൂടെ അരിച്ചെടുക്കുക.

2. മൈസൂര്‍ പാക് ഒഴിച്ച് നിരത്തുവാനുള്ള ട്രേ നെയ്യ് പുരട്ടി മയപ്പെടുത്തിവയ്ക്കുക.

3. നെയ്യും റിഫൈന്‍ഡ് ഓയിലും നന്നായി ചൂടാകുന്നതുവരെ അടുപ്പില്‍വയ്ക്കുക.

4. വേറൊരു വലിയ പാത്രത്തില്‍ പഞ്ചസാരയും വെള്ളവും ചൂടാക്കുക.

5. പഞ്ചസാര അലിഞ്ഞുകഴിയുമ്പോള്‍ ചെറുതീയില്‍വച്ച് ഇളക്കുക.

6. അടുത്തായി ഒരു കപ്പില്‍ കുറച്ചു വെള്ളം എടുത്തുവയ്ക്കുക. ഇത് ഒറ്റനൂല്‍ പാകം കണ്ടുപിടിക്കാനാണ്. ഇതില്‍ പഞ്ചസാര സിറപ്പ് ഒരു തുള്ളി ഒഴിച്ചാല്‍ ഉടന്‍തന്നെ അടിയില്‍ ഒരു ഗോളമായി അടിയും. ഇതിന് ഏകദേശം 10 മിനിറ്റ് എടുക്കും.

7. സോഫ്റ്റ് ബോള്‍ കണ്‍സിസ്റ്റന്‍സി ആയി കഴിയുമ്പോള്‍ അരിപ്പയില്‍ അരിച്ചുവച്ചിരിക്കുന്ന കടലമാവ് കുറെശ്ശ ഇട്ടുകൊടുത്തുകൊണ്ട് ഇളക്കിക്കൊണ്ടിരിക്കണം ഇതു കട്ടകെട്ടാതിരിക്കാനാണ്.

8. കടലമാവ് മുഴുവനും ഷുഗര്‍ സിറപ്പിലിട്ട് കഴിയുമ്പോള്‍ ചൂടാക്കിക്കൊണ്ടിരിക്കുന്ന നെയ്യ്-ഓയില്‍ മിശ്രിതം കുറേശ്ശ ഇതിലേക്ക് ഒഴിക്കുകയും ഇളക്കുകയും ചെയ്യുക.

9. ഈ നെയ്യ്-ഓയില്‍ മിശ്രിതം മുഴുവനും ഈ കടലമാവ് വലിച്ചെടുക്കുന്നു.

10. ഇളക്കല്‍ തുടര്‍ന്നുകൊണ്ടിരിക്കുക. ഇതു പതഞ്ഞുവന്നുകൊണ്ടിരിക്കും.

11. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ മിശ്രിതം പാത്രത്തിന്റെ വശങ്ങളില്‍നിന്നും വിട്ടുപോരുന്നതായി കാണാം.

12. ഈ സമയത്ത് അടുപ്പില്‍നിന്നും മാറ്റി നേരത്തെ തയ്യാറാക്കിവച്ചിരിക്കുന്ന ട്രേയിലേക്കു നിരത്തി ഒഴിക്കുക. മൂന്നുനാലു മിനിട്ടിനുള്ളില്‍ ഇതു കഷണങ്ങളാക്കി മുറിക്കുക.

13. തണുത്തശേഷം ട്രേയില്‍നിന്നും മാറ്റി എയര്‍ ടൈറ്റ് ആയിട്ടുള്ള പാത്രത്തില്‍ സൂക്ഷിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم