റവ കൊണ്ടൊരു കള്ളപ്പം 

സമർപ്പണം: 

അരിപൊടി കൊണ്ട് കള്ളപ്പം ഉണ്ടാക്കി വിധിക്ക് കീഴങ്ങിയവർക്കായി 

കഴിഞ്ഞ ആഴ്ചയാണ് Lejoy എനിക്ക് ഒരു മെസ്സജ് അയച്ചത് -
"ചേച്ചി, ഇത് ഒന്ന് ഉണ്ടാക്കി നോക്കണേ - ഞാൻ കണ്ടു പിടിച്ചതാണ്" (ങ്ങേ പണി പാളിയോ??)
നല്ല സോഫ്റ്റ്‌ അപ്പമാണ്. എന്റെ പിള്ളേർക്ക് വല്യ ഇഷ്ടമാണ് (ഹാവൂ, സമാധാനമായി - കുഴപ്പമില്ല, പിള്ളാരാണല്ലോ അവസാന വാക്ക് - ആശാവഹം! ആശാവഹം!)

2 കപ്പ്‌ റവ + കുറച്ചു തേങ്ങ (ഞാൻ രണ്ടു പിടി അങ്ങ് തട്ടി) + യീസ്റ്റ് (1/4 ടി സ്പൂണ്‍ ഇട്ടു) + 1 മുട്ട (മുട്ട വേണ്ടാത്തവർ ഒരു പിടി ചോറ് ഇട്ടോളൂ) + പഞ്ചസാര (ഞാൻ 4 ടേബിൾ സ്പൂണ്‍ ഇട്ടു) + കൊച്ചുള്ളി (3-4 എണ്ണം) + ജീരകം (1/4 ടി സ്പൂണ്‍ ഞാൻ ചേർത്ത്) - ഇതെല്ലം കൂടി അരച്ച് 5-6 മണിക്കൂർ വച്ചിട്ട് ദോശകല്ല്‌ അടുപ്പത് വെച്ച് അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് നിന്ന് അങ്ങ് ചുടുക.

ടിപ്: മാവ് രാവിലെ കലക്കുമ്പോൾ ഒരു നുള്ള് ഉപ്പു ചേർത്ത് കലക്കി ഒരു അരമണിക്കൂർ കൂടി വെച്ചോളൂ - നന്നായി പൊങ്ങി വരും - മൃദുവുമായിരിക്കും.

ഇനി ആ ഇരിക്കുന്ന മുട്ടക്കറി നിങ്ങളെല്ലാവരും കണ്ണ് വെച്ചു എന്നെനിക്കറിയാം - ഇന്നാ റെസിപി

ഇത് ഒരു തമിഴ് രീതി ആണ്.

രണ്ടു സവാള കുനുകുനെ അരിഞ്ഞു എടുക്കുക
ഒരു കട്ടിയുള്ള പാത്രം അടുപ്പത് വച്ച് അതിലേക്കു എണ്ണ ഒഴിക്കുക (ഞാൻ 3 ടേബിൾ സ്പൂണ്‍ ഒഴിച്ചു)
ഒരു നുള്ള് ഉലുവ മൂപ്പിച്ചു കടുകും പൊട്ടിച്ചു അതിലേക്കു സവാള + ഉപ്പു ചേർത്ത് വഴറ്റുക, ഒരു കതിർപ്പ് കറിവേപ്പില കൂടി ചേർത്തോളൂ

ഇത് നല്ലപോലെ വഴലട്ടെ, ഇളം ഗോൾഡൻ നിറമാവുന്ന വരെ - ആ സമയം നമ്മുക്ക് അടുത്ത പണികൾ ചെയ്യാം

ഒരു വലിയ തക്കാളി അല്ലെങ്കിൽ രണ്ടു മീഡിയം തക്കാളി എടുത്തു ചെറുതായി നുറുക്കുക

ഇഞ്ചി - നല്ല 1.5 ഇഞ്ച്‌ കഷണം
വെളുത്തുള്ളി - 6 എണ്ണം (ചെറിയതെങ്കിൽ അതനുസരിച്ച്)

വെവ്വേറെ ചതച്ചു എടുക്കുക
ഒരു പിടി ഫ്രോസൻ പട്ടാണി കഴുകി തയ്യാറാക്കി വെക്കുക

ഇപ്പോൾ ഉള്ളി വഴന്നല്ലോ - അതിലേക്കു ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് പച്ചമണം മാറേ വഴറ്റുക.

ഇനി ഒരു ടേബിൾ സ്പൂണ്‍ മല്ലിപൊടി + 1/2 ടേബിൾ സ്പൂണ്‍ മുളക്പൊടി + 1/4 ടി സ്പൂണ്‍ മഞ്ഞള്പൊടി എന്നിവ ചേർത്ത് കരിയാതെ മൂപ്പിക്കുക. കൂടെ 1/2 ടി സ്പൂണ്‍ കുരുമുളക്പൊടി കൂടി ചേർക്കുക.

ഇനി ഇതിലേക്ക് തക്കാളി നുറുക്കിയത് ചേർത്ത് യോജിപ്പിക്കുക. തക്കാളി നയന്നാൽ പട്ടാണി പയർ ചേര്ക്കാം.

ഇത് ഒന്ന് നന്നായി മസാലയുമായി ചേരാൻ 1/4 ടി കപ്പ്‌ വെള്ളം ഒഴിച്ച് ഒന്ന് തിളച്ചു എണ്ണ തെളിയാൻ അനുവദികുക.

ഇനി ഇതിലേക്ക് 1 ടി സ്പൂണ്‍ പെരുംജീരകം പൊടിച്ചത് ചേർത്ത് ഇളക്കി യോജിപ്പിക്കുക.

4 പച്ചമുളക് (പിഞ്ച് നോക്കി എടുക്കുക) നെടുകെ കീറിയതും ഒരു കതിർ കറിവേപ്പില ഊരിയതും + 1 ടേബിൾ സ്പൂണ്‍ മല്ലിയ അരിഞ്ഞതും ചേർത്ത് ഇളക്കി ഉടൻ തന്നെ തീ ഓഫാക്കുക. ഇതിലേക്ക് വരഞ്ഞ മുട്ട ചേർത്ത് മസാല പൊതിഞ്ഞു വെക്കുക

മുട്ട റോസ്റ്റ് തയ്യാർ

(എന്റെ പിള്ളേരെ എന്റെ വീട്ടില് എനിക്ക് ഒരു കെട്ടിയോനും ഒരു മോളുമേ ഉള്ളൂ - അംഗസംഖ്യ + അംഗബലം അനുസരിച്ച് മേലത്തെ കണക്കു ഒന്ന് ഗുണിച്ചോ കേട്ടോ)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم